ഓരോ വർഷവും ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏകദേശം 3.8 സെന്റിമീറ്റർ വീതം അകന്നുപോകുകയാണെന്ന് പുതിയ പഠനങ്ങൾ. ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ ബന്ധവും സമുദ്രത്തിലെ വേലിയേറ്റവുമാണ് ഇതിന് പ്രധാന കാരണം. ഈ പ്രതിഭാസം തുടർന്നാൽ ഭാവിയിൽ സമ്പൂർണ സൂര്യഗ്രഹണങ്ങൾ ഇല്ലാതായേക്കാമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

രോ വർഷവും ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നകന്നുപോകുകയാണെന്ന് ശാസ്ത്രജ്ഞർ. ഏകദേശം 3.8 സെന്റിമീറ്റർ (1.5 ഇഞ്ച്) വീതം ചന്ദ്രൻ അകലയുകയാണെന്നാണ് പുതിയ പഠനം പറയുന്നതെന്ന് സ്‍പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. കേൾക്കുമ്പോൾ വളരെ ചെറിയ മാറ്റമായി തോന്നുമെങ്കിലും നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ അത് വലിയ വ്യത്യാസമായി മാറുന്നു. അമേരിക്ക സ്വാതന്ത്ര്യം പ്രഖ്യാപിച്ച 1776-ൽ ഇന്നത്തേതിനേക്കാൾ ഏകദേശം 31 അടി (9.4 മീറ്റർ) കൂടുതൽ ഭൂമിയോട് അടുത്തായിരുന്നു ചന്ദ്രൻ എന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ന്യൂയോർക്കിലെ അഡിറോണ്ടാക്ക് സ്കൈ സെന്‍റർ ആൻഡ് ഒബ്സർവേറ്ററിയുടെ പ്രസിഡന്റ് സെത്ത് മക്‌ഗോവന്റെ വിശദീകരണം അനുസരിച്ച്, പ്രതിവർഷം ശരാശരി 3.8 സെന്റിമീറ്റർ എന്ന തോതിലാണ് ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നത് എന്ന് സ്‍പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. മനുഷ്യന്‍റെ നഖം വളരുന്ന വേഗത്തിന് സമാനമാണ് ഈ നീക്കമെന്നും സെത്ത് മക്‌ഗോവൻ പറയുന്നു. എന്നാൽ 250 വർഷത്തിനിടെ ഉണ്ടായ 31 അടിയുടെ വ്യത്യാസം ചന്ദ്രന്റെ ശരാശരി 3.84 ലക്ഷം കിലോമീറ്റർ ദൂരവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറുതാണ്. കൂടാതെ ചന്ദ്രന്റെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥം കാരണം ഓരോ മാസവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിൽ ഏകദേശം 43,000 കിലോമീറ്റർ വരെ സ്വാഭാവിക വ്യത്യാസം സംഭവിക്കാറുണ്ട്.

ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നതിനുള്ള പ്രധാന കാരണം ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ ബന്ധവും സമുദ്രത്തിലെ വേലിയേറ്റവുമാണ്. ഭൂമിയുടെ ഭ്രമണം ചന്ദ്രന്റെ ഭ്രമണത്തേക്കാൾ വേഗത്തിലായതിനാൽ സമുദ്രത്തിലെ വേലിയേറ്റം സൃഷ്‍ടിക്കുന്ന ഗുരുത്വബലം ചന്ദ്രനെ പതിയെ കൂടുതൽ ഉയർന്ന ഭ്രമണപഥത്തിലേക്ക് തള്ളുന്നു. ഇതോടൊപ്പം ഭൂമിയുടെ ഭ്രമണവേഗവും വളരെ ചെറിയ തോതിൽ കുറയുന്നുണ്ട്.

പണ്ട് ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗം

അതേസമയം 18-ആം നൂറ്റാണ്ടിൽ വെറും ആകാശക്കാഴ്ച മാത്രമായിരുന്നില്ല ചന്ദ്രൻ . വൈദ്യുതിയും ആധുനിക സമയമാപിനികളും ഇല്ലാതിരുന്ന 18-ആം നൂറ്റാണ്ടിൽ ചന്ദ്രൻ മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗം തന്നെ ആയിരുന്നു ചന്ദ്രനും ചന്ദ്രപ്രകാശവുമെല്ലാം. യാത്രകൾ ആസൂത്രണം ചെയ്യാനും കൃഷിപ്പണികൾ ക്രമീകരിക്കാനും വേലിയേറ്റ-വേലിയിറക്കങ്ങൾ മനസിലാക്കാനും കടൽയാത്രകൾ നടത്താനും സൈനിക നീക്കങ്ങൾ തീരുമാനിക്കാനുമൊക്കെ ചന്ദ്രപ്രകാശവും ചന്ദ്രക്കലകളും ആശ്രയിച്ചിരുന്നു. ചന്ദ്രോദയ-ചന്ദ്രാസ്‍തമയ സമയം, ഗ്രഹണങ്ങൾ, കാലാവസ്ഥാ സൂചനകൾ എന്നിവ ഉൾപ്പെടുത്തിയിരുന്ന കലണ്ടറുകൾ അന്നത്തെ ജനങ്ങളുടെ പ്രധാന വിവരസ്രോതസായിരുന്നു.

1776-ഓടെ ജ്യോതിശാസ്ത്രജ്ഞർക്ക് ചന്ദ്രനെക്കുറിച്ച് ശ്രദ്ധേയമായ അറിവുണ്ടായിരുന്നു. ഗലീലിയോയുടെ ദൂരദർശിനി നിരീക്ഷണങ്ങൾ ചന്ദ്രനിലെ പർവതങ്ങളും ഗർത്തങ്ങളും വെളിപ്പെടുത്തിയിരുന്നു. ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തം ചന്ദ്രന്റെ ഭ്രമണവും വേലിയേറ്റങ്ങളും വിശദീകരിക്കുകയും ചെയ്തു. എന്നാൽ ചന്ദ്രന്റെ മറുവശം, രൂപീകരണം, ഘടന എന്നിവയെക്കുറിച്ചുള്ള വ്യക്തമായ അറിവ് അന്നുണ്ടായിരുന്നില്ല.

പിന്നീട് അപ്പോളോ ദൗത്യങ്ങളിൽ ചന്ദ്രനിൽ സ്ഥാപിച്ച ലേസർ റെട്രോറെഫ്ലക്ടറുകൾ ഉപയോഗിച്ചാണ് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം അത്യന്തം കൃത്യതയോടെ അളക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞത്. ഈ പഠനങ്ങളിലൂടെയാണ് ചന്ദ്രൻ വർഷംതോറും ഭൂമിയിൽ നിന്ന് അകന്നുപോകുന്നതായി സ്ഥിരീകരിച്ചത്. ഈ പരീക്ഷണങ്ങൾ ഇന്നും തുടരുന്നുണ്ട്. ലക്ഷക്കണക്കിന് വർഷങ്ങൾക്കപ്പുറം ചന്ദ്രൻ കൂടുതൽ അകന്നാൽ ഭൂമിയിൽ നിന്ന് കാണുന്ന അതിന്റെ വലിപ്പം കുറയും. അതോടെ ഇന്ന് കാണുന്ന സമ്പൂർണ സൂര്യഗ്രഹണങ്ങൾ അവസാനിക്കുകയും ഭാവിയിൽ വളയ സൂര്യഗ്രഹണങ്ങൾ മാത്രമാകാനുള്ള സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.