ഇനി ഇരുപത്തിരണ്ടര മണിക്കൂറിന്‍റെ കാത്തിരിപ്പ്, ആക്സിയം 4 ദൗത്യ സംഘത്തെ വഹിച്ചുകൊണ്ടുള്ള ഡ്രാഗണ്‍ ഗ്രേസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തു 

കാലിഫോര്‍ണിയ: എല്ലാം ശുഭം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. ശുഭാംശു അടങ്ങുന്ന ആക്‌സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗണ്‍ ഗ്രേഡ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തു. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 4:45-നാണ് നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേര്‍പ്പെട്ടത്. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ക്രൂവിലുള്ളത്.

ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കി കൊണ്ടുവരുന്നുണ്ട്.

Scroll to load tweet…

സ്‌പ്ലാഷ്‌ഡൗണ്‍ നാളെ

ഇരുപത്തിരണ്ടര മണിക്കൂറെടുക്കും ഡ്രാഗണ്‍ ഗ്രേസ് പേടകം ഭൂമിയിലെത്താൻ. നാളെ ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം മൂന്ന് മണിക്ക് പേടകം കാലിഫോർണിയക്കടുത്ത് ശാന്ത സമുദ്രത്തിൽ ഇറങ്ങുമെന്നാണ് നിലവിലെ അറിയിപ്പ്. എന്നാല്‍ സ്‌പ്ലാഷ്‌ഡൗണ്‍ സമയം കാലിഫോര്‍ണിയയിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കും.

ശുഭാംശു ശുക്ല എപ്പോള്‍ ഇന്ത്യയിലേക്ക്?

ഭൂമിയില്‍ തിരിച്ചെത്തിക്കഴി‍ഞ്ഞാൽ ഏഴ് ദിവസം നാല് ആക്സിയം 4 ദൗത്യ സംഘാംഗങ്ങളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരികയുള്ളൂ. ആക്സിയം 4 ദൗത്യ സംഘം ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കാലിഫോർണിയക്കടുത്ത് കടലിൽ ഇറങ്ങിയാൽ സ്പേസ്എക്‌സിന്‍റെ റിക്കവറി കപ്പല്‍ അവരെ തീരത്തേക്ക് കൊണ്ടുപോകും. ഇതിന് ശേഷം ഒരാഴ്‌ചക്കാലം നാസയുടെ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററിലാണ് ഇവരുടെ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാഴ്‌ചത്തെ ദൗത്യം കഴിഞ്ഞ് ബഹിരാകാശത്ത് നിന്നെത്തുന്നതിനാല്‍ ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് യാത്രികര്‍ക്ക് ഈ വിശ്രമം.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News