Asianet News MalayalamAsianet News Malayalam

റോക്കറ്റ് ലോഞ്ചിങ് 35,000 അടി ഉയരത്തില്‍, ശൂന്യാകാശത്ത് 'ഗോളടിച്ച്' വിര്‍ജിന്‍

ഒന്നില്‍ പിഴച്ചാല്‍ മൂന്നിലെന്നാണ് ചൊല്ല്. വിര്‍ജിന്റെ കാര്യത്തില്‍ അത് ശരിയായി. പലരും പുച്ഛിച്ചു തള്ളിയ സ്വകാര്യ കമ്പനിയായിരുന്നു റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍

Rocket launches Goal Virgin in space at 35000 feet
Author
NASA, First Published Jan 19, 2021, 8:05 PM IST

ഒന്നില്‍ പിഴച്ചാല്‍ മൂന്നിലെന്നാണ് ചൊല്ല്. വിര്‍ജിന്റെ കാര്യത്തില്‍ അത് ശരിയായി. പലരും പുച്ഛിച്ചു തള്ളിയ സ്വകാര്യ കമ്പനിയായിരുന്നു റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍. ഈ സ്വകാര്യ ബഹിരാകാശ സ്ഥാപനം വിക്ഷേപിച്ച റോക്കറ്റില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കാന്‍ കഴിയില്ലെന്നു പറഞ്ഞവരെ വിസ്മയിപ്പിച്ചു കൊണ്ടാണ് ഇത്തവണ അവര്‍ നാസയ്ക്ക് വേണ്ടി പരീക്ഷണം നടത്തിയത്. ലോഞ്ചര്‍ വണ്‍ എന്നറിയപ്പെടുന്ന റോക്കറ്റ്, ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ചു. അതും ഒന്നും രണ്ടുമല്ല, 10 നാസ ഉപഗ്രഹങ്ങളെയാണ് കമ്പനി ഭ്രമണപഥത്തിലെത്തിച്ചത്. അതും 35,000 അടി മുകളില്‍ നിന്നും റോക്കറ്റ് വിക്ഷേപണത്തിലൂടെ.

നേരത്തെ വിക്ഷേപണ തകരാറിനെത്തുടര്‍ന്ന് 2020 മെയ് മാസത്തിലും കൊറോണ വൈറസ് കേസുകളുടെ വർധനവ് കാരണം ഡിസംബറിലും വിര്‍ജിന് ഉദ്ദേശിച്ച കാര്യം നടത്താനായിരുന്നില്ല. പരീക്ഷണ പറക്കലിനായി ലോഞ്ചര്‍ വണ്‍ പരിഷ്‌കരിച്ച ബോയിംഗ് 747 ന്റെ വിമാനമാണ് ഇവര്‍ ഉപയോഗിച്ചത്. ഇതിനെ കോസ്മിക് ഗേള്‍ എന്ന് വിളിപ്പേരുമിട്ടു. 

പസഫിക്കിന് മുകളില്‍ 35,000 അടി ഉയരത്തില്‍ ന്യൂട്ടണ്‍ ത്രീ എഞ്ചിന്‍ ഉപയോഗിച്ചാണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചത്. ബഹിരാകാശത്തേക്കുള്ള വിര്‍ജിന്റെ ആദ്യത്തെ വിജയകരമായ യാത്രയായി ഇതു മാറി. ചെറു ഉപഗ്രഹങ്ങളെ എപ്പോള്‍ വേണമെങ്കിലും ഈ വിധത്തില്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ ഇതോടെ കഴിയുമെന്നു വ്യക്തമായി.

തെക്കന്‍ കാലിഫോര്‍ണിയയിലെ മൊജാവോയില്‍ നിന്ന് കോസ്മിക് ഗേള്‍ കാരിയര്‍ ക്രാഫ്റ്റ് പറന്നുയര്‍ന്ന് ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് 10 ചെറിയ ഉപഗ്രഹങ്ങളെ നാസയ്ക്കായി ഭ്രമണപഥത്തില്‍ എത്തിച്ചതായി കമ്പനി ട്വിറ്ററില്‍ അറിയിച്ചത്. ചെറിയ ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതിനായി 70 അടിയുള്ള റോക്കറ്റാണ് ഉപയോഗിച്ചത്. 

വിജയകരമായ വിക്ഷേപണത്തെത്തുടര്‍ന്ന്, വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ സ്ഥാപകന്‍ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ഈ നേട്ടത്തെ മനുഷ്യചരിത്രത്തിലെ തന്നെ മഹത്തരം എന്ന് വിശേഷിപ്പിച്ചു. 'അസാധ്യമെന്ന് പലരും കരുതിയത് വിര്‍ജിന്‍ നേടി. ഞങ്ങളുടെ വിര്‍ജിന്‍ അറ്റ്‌ലാന്റിക് 747, കോസ്മിക് ഗേള്‍, വിര്‍ജിന്‍ ലോഞ്ചര്‍ വണ്‍ റോക്കറ്റ് എന്നിവ രചിച്ചത് പുതിയൊരു ചരിത്രമാണ്.

ഈ പരീക്ഷണവിജയം വിര്‍ജിന്‍ കമ്പനിയെ വാണിജ്യ ബഹിരാകാശ മല്‍സരത്തിലേക്ക് തള്ളിവിടുന്നു. എതിരാളികളായ റോക്കറ്റ് ലാബ്, ഫയര്‍ഫ്‌ലൈ എയ്‌റോസ്‌പേസ് എന്നിവയ്‌ക്കൊപ്പം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് അയയ്ക്കുന്നതിനുള്ള സവിശേഷമായ 'എയര്‍ലോഞ്ച്' രീതിയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ചെറിയ ഉപഗ്രഹങ്ങളെ ചെറിയ വിക്ഷേപണ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിക്ഷേപിക്കാവുന്ന രീതിയാണിത്. 

ഉയര്‍ന്ന ഉയരത്തില്‍ നിന്നുള്ള വിക്ഷേപണങ്ങള്‍ ഉപഗ്രഹങ്ങളെ ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ അനുവദിക്കുന്നുവെന്നും ഗ്രൗണ്ട് പാഡില്‍ നിന്ന് ലംബമായി വിക്ഷേപിച്ച പരമ്പരാഗത റോക്കറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു കൂടുതല്‍ വിജയകരമാണെന്നും വിര്‍ജിന്‍ എക്‌സിക്യൂട്ടീവുകള്‍ പറയുന്നു. തന്നെയുമല്ല, കാലാവസ്ഥയെ ആശ്രയിച്ചുള്ള വിക്ഷേപണവും ഒരു പ്രശ്‌നമല്ലാതാകുന്നു.

വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ ഗവണ്‍മെന്റ് സര്‍വീസസ് സബ്‌സിഡിയറിയായ വോക്‌സ് സ്‌പേസ് എല്‍എല്‍സി ഈ സംവിധാനം ഉപയോഗിച്ച് യുഎസ് മിലിട്ടറിക്ക് വേണ്ടി വിക്ഷേപണം നടത്തുന്നു. ആദ്യ ദൗത്യം ഒക്ടോബറിലാണ്. ഇതിനു വേണ്ടി 35 ദശലക്ഷം ഡോളറാണ് നീക്കിവച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios