ജെയിംസ് വെബ് സൂരയൂഥത്തിന് പുറത്തുള്ള ഒരു എക്സോപ്ലാനറ്റിനെ നേരിട്ട് ചിത്രീകരിക്കുന്നത് ഇതാദ്യം
ലണ്ടന്‍: എക്സോപ്ലാനറ്റ് എന്ന് കരുതുന്ന ഒരു ഗ്രഹത്തിന്‍റെ ആദ്യ നേരിട്ടുള്ള ചിത്രം പകർത്തി നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST). TWA 7 നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന, ഏകദേശം ശനിയുടെ പിണ്ഡമുള്ള ഗ്രഹത്തിന്‍റെ ചിത്രമാണ് ജെയിംസ് വെബിലെ മിഡ്-ഇന്‍ഫ്രാറെഡ‍് ഇന്‍സ്ട്രമെന്‍റ് പകർത്തിയത്. TWA 7 b എന്ന് വിളിക്കപ്പെടുന്ന ഈ ഗ്രഹത്തിന്‍റെ പിണ്ഡം വ്യാഴത്തിന്‍റെ പിണ്ഡത്തിന്‍റെ ഏകദേശം 0.3 മടങ്ങ് മാത്രവുമാണ്.
TWA 7 b എക്സോപ്ലാനറ്റ്
സൗരയൂഥത്തിന് പുറത്തുള്ള TWA 7 ഗ്രഹത്തെ കുറിച്ചുള്ള പഠനം നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചു. TWA 7 b എന്ന് പേരിട്ടിരിക്കുന്ന ഈ എക്‌സോപ്ലാനറ്റ് സദൃശ്യ ബഹിരാകാശ വസ്‌തുവിന് ശനിയുടെ അതേ പിണ്ഡവും ഏകദേശം 120 ഡിഗ്രി ഫാരൻഹീറ്റ് താപനിലയും ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിന്‍റെ നക്ഷത്രത്തില്‍ നിന്ന് നിന്ന് ഏകദേശം 50 എയു അകലെയാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. TWA 7 b-യുടെ പിണ്ഡം, മുമ്പ് നേരിട്ടുള്ള ചിത്രത്തിൽ പകർത്തിയ ഏതൊരു എക്സോപ്ലാനറ്റിനേക്കാളും പത്തിരട്ടി കുറവാണ്. അതിനാല്‍, മുമ്പ് തിരിച്ചറിഞ്ഞ ഭീമൻ എക്സോപ്ലാനറ്റുകളേക്കാൾ പിണ്ഡം കുറവുള്ള ചെറിയ എക്‌സോപ്ലാനറ്റുകളെ പകര്‍ത്താന്‍ ജെയിംസ് വെബ് ടെലിസ്കോപ്പിനാകും എന്ന് ഇതിലൂടെ ഗവേഷകര്‍ തെളിയിക്കുകയാണ്. വ്യാഴത്തിന്‍റെ പിണ്ഡത്തിന്‍റെ 10 ശതമാനം വരെ ഭാരം കുറഞ്ഞ ഗ്രഹങ്ങളെ ഈ ബഹിരാകാശ ദൂരദർശിനി കണ്ടെത്തുമെന്ന് ഗവേഷകർ പറയുന്നു.
ജെയിംസ് വെബ് സൂരയൂഥത്തിന് പുറത്തുള്ള ഒരു എക്സോപ്ലാനറ്റിനെ നേരിട്ട് ചിത്രീകരിക്കുന്നത് ഇതാദ്യമാണ് എന്നും ഫലം അവിശ്വസനീയമാംവിധം ആവേശകരമാണ് എന്നും ഫ്രഞ്ച് നാഷണൽ സെന്‍റർ ഫോർ സയന്‍റഫിക് റിസർച്ചിലെ ഗവേഷകയും ജ്യോതിശാസ്ത്രജ്ഞയുമായ ആനി മേരി ലഗ്രാഞ്ച് പറയുന്നു. ഇത് എക്‌സോപ്ലാനറ്റാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ അത് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ ഗവേഷണത്തിലെ ചരിത്ര നിമിഷമാകും. സൗരയൂഥത്തിന് പുറത്തുനിന്ന് ഇത്രയും പിണ്ഡം കുറവുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുന്നതും ഇതാദ്യമാകും.
എന്താണ് TWA 7 നക്ഷത്രം?
TWA 7 എന്നത് ഭൂമിയില്‍ നിന്ന് 34 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു യുവ ചുവപ്പുകുള്ളന്‍ നക്ഷത്രമാണ്. സിഇ ആന്‍റിലേ എന്നൊരു പേര് കൂടി ഈ നക്ഷത്രത്തിനുണ്ട്. വെറും 6.4 മില്യണ്‍ വര്‍ഷത്തെ പ്രായമാണ് ഈ നക്ഷത്രത്തിന് കണക്കാക്കുന്നത്.

