ലോകമെമ്പാടും മിന്നാമിനുങ്ങുകൾ വംശനാശ ഭീഷണിയില്‍, കാരണങ്ങള്‍ നിരത്തി പഠനം

മിന്നാമിനുങ്ങുകളെ കാണാന്‍ ഭാഗ്യം ചെയ്ത അവസാന തലമുറയാകുമോ നമ്മുടേത്? നമ്മുടെ ഇത്തിരിക്കുഞ്ഞന്‍ മിന്നാമിനുങ്ങുകൾ വംശനാശ ഭീഷണിയിലാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ മിന്നാമിനുങ്ങുകള്‍ക്ക് വംശനാശം സംഭവിക്കുമെന്നാണ് ഗവേഷകരുടെ പ്രവചനം. സയന്‍സ് ഓഫ് ദി ടോട്ടല്‍ എന്‍വിയോണ്‍മെന്‍റ് പ്രസിദ്ധീകരിച്ച പഠനം ലോകത്ത് മിന്നാമിനുങ്ങുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നതായി രേഖപ്പെടുത്തിയിരുന്നു.

മറയുന്ന മിന്നാമിനുങ്ങുകള്‍

കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകമെമ്പാടും മിന്നാമിനുങ്ങുകൾ വംശനാശ ഭീഷണിയിലാണ്. ലാംപിരിഡേ കുടുംബത്തിലാണ് മിന്നാമിന്നികള്‍ ഉൾപ്പെടുന്നത്. ഇതിൽ 2,000-ത്തിലധികം സ്പീഷീസുകൾ ഉൾപ്പെടുന്നു. ജൈവികപ്രക്രിയയുടെ ഭാഗമായി ഇണയെ ആകർഷിക്കാൻ മിന്നാമിനുങ്ങുകൾ പുറപ്പെടുവിക്കുന്ന സിഗ്നലാണ് രാത്രിയില്‍ നമുക്ക് വെളിച്ചമായി തോന്നുന്നത്. മിന്നാമിനുങ്ങുകളുടെ അടിവയറ്റിലെ രാസപ്രവർത്തനത്തിന്‍റെ ഫലമായി 510 മുതൽ 670 നാനോ മീറ്റർ വരെ തരംഗദൈർഘ്യമുള്ള മഞ്ഞ, പച്ച, ഇളം ചുവപ്പ് നിറങ്ങളിലുള്ള വെളിച്ചം ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു. ഭൂരിഭാഗം സമയവും മണ്ണിലോ ഇലകള്‍ക്കടിയിലോ കഴിയുന്ന ജീവികളാണ് മിന്നാമിനുങ്ങുകള്‍. ഈർപ്പമുള്ള ചുറ്റുപാടായ തണ്ണീർത്തടങ്ങൾ, ചതുപ്പ് പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് മിന്നാമിനുങ്ങുകള്‍ അധികവും വസിക്കുന്നത്.

നഗരവൽക്കരണം, കാർഷിക വ്യാപനം, കീടനാശിനി പ്രയോഗം, വനനശീകരണം എന്നിവ മിന്നാമിനുങ്ങുകളുടെ ആവാസ വ്യവസ്ഥകളുടെ നാശത്തിനും വിഘടനത്തിനും കാരണമായിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. പ്രതികൂല സാഹചര്യങ്ങള്‍ മിന്നാമിനുങ്ങുകളുടെ അതിജീവനത്തെയും പുനരുൽപാദനത്തെയും ദോഷകരമായി ബാധിച്ചു. അതാണ് മിന്നാമിനുങ്ങുകള്‍ വംശനാശത്തിലേക്ക് നീങ്ങുന്നു എന്ന ആശങ്കകള്‍ സൃഷ്ടിക്കുന്നതെന്ന് ഗവേഷകനായ റാഫേൽ ഡി കോക്ക് വ്യക്തമാക്കിയതായി നാഷണൽ ജിയോഗ്രാഫിക് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

കീടനാശിനികളും ഭീഷണി

മിന്നാമിനുങ്ങുകളെ ബാധിച്ച മറ്റൊരു പ്രതിസന്ധി കൃഷിയിടങ്ങളിലെ കീടനാശിനികളുടെ പ്രയോഗമാണ്. കീടനാശിനികള്‍ മിന്നമിനുങ്ങുകളുടെ ജീവൻ അപകടത്തിലാക്കുക മാത്രമല്ല, അവയുടെ ലാര്‍വകള്‍ക്ക് അത്യാവശ്യമായ ഒച്ചുകളെയും നശിപ്പിക്കുകയാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അമിത കീടനാശിനി പ്രയോഗം ജലാശയങ്ങള്‍ കൂടി മലിനമാക്കിയതോടെ മിന്നാമിനുങ്ങുകളുടെ വാസസ്ഥലങ്ങളേയും പ്രതികൂലമായി ബാധിച്ചുവെന്ന് കണക്കാക്കുന്നു. മാത്രമല്ല, കൃതിമ വെളിച്ചങ്ങളുണ്ടാക്കുന്ന പ്രകാശ മലിനീകരണവും ഈ ജീവികളുടെ വംശനാശ ഭീഷണിക്ക് കാരണമാകുന്നു. മിന്നാമിനുങ്ങുകളുടെ അതിജീവനത്തിനുള്ള ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് പ്രകാശ മലിനീകരണം എന്ന് പഠനങ്ങൾ പറയുന്നു. 

Asianet News Live | Israel - Iran conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News