ഇന്ന് ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് രണ്ടരയോടെ നാലംഗ സംഘം യാത്രാ പേടകമായ ക്രൂ ഡ്രാഗൺ ഗ്രേസിനകത്തേക്ക് പ്രവേശിക്കും

ഐഎസ്എസ്: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ഇന്ത്യയുടെ ശുഭാംശു ശുക്ലയും ആക്സിയം 4 ദൗത്യസംഘാംഗങ്ങളും ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും. അണ്‍ഡോക്കിംഗിനായി ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയോടെ ആക്സിയം 4 സംഘം സ്പേസ് എക്‌സിന്‍റെ ഡ്രാഗൺ ഗ്രേസ് പേടകത്തില്‍ പ്രവേശിക്കുമെന്നാണ് അറിയിപ്പ്. 2:50-ഓടെ പേടകത്തിന്‍റെ വാതിലടയ്ക്കും. 4:35-ഓടെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേർപ്പെടുത്തും. ആക്സിയം സംഘത്തിന് ഇന്നലെ നിലയത്തില്‍ എക്സ്പെഡിഷൻ 73 ക്രൂ വക ഔദ്യോഗിക യാത്രയപ്പ് ലഭിച്ചു.

ബഹിരാകാശ നിലയത്തില്‍ നിന്നുള്ള അൺ‍ഡോക്കിംഗ് കഴിഞ്ഞാൽ ഇരുപത്തിരണ്ടര മണിക്കൂറെടുക്കും ഡ്രാഗണ്‍ ഗ്രേസ് പേടകം ഭൂമിയിലെത്താൻ. നാളെ ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം മൂന്ന് മണിക്ക് പേടകം കാലിഫോർണിയക്കടുത്ത് ശാന്ത സമുദ്രത്തിൽ ഇറങ്ങുമെന്നാണ് നിലവിലെ അറിയിപ്പ്. എന്നാല്‍ സ്‌പ്ലാഷ്‌ഡൗണ്‍ സമയം കാലാവസ്ഥയെ ആശ്രയിച്ചിരിക്കും.

Scroll to load tweet…

ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ക്രൂവിലുള്ളത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു.

Scroll to load tweet…

വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കി കൊണ്ടുവരുന്നുണ്ട്. തിരിച്ചെത്തിക്കഴി‍ഞ്ഞാൽ ഏഴ് ദിവസം നാല് പേരും നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷമേ ശുഭാംശു ശുക്ല തിരികെ ഇന്ത്യയിൽ എത്തുകയുള്ളൂ.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News