മീഥേൻ ഉദ്‌വമനത്തിന്റെ 20 ശതമാനത്തിനും കാരണം മനുഷ്യ ഇടപെടല്‍ മൂലം നടത്തുന്ന മണ്ണിട്ട് നികത്തലും മലിനജലവുമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. 

മുംബൈ: ഇന്ത്യയിലെ ഒരു മാലിന്യ കേന്ദ്രത്തിന് മുകളില്‍ ഹരിതഗൃഹ വാതകമായ മീഥേന്‍റെ മേഘം കാണപ്പെട്ടു. എമിഷൻ മോണിറ്ററിംഗ് സ്ഥാപനമായ ജിഎച്ച്എസ് സാറ്റ് ഐഎന്‍എസി (GHGSat Inc) എടുത്ത ചിത്രം ബ്ലൂംബെർഗ് ഗ്രീനാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോപ്പ് 27 ഉച്ചകോടി നടക്കുന്നതിനിടെ പുറത്തുവിട്ട എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണിത്.

ഓക്സിജന്‍റെ അഭാവത്തിൽ ഭക്ഷ്യ അവശിഷ്ടങ്ങൾ പോലുള്ള ജൈവവസ്തുക്കൾ വിഘടിക്കുമ്പോള്‍ ശക്തമായ ഹരിതഗൃഹ വാതകം സൃഷ്ടിക്കപ്പെടുന്നു. ഇതിന് കാരണമായ മാലിന്യക്കൂമ്പാരങ്ങൾ ഇന്ത്യയില്‍ ഉണ്ടെന്നാണ് ചിത്രം തെളിയിക്കുന്നത്. ഒപ്പം മീഥേൻ പോലുള്ള വിനാശകരമായ ഹരിതഗൃഹ വാതകങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്ന് ഈ കണ്ടെത്തൽ എടുത്തുകാണിക്കുന്നു.

നവംബർ 5 ന് ഉച്ചയ്ക്ക് 1:28 ന് മുംബൈയില്‍ നിന്നാണ് പ്രസ്തുത സാറ്റലൈറ്റ് ചിത്രം എടുത്തത്. മീഥേൻ മേഘത്തിന് കാരണമായ ഇന്ത്യയിലെ മാലിന്യ കൂമ്പാരം എന്നാണ് ജിഎച്ച്എസ് സാറ്റ് ഐഎന്‍എസി ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. മണിക്കൂറിൽ 1,328 കിലോഗ്രാം മീഥേൻ ഈ മാലിന്യ കൂമ്പാരം പുറന്തള്ളുന്നതായി കണക്കാക്കപ്പെടുന്നു. മോൺ‌ട്രിയൽ ആസ്ഥാനമായുള്ള ജിഎച്ച്എസ് സാറ്റ് ഐഎന്‍എസിയുടെ പഠനം പ്രകാരം ഇത്തരം മാലിന്യകൂമ്പാരങ്ങള്‍ ഹരിതഗൃഹ വാതകമായ മീഥേന്‍റെ സ്രോതസ്സാണ്. 

മീഥേൻ ഉദ്‌വമനത്തിന്റെ 20 ശതമാനത്തിനും കാരണം മനുഷ്യ ഇടപെടല്‍ മൂലം നടത്തുന്ന മണ്ണിട്ട് നികത്തലും മലിനജലവുമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. 

കാർബൺ ഡൈ ഓക്സൈഡിന്റെ 84 മടങ്ങ് ചൂടാക്കൽ ശക്തിയുള്ള ശക്തമായ ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനം വരുന്ന രണ്ട് ദശകത്തിനുള്ളില്‍ കുറയ്ക്കുന്നത് ഭൂമിയെ തണുപ്പിക്കാനുള്ള ഏറ്റവും വേഗതയേറിയതും ചെലവുകുറഞ്ഞതുമായ മാർഗ്ഗമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നത്.

മാലിന്യ സംസ്കരണ മേഖലയില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ തടയുന്നതിൽ പരാജയപ്പെടുന്നത് ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങളെ താളം തെറ്റിക്കും. ഭക്ഷ്യ അവശിഷ്ടങ്ങളും മറ്റ് ജൈവവസ്തുക്കളും മറ്റും മണ്ണിട്ട് നികത്തുന്നത് ഒഴിവാക്കേണ്ടതാണ്. മാലിന്യക്കൂമ്പാരങ്ങളും ഗ്യാസ് ക്യാപ്‌ചർ സംവിധാനങ്ങളും ഉപയോഗിച്ച് ഇത്തരം മാലിന്യ കൂമ്പാരങ്ങളുടെ ആഘാതം ലഘൂകരിക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

കേരളത്തിന്‍റെ ആകാശം കാണിച്ച് കെജ്രിവാളിനെതിരെ ബിജെപി

'സൂപ്പര്‍മാന്‍ ദില്ലിയില്‍ വന്നാലും ഇതാണ് അവസ്ഥ'; ദില്ലിയെ വായു ഗുണനിലവാരം, ട്രോളി സോഷ്യല്‍ മീഡിയ