Asianet News MalayalamAsianet News Malayalam

ആകാശ സീമ കടന്ന ആദ്യ ഇന്ത്യൻ വനിത: കൽപനാ ചൗളയുടെ ഓർമകൾക്ക് 20 വയസ്

റിക് ഹസ്‌ബന്റ്, വില്യം മക്‌കൂൽ, മൈക്കൽ ആന്റേർസൺ, കൽപന ചൗള, ഡേവിഡ് ബ്രൗൺ, ലോറൽ ക്ലാർക്, ഇലൻ രമോൻ എന്നീ ഏഴ് പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്

Kalpana Chawla 20th death anniversary
Author
First Published Feb 1, 2023, 9:19 AM IST

തിരുവനന്തപുരം: ബഹിരാകാശ പര്യവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന കല്‍പനാ ചൗളയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഇരുപത് വയസ്. കല്‍പനയടക്കം ഏഴ് ബഹിരാകാശ യാത്രികർക്കാണ് 2003ലെ കൊളംബിയ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. ദൗത്യത്തിന് ശേഷം ഭൂമിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ലോകം നടുങ്ങിയ ആ പൊട്ടിത്തെറി.

ബഹിരാകാശയാത്രകൾ അപകടം പിടിച്ചതാണെന്നും ഓരോ യാത്രയും അവസാനത്തേതാകാൻ സാധ്യതയുണ്ടെന്നും ലോകം ഒരുവട്ടം കൂടി തിരിച്ചറിഞ്ഞ കറുത്ത പകലായിരുന്നു അത്. റിക് ഹസ്‌ബന്റ്, വില്യം മക്‌കൂൽ, മൈക്കൽ ആന്റേർസൺ, കൽപന ചൗള, ഡേവിഡ് ബ്രൗൺ, ലോറൽ ക്ലാർക്, ഇലൻ രമോൻ എന്നീ ഏഴ് പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. ഏഴിലൊരാളെ ഇന്ത്യയെന്ന രാജ്യം എന്നുമോർക്കും.

സ്വന്തം മണ്ണിൽ ജനിച്ചൊരാളോടുള്ള കേവല സ്വജനപക്ഷപാതമല്ലത്. ആകാശ സീമ കടന്ന ആദ്യ ഇന്ത്യൻ വനിതയോടുള്ള വീരാരാധനയാണത്. ഹരിയാനയുടെ മകൾ ബഹിരാകാശം കീഴടക്കിയ കഥ, ഒരു തലമുറയുടെ സ്വപ്നങ്ങൾക്കാണ് നിറം പകർന്നത്. 1962ൽ ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപ്പന ആൺകുട്ടികളുടെ മാത്രം കുത്തകയായിരുന്നു എയറോനോട്ടിക്കൽ എഞ്ചിനിയറിംഗിൽ ബിരുദമെടുത്തു. വിമാനം പറത്താൻ പഠിച്ചു. വിദേശ രാജ്യത്ത് ഉപരിപഠനം നടത്തി. ഒരു അന്യരാജ്യക്കാരനെ വിവാഹം കഴിച്ചു. നാസയിൽ ജോലി നേടി. ബഹിരാകാശ യാത്രികയായി. പുതിയ കാലത്ത് പോലും വലിയൊരു വിഭാഗത്തിന് സ്വപ്നം പോലും കാണാൻ കഴിയാത്ത കാര്യങ്ങളാണ് എൺപതുകളിലും തൊണ്ണൂറുകളിലും കൽപ്പന യാഥാർത്ഥ്യമാക്കിയത്.

1997 നവംബറിൽ തന്‍റെ ആദ്യ ബഹിരാകാശ ദൗത്യത്തിലെ ഒരു ഉപഗ്രഹ വിക്ഷേപണവുമായി ബന്ധപ്പെട്ട് പഴി കേട്ടെങ്കിലും പ്രശ്നം കൽപ്പനയുടേതായിരുന്നില്ലെന്ന് നാസ അന്വേഷണത്തിൽ കണ്ടെത്തി. പിന്നെയൊരു വട്ടം കൂടി മാത്രമേ കൽപ്പന ബഹിരാകാശ യാത്ര നടത്തിയുള്ളൂ. ആ യാത്രയാണ് കൽപ്പനയുടെ ജീവനെടുത്തതും. കൊളംബിയ ദുരന്തം വലിയ മാറ്റങ്ങളുണ്ടാക്കി. സുരക്ഷ മാനദണ്ഡങ്ങൾ കൂടുതൽ കർശനമായി. 2004ൽ സ്പേസ് ഷട്ടിൽ പദ്ധതി തന്നെ അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം വന്നു. 2011ൽ സ്പേസ് ഷട്ടിലുകൾ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. പക്ഷേ കൽപ്പനയുടെ കഥ ഇന്നും ആവർത്തിക്കപ്പെടുന്നു. വലിയ സ്വപ്നങ്ങൾ കാണുന്നവർക്ക് പ്രചോദനമാകുന്നു.

Follow Us:
Download App:
  • android
  • ios