ദില്ലിയുടെ ആകാശത്ത് ദൃശ്യമായ ജ്വാല ഉല്‍ക്കയുടേത് എന്നായിരുന്നു ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ദില്ലി എന്‍സിആറിന് മുകളില്‍ കത്തിയമര്‍ന്നത് ഉല്‍ക്കയല്ല എന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ദില്ലി: രാജ്യതലസ്ഥാനത്തിന്‍റെ ആകാശത്ത് വര്‍ണവിസ്‌മയവും അത്ഭുതവുമായി കഴിഞ്ഞ രാത്രി ഒരു ജ്വാല വൈറലായിരുന്നു. ഇന്നലെ രാത്രി ദില്ലി എന്‍സിആര്‍ മേഖലയാകെ ദൃശ്യമായ ഈ കാഴ്‌ച ഉല്‍ക്കാ ജ്വലനത്തിന്‍റെതാണ് എന്നായിരുന്നു ദേശീയ മാധ്യമങ്ങളുടെ ആദ്യ റിപ്പോര്‍ട്ട്. ഏറെ പ്രകാശമാനമായ 'ബോളിഡ്' ഉല്‍ക്കയാണ് ഇതെന്നും കിംവദന്തികളുണ്ടായിരുന്നു. എന്നാല്‍ ഒരു ചൈനീസ് റോക്കറ്റിന്‍റെ മൂന്നാം ഭാഗത്തിന്‍റെയോ സാറ്റ്‌ലൈറ്റിന്‍റെയോ അവശിഷ്‌ടങ്ങള്‍ കത്തിച്ചാമ്പലാവുന്നതാണ് ദൃശ്യങ്ങളിലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്തായാലും, ഈ അവിസ്‌മരണീയ ആകാശക്കാഴ്‌ചയുടെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.
വൈറലായി ദൃശ്യങ്ങള്‍
ദില്ലിക്ക് പുറത്ത് നോയിഡ, ഗാസിയാബാദ്, ഗുഡ്‌ഗാവ്, അലിഗഡ് തുടങ്ങിയ അയൽ നഗരങ്ങളിലും ഈ ആകാശ ജ്വാല ദൃശ്യമായി. സംഭവത്തിന്‍റെ ഏറെ വീഡിയോകള്‍ ഉടനടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഭൗമാന്തരീക്ഷത്തിലൂടെ ഒരു തീജ്വാല കടന്നുപോകുന്നതായിരുന്നു വൈറല്‍ വീഡിയോകളില്‍. സ്പേസ് എക്‌സിന്‍റെ സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റ് അവശിഷ്‌ടങ്ങള്‍ മുമ്പ് ഒന്നിലേറെ തവണ പൊട്ടിത്തെറിച്ചപ്പോള്‍ കണ്ടിട്ടുള്ള അതേ രീതിയിലായിരുന്നു ഈ ആകാശ ജ്വാലയുടെ സഞ്ചാരം, ഉല്‍ക്കാ ജ്വാലയായി തോന്നിച്ചില്ല. അതിനാല്‍ തന്നെ റോക്കറ്റ് ഭാഗങ്ങളോ ഉപഗ്രഹ ഭാഗങ്ങളോ പോലെയുള്ള എന്തെങ്കിലും മനുഷ്യ നിര്‍മ്മിത ബഹിരാകാശ അവശിഷ്‌ടങ്ങള്‍ കത്തിയമരുന്നതായിരിക്കും ഇതെന്ന സംശയം ബലപ്പെട്ടിരുന്നു. ചൈനീസ് റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിന്‍റെയോ സാറ്റ്‌ലൈറ്റിന്‍റെയോ അവശിഷ്‌ടങ്ങള്‍ കത്തിയമരുന്ന ദൃശ്യങ്ങളാണിത് എന്ന വിവരം പുറത്തുവന്നത്. രാജ്യത്ത് എവിടെയെങ്കിലും കഴിഞ്ഞ രാത്രി ഉല്‍ക്കാ ജ്വാല ദൃശ്യമായതായോ ഉല്‍ക്കാ പതനം സംഭവിച്ചതായോ ഔദ്യോഗിക കാലാവസ്ഥാ ഏജന്‍സികളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യാമെറ്റ്‌സ്കൈ വെതര്‍ ട്വീറ്റ്



