ന്യൂയോര്‍ക്ക്: ചൊവ്വയില്‍ ജീവനുണ്ടോ എന്നത് വളരെക്കാലമായി മനുഷ്യന്‍ ഉത്തരം തേടുന്ന ചോദ്യമാണ്. ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്ത് വരുകയാണ് ഒഹിയോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ വില്യം റോമോസര്‍. ചൊവ്വയില്‍ ജീവികളുണ്ടെന്നാണ് ഇദ്ദേഹം വാദിക്കുന്നത്. അമേരിക്കയിലെ സെന്‍റ് ലൂയിസിൽ നടന്ന എൻ‌ടോമോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്ക സമ്മേളനത്തിൽ ഇദ്ദേഹം തന്‍റെ പഠനങ്ങള്‍ അവതരിപ്പിച്ചു. തേനീച്ചയ്ക്ക് സമാനമായ  ജീവികൾ ചൊവ്വയുടെ മണ്ണിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. നാസയുടെ വിവിധ ചൊവ്വാ ചിത്രങ്ങൾ സൂം ചെയ്തെടുത്താണ് അദ്ദേഹത്തിന്‍റെ പഠനാവതരണം.

നാസയുടെ ചൊവ്വാ റോവറുകൾ പകർത്തിയ ചിത്രങ്ങൾ വ്യാഖ്യാനിച്ചാണ് വില്യം റോമോസര്‍ തന്‍റെ പഠനം മുന്നോട്ട് വയ്ക്കുന്നത്. പ്രാണികളെപ്പോലെയുള്ള ഒരു ജീവിയെ വേട്ടയാടുന്ന ഉരഗ ജീവിയെയും ഫോസിലുകളെയും കണ്ടെത്താന്‍ സാധിക്കും എന്നാണ് ഗവേഷകന്‍റെ അവകാശവാദം. ജീവികളുടെതെന്ന് അവകാശപ്പെടുന്ന ചിത്രങ്ങള്‍ അവരുടെ ഭാഗങ്ങള്‍ അടയാളപ്പെടുത്തി അവതരിപ്പിച്ചു.

എന്നാല്‍ ഇദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടിന് വലിയ വിമര്‍ശനമാണ് കോണ്‍ഫ്രന്‍സില്‍ തന്നെ നേരിടേണ്ടി വന്നത്. വില്യം റോമോസര്‍ക്ക് പാരീഡോലിയ എന്ന പ്രശ്നമാണ് എന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.  പരിചിതമായതായി തോന്നുന്ന വസ്തുക്കൾക്കായി ചൊവ്വാ ചിത്രങ്ങളിൽ അന്വേഷിച്ച് കണ്ടെത്തി അവതരിപ്പിക്കുന്ന ചില ഗവേഷകരുടെ രീതിയാണ്. ക്രമരഹിതമായ പാറ്റേണുകളിൽ തിരിച്ചറിയാവുന്ന രൂപങ്ങൾ കാണാനുള്ള മനുഷ്യന്‍റെ അവസ്ഥയാണ്  പാരീഡോലിയ എന്ന് പറയുന്നത്.

അതേ സമയം വില്യം റോമോസരുടെ അവകാശവാദം വൈറലായതോടെ. ഇതിന് ശാസ്ത്രീയ തെളിവുകള്‍ ഒന്നും ഇല്ലെന്ന് നാസ വക്താവ് അറിയിച്ചിട്ടുണ്ട്. ചൊവ്വയില്‍ മെറ്റാസോവാനുകളുടെ മെറ്റബോളിസം നിലനിർത്താൻ വേണ്ട ഓക്സിജൻ ഇല്ല. ഭൂമിയിൽ പ്രത്യേകിച്ച് സങ്കീർണ്ണമായ മൃഗങ്ങൾക്ക് ധാരാളം ഓക്സിജൻ ആവശ്യമാണ്. ചൊവ്വയുടെ അന്തരീക്ഷത്തിൽ അവശിഷ്ടങ്ങൾ മാത്രമേയുള്ളൂ എന്നാണ് നാസ പറയുന്നത്.

പക്ഷേ ഒഹിയോ യൂണിവേഴ്സിറ്റി തങ്ങളുടെ അദ്ധ്യാപകന്‍റെ കണ്ടെത്തലുകളും അവകാശവാദങ്ങൾക്കും നിയമസാധുത നൽകുന്നുണ്ട് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്.