ന്യൂയോര്‍ക്ക്: ചൊവ്വയിലേക്ക് നിങ്ങളുടെ പേര് അയക്കാം. നാസയാണ് ഇതിന് അവസരം ഒരുക്കുന്നത്. നാസയുടെ അടുത്ത ചൊവ്വ ദൗത്യനൊപ്പം നിങ്ങളുടെ പേരും ചൊവ്വയിലേക്ക് അയക്കും. അതിനായി നാസ നല്‍കിയിരിക്കുന്ന ലിങ്കില്‍ കയറി പേര് റജിസ്ട്രര്‍ ചെയ്യണം. 2020 ലെ നാസ ദൗത്യത്തിലാണ് നിങ്ങളുടെ പേര് ചുവന്ന ഗ്രഹത്തില്‍ എത്തുക. ചൊവ്വ ദൗത്യത്തിന് ജനകീയ മുഖം നല്‍കാനാണ് ഇത്തരത്തില്‍ നാസയുടെ നീക്കം.

ഇതുവരെ 79 ലക്ഷം പേരോളം ഈ ദൗത്യത്തില്‍ തങ്ങളുടെ പേര് ചേര്‍ത്തു കഴിഞ്ഞു. ഇതില്‍ തന്നെ തുര്‍ക്കി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പാസ് എടുത്തിരിക്കുന്നത് ഇന്ത്യക്കാരാണ്. ഈ സൈറ്റില്‍ കയറി പേര് റജിസ്ട്രര്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഒരു ബോഡിംഗ് പാസ് ലഭിക്കും. ഫ്രീക്വന്‍റ് ഫ്ലെയര്‍ എന്ന കാറ്റഗറിയില്‍ നിങ്ങള്‍ക്ക് ദൗത്യത്തിന്‍റെ കൂടുതല്‍ വിവരം അറിയാം. 2020 ജൂലൈയിലാണ് നാസയുടെ അടുത്ത ചൊവ്വ ദൗത്യം. ഫെബ്രുവരി 2021ല്‍ ഇത് ചൊവ്വയില്‍ എത്തും.

എന്നാല്‍ നാസ തങ്ങളുടെ പേര് ചേര്‍ക്കല്‍ പരിപാടി പ്രഖ്യാപിച്ചതോടെ ഇതിനെ ചുറ്റിപ്പറ്റി വലിയ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പ്രത്യേകിച്ച് ട്വിറ്ററില്‍ ട്രോള്‍ പോസ്റ്റുകള്‍ വ്യാപകമാണ്. എനിക്ക് എന്‍റെ ബോസിനെ അയക്കണം ചൊവ്വയ്ക്ക് എത്ര ചിലവ് വരും?, ട്രംപിനെ അയക്കാന്‍ പറ്റുമോ?, ഒരേ പേരുകള്‍ ഉള്ളവര്‍ ഉണ്ടായാല്‍ എന്ത് ചെയ്യും? ഇങ്ങനെ നീളുന്നു നാസയ്ക്കുള്ള ചോദ്യം.