ഇതൊരു യങ് സ്റ്റാര്‍ സിസ്റ്റമാണ്, എച്ച്‌ഡി 181327 നക്ഷത്രത്തിന് 23 ദശലക്ഷം വർഷം മാത്രമേ പ്രായമുള്ളൂ
ഭൂമിയിലെ ജീവന്‍റെയും ജലത്തിന്‍റെയും ഉദ്ഭവ രഹസ്യം കാലാകാലങ്ങളായി ശാസ്ത്രത്തിന് മുന്നിൽ കുരുക്കഴിയാതെ കിടക്കുകയാണ്. ഭൂമിയിൽ ജീവൻ എങ്ങനെ ഉത്ഭവിച്ചുവെന്നും, നമ്മുടെ ജലം എവിടെ നിന്നാണ് വന്നതെന്നും അനേകം സിദ്ധാന്തങ്ങള്‍ ശാസ്ത്രജ്ഞർ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. നമ്മുടെ സൗരയൂഥത്തിന്‍റെ വിദൂര ഭാഗങ്ങളില്‍ ജലം ഉണ്ടായിരുന്നു എന്നതാണ് ഇതിലെ പ്രധാനപ്പെട്ട ഒരു സിദ്ധാന്തം. ഈ സിദ്ധാന്തത്തിന് അനുകൂലമായ ശക്തമായ തെളിവുകള്‍ ഇപ്പോൾ ലഭിച്ചിരിക്കുകയാണ്.
അടുത്തിടെ, ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് നാസ ഗവേഷകരാണ് ഈ സിദ്ധാന്തത്തിന് വിശ്വാസ്യത നൽകുന്ന ഒരു വിപ്ലവകരമായ കണ്ടെത്തൽ നടത്തിയത്. ഭൂമിയിൽ നിന്ന് 155 പ്രകാശവർഷം അകലെയുള്ള HD 181327 എന്ന നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന അവശിഷ്‍ടങ്ങളുടെ ഒരു പാളിയിൽ ജലം തണുത്തുറഞ്ഞ അവസ്ഥയില്‍ ഉണ്ടെന്നാണ് ഈ കണ്ടെത്തൽ.
എച്ച്‌ഡി 181327 നക്ഷത്രത്തിന് 23 ദശലക്ഷം വർഷം മാത്രമേ പ്രായമുള്ളൂ എന്ന് സയൻസ് അലേർട്ടിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടില്‍ പറയുന്നു. അതായത്, ഏകദേശം 4.6 ബില്യൺ വർഷം പഴക്കം കണക്കാക്കുന്ന സൗരയൂഥവുമായി താരതമ്യപ്പെടുത്തുമ്പോൾ മേല്‍പ്പറഞ്ഞ നക്ഷത്രം വളരെ ചെറുപ്പമാണ്. ഈ സ്റ്റാർ സിസ്റ്റം ഇപ്പോഴും അതിന്‍റെ പ്രാരംഭ ഘട്ടത്തിലാണെന്ന് നാസ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഈ പഠനത്തിന്‍റെ മുഖ്യ ഗവേഷകൻ ചെൻ സീ പറഞ്ഞു. HD 181327 നക്ഷത്രത്തില്‍ ജെയിംസ് വെബ് ടെലിസ്കോപ്പ് ശീതീകരിച്ച രൂപത്തിലുള്ള വെള്ളവും സുതാര്യമായ മഞ്ഞുപാളിയും കണ്ടെത്തി. ശനിയുടെ ചുറ്റിലും നമ്മുടെ സൗരയൂഥത്തിലെ കൈപ്പർ ബെൽറ്റിലും കാണപ്പെടുന്ന ഇത്തരം ഐസ് ഒരു ഗ്രഹത്തിന്‍റെ രൂപീകരണത്തിന് പ്രധാനമാണെന്നും ചെൻ സീ വ്യക്തമാക്കുന്നു.
ജെയിംസ് വെബ് ടെലിസ്കോപ്പിന്‍റെ നിയർ-ഇൻഫ്രാറെഡ് സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ചാണ് ഗവേഷകർ HD 181327-ന് ചുറ്റും തണുത്തുറഞ്ഞ ഐസ് കണ്ടെത്തിയത്. ജല ഐസ് പ്രധാനമായും ഡെബ്രികളിലാണ് കണ്ടെത്തിയത്. അതിന്‍റെ പിണ്ഡത്തിന്‍റെ 20 ശതമനത്തിൽ അധികവും സ്നോബോളുകളുടെ രൂപത്തിൽ ഐസും സൂക്ഷ്‍മ പൊടിപടലങ്ങളും ചേർന്ന നിലയിലാണെന്ന് ഗവേഷകർ പറയുന്നു. നക്ഷത്രത്തോട് അടുക്കുന്തോറും ജലഹിമത്തിന്‍റെ അളവ് കുറഞ്ഞനിലയിൽ ആയിരുന്നു. നക്ഷത്ര കേന്ദ്രത്തിനടുത്ത് ഒട്ടുതന്നെ ഉണ്ടായിരുന്നില്ല. നക്ഷത്രത്തിന്‍റെ അൾട്രാവയലറ്റ് വികിരണത്തിൽ നിന്നുള്ള ബാഷ്‍പീകരണം മൂലമാകാം ഇങ്ങനെ ജലം കുറയുന്നതെന്ന് പഠനം പറയുന്നു.
നമ്മുടെ സൗരയൂഥത്തിലെ കൈപ്പർ ബെൽറ്റ് വസ്തുക്കളെക്കുറിച്ചുള്ള ദൂരദർശിനിയുടെ മറ്റ് സമീപകാല നിരീക്ഷണങ്ങളുമായി ഈ ഡാറ്റ സമാനമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യമെന്ന് സ്പേസ് ടെലിസ്കോപ്പ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ (എസ്ടിഎസ്സിഐ) അസോസിയേറ്റ് ജ്യോതിശാസ്ത്രജ്ഞയും പ്രബന്ധത്തിന്‍റെ സഹ രചയിതാവുമായ ക്രിസ്റ്റീൻ ചെൻ പറഞ്ഞു.

