2024 വൈആര്‍4 ഛിന്നഗ്രഹം 2032 ഡിസംബര്‍ 22ന് ചന്ദ്രനില്‍ ഇടിച്ചിറങ്ങുമോ എന്നതാണ് ചോദ്യം

കാലിഫോര്‍ണിയ: 2032ല്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ട് എന്ന് മുമ്പ് കരുതിയിരുന്ന 'സിറ്റി കില്ലര്‍' ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിച്ചിറങ്ങാനുള്ള സാധ്യത കൂടിയതായി നാസയുടെ പുതിയ പഠനം. ഒരു കെട്ടിടത്തിന്‍റെ വലിപ്പമുള്ള ബഹിരാകാശ പാറയായ 2024 വൈആര്‍4 ഛിന്നഗ്രഹം 2032 ഡിസംബര്‍ 22ന് ചന്ദ്രനില്‍ പതിക്കാനുള്ള സാധ്യത 3.8 ശതമാനത്തില്‍ നിന്ന് 4.3 ശതമാനമായി നാസ ഉയര്‍ത്തിയിരിക്കുകയാണ്.

2024 വൈആര്‍4 ഛിന്നഗ്രഹം 2032 ഡിസംബര്‍ 22ന് ചന്ദ്രനില്‍ ഇടിച്ചിറങ്ങുമോ എന്നതാണ് ചോദ്യം. ഈ ചിന്നഗ്രഹത്തെ ജെയിംസ് വെബ് ടെലിസ്‌കോപ്പിന്‍റെ സഹായത്തോടെ നാസയുടെ ജെറ്റ് പൊപ്പല്‍ഷ്യന്‍ ലബോററ്ററി നിരീക്ഷിച്ചുവരികയായിരുന്നു. ജെയിംസ് വെബ് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ഡോ. ആന്‍ഡി റിവ്‌കിന്‍ നയിക്കുന്ന സംഘം മെയ് മാസം തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ട് നാസ പുറത്തുവിട്ടു. ഈ ഛിന്നഗ്രഹം ചന്ദ്രനുമായി കൂട്ടിയിടിക്കാനുള്ള സാധ്യത നേരത്തെ കരുതിയിരുന്ന 3.8 ശതമാനത്തില്‍ നിന്ന് 4.3 ശതമാനമായി നാസ ഈ റിപ്പോര്‍ട്ടില്‍ ഉയര്‍ത്തി. 2025 ജൂണ്‍ മൂന്നിനാണ് നാസ പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കൂട്ടിയിടി സാധ്യത ഉയര്‍ത്തിയപ്പോഴും ഈ ഛിന്നഗ്രഹം ചന്ദ്രനില്‍ പതിക്കാന്‍ ഇപ്പോഴും വളരെ വിരളമായ സാധ്യതയേയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം.

2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിക്ക് നേരിയ ഭീഷണി ഉയര്‍ത്തുമെന്ന് നാസയിലെ ജ്യോതിശാസ്ത്രജ്ഞര്‍ മുമ്പ് കരുതിയിരുന്നു. അങ്ങനെ സിറ്റി കില്ലര്‍ ഛിന്നഗ്രഹം എന്ന പേരും ഇതിന് വീണു. എന്നാല്‍ 2032ല്‍ ഈ ഛിന്നഗ്രഹം ഭൂമിക്ക് വളരെ അടുത്തുകൂടെ കടന്നുപോയാലും നമ്മുടെ ഗ്രഹത്തിന് യാതൊരു ഭീഷണിയും സൃഷ്ടിക്കില്ല എന്ന അനുമാനത്തിലേക്ക് നാസ പിന്നീട് എത്തി. ഇതോടെ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത നാസ കുത്തനെ കുറച്ചു. ഭൂമിയില്‍ നിന്ന് വളരെ അകലെയാണ് നിലവില്‍ സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ ഭൂമിയിലെയോ ബഹിരാകാശത്തോ ഉള്ള ടെലസ്കോപ്പ് കൊണ്ട് 2024 വൈആര്‍4 ഛിന്നഗ്രഹത്തെ നിരീക്ഷിക്കുക സാധ്യമല്ല. എന്നാല്‍ 2028ല്‍ ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് നിരീക്ഷിക്കാന്‍ പാകത്തില്‍ സൂര്യനെ ചുറ്റും. അതോടെ വൈആര്‍4-ന്‍റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരും. 

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്