കഴിഞ്ഞ ദിവസം ഐഎസ്എസ് കാണാന്‍ കഴിയാതിരുന്നവര്‍ക്ക് ഇതാ സുവര്‍ണാവസരം, അന്താരാഷ്ട്ര ബഹിരാകാശ നിലയം ബുധനാഴ്‌ച പുലര്‍ച്ചെ കേരളത്തിന് മുകളിലൂടെ കടന്നുപോകും

തിരുവനന്തപുരം: ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള 11 സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) നാളെ പുലര്‍ച്ചെ കേരളത്തില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാം. 9-ാം തീയതി പുലര്‍ച്ചെ 5.50 മുതല്‍ 5.57 വരെയാണ് വടക്ക് പടിഞ്ഞാറ് ദിശയില്‍ ബഹിരാകാശ നിലയം പ്രത്യക്ഷപ്പെടുക. മഴ മാറിനിന്നാല്‍ ഐഎസ്എസ് കേരളത്തില്‍ ദൃശ്യമാകും. ജൂലൈ ആറാം തീയതിയും അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആക്സിയം 4 ദൗത്യത്തില്‍ അംഗമായ ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയടക്കം 11 സഞ്ചാരികളാണ് നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്. ആക്സിയം ദൗത്യത്തിനായി ഭൂമിയില്‍ നിന്ന് പുറപ്പെട്ട മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരും ശുഭാംശുവിനൊപ്പം നിലയത്തിലുണ്ട്. സ്പേസ് എക്സ് ക്രൂ 10 ദൗത്യത്തില്‍പ്പെട്ട ആനി മക്ലൈന്‍, നിക്കേള്‍ അയേഴ്സ്, കിരിള്‍ പെസ്‌കോവ്, തകുയാ ഒനീഷി എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള മറ്റൊരു സംഘം. അതേസമയം, ഐഎസ്എസിലെ റഷ്യന്‍ മൊഡ്യൂളില്‍ മൂന്ന് കോസ്മോനട്ടുകളും കഴിയുന്നു.

ചിത്രം: അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന പാത

താഴ്ന്ന ഭൂ-ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ വലയം ചെയ്യുന്ന ഐഎസ്എസ് മണിക്കൂറിൽ 27,000 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഐഎസ്എസ് ഒരു ദിവസം 15.54 തവണ ഭൂമിയെ വലംവെക്കുന്നു. ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന്‍റെ വലിപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുണ്ട്. 4.5 ലക്ഷം കിലോഗ്രാമാണ് ഈ ബഹിരാകാശ നിലയത്തിന്‍റെ ഭാരം. സഞ്ചരിക്കുന്ന ഒരു വലിയ നക്ഷത്രം പോലെ തിളക്കത്തോടെയായിരിക്കും മഴമേഘങ്ങള്‍ മറച്ചില്ലെങ്കില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ കഴിയുക.

Asianet News Live | Malayalam News | Kerala News | ഏഷ്യാനെറ്റ് ന്യൂസ്