വീടിന്‍റെ മേല്‍ക്കൂര തകര്‍ത്ത് ഉല്‍ക്കാശില നിലത്ത് പതിച്ചിരുന്നു, ഇത് പഠന വിധേയമാക്കിയാണ് പ്രായം കണക്കാക്കിയത്
ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്ത് ഒരു വീടിന്‍റെ മേല്‍ക്കൂര തകര്‍ത്ത് ഉള്ളില്‍ പതിച്ച ഉല്‍ക്കാശിലയ്ക്ക് ഭൂമിയേക്കാള്‍ പഴക്കമെന്ന് സ്ഥിരീകരണം. ഇക്കഴിഞ്ഞ ജൂണ്‍ 26ന് പകല്‍ സമയമായിരുന്നു ഒരു ഉല്‍ക്കാശില അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ജ്വലനം ദൃശ്യമാക്കി, ഒടുവില്‍ അവശിഷ്‌ടങ്ങള്‍ ജോര്‍ജിയയിലെ ഒരു വീടിന് മുകളില്‍ പതിക്കുന്നതില്‍ അവസാനിച്ചത്. ഈ അവശിഷ്‌ടങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ച ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ ഉല്‍ക്കാശിലയുടെ പ്രായം ഭൂമിയേക്കാള്‍ കൂടുതലാണെന്ന് തിരിച്ചറിഞ്ഞത്. ഏകദേശം 4.56 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൃഷ്‌ടിക്കപ്പെട്ട ഉല്‍ക്കാശിലയാണിതെന്ന് ഗവേഷകര്‍ പറയുന്നു. അതായത്, ഭൂമിയേക്കാള്‍ ഏതാണ്ട് രണ്ട് കോടി വര്‍ഷങ്ങളുടെ പഴക്കം ജോര്‍ജിയയില്‍ പതിച്ച ഉല്‍ക്കാശിലയ്ക്കുണ്ട്.
ജൂണ്‍ 26ലെ ആകാശ വിസ്‌മയം
2025 ജൂണ്‍ 26നായിരുന്നു അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ പകല്‍വെട്ടത്തില്‍ ഞെട്ടല്‍ സമ്മാനിച്ച് ഉല്‍ക്കാജ്വാല ദൃശ്യമായത്. ഉല്‍ക്കാശിലയുടെ പതനം ഉപഗ്രഹ ചിത്രങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. പകല്‍ ഉല്‍ക്കാജ്വാല ദൃശ്യമാകുന്നത് അപൂര്‍വ സംഭവമായതിനാല്‍ ഇത് വലിയ ചര്‍ച്ചയായി. വലിയ സോണിക് ബൂമിന്‍റെ അകമ്പടിയോടെയായിരുന്നു ഉല്‍ക്കാജ്വാല ജോര്‍ജിയ, സൗത്ത് കരോലിന, നോര്‍ത്ത് കരോലിന, ടെന്നസി സംസ്ഥാനങ്ങളില്‍ ആകാശത്ത് ദൃശ്യമായത്. ഈ സംഭവത്തിന്‍റെ അനേകം വീഡിയോകള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ജൂണ്‍ 26ന് പകല്‍സമയം ഉല്‍ക്ക കണ്ടതായി നിരവധിയാളുകള്‍ അന്ന് അമേരിക്കന്‍ മെറ്റിയോര്‍ സൊസൈറ്റിയെ അറിയിച്ചിരുന്നു. പിന്നാലെ, സംഭവത്തിന്‍റെ കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും സാക്ഷിമൊഴികളും അമേരിക്കന്‍ മെറ്റിയോര്‍ സൊസൈറ്റി ശേഖരിച്ചിരുന്നു.
ഈ ഉല്‍ക്കാജ്വാലയ്ക്ക് പിന്നാലെ ജോര്‍ജിയയിലെ മക്‌ഡൊണാഫിലുള്ള ഒരു വീടിനകത്ത് തറയില്‍ പൊട്ടിച്ചിതറിക്കിടക്കുന്ന ശിലകളുടെ ചിത്രങ്ങളും പുറത്തുവരികയായിരുന്നു. വീടിന്‍റെ മേല്‍ക്കൂരയ്ക്കും സീലിങിനും കേടുപാടുകള്‍ സംഭവിച്ചതായി വീട്ടുടമ അന്നേദിനം ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്‌തു. അമേരിക്കയുടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ കണ്ട ഉല്‍ക്കാജ്വലനത്തെ കുറിച്ചും വീട്ടില്‍ പതിച്ച അതിന്‍റെ അവശിഷ്‌ടങ്ങളെ കുറിച്ചും ഗവേഷകര്‍ പിന്നാലെ പഠനങ്ങള്‍ ആരംഭിച്ചിരുന്നു. സാധാരണയായി ഉല്‍ക്കകള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ പൂര്‍ണമായും കത്തിയമരാറാണ് പതിവ്. അപൂര്‍വമായി മാത്രമേ വലുപ്പത്തിലുള്ള ബഹിരാകാശ പാറക്കഷണങ്ങള്‍ ഭൂമിയില്‍ പതിക്കാറുള്ളൂ. ജോര്‍ജിയയിലെ വീട്ടിനുള്ളില്‍ പതിച്ച ഉല്‍ക്കാശിലയ്ക്ക് മക്ഡൊണാഫ് ഉൽക്കാശില എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇതിനെ ശാസ്ത്രീയമായ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് പ്രായം ഗവേഷകര്‍ കണക്കാക്കിയത്.


