തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളതീരത്ത് എത്തിയെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നേരത്തെ പ്രവചിച്ചതില്‍ നിന്നും ചില ദിവസങ്ങള്‍ താമസിച്ചാണ് മണ്‍സൂണ്‍ കേരളതീരത്തെ തൊട്ടത് എന്നാണ് ഐഎംഡി പറയുന്നത്. അതേ സമയം ചൊവ്വാഴ്ച ഇത്തവണത്തെ മണ്‍സൂള്‍ പ്രവചനത്തില്‍ ചില മാറ്റങ്ങള്‍ ഐഎംഡി വരുത്തിയിരുന്നു. ഇത്തവണ സാധാരണ നിലയിലുള്ള മണ്‍സൂണ്‍ മഴയാണ് രാജ്യത്ത് ലഭിക്കുക എന്നതാണ് പുതിയ പ്രവചനം. 

എന്നാല്‍ ജൂണ്‍ സെപ്തംബര്‍ കാലയളവില്‍ പരക്കെ മഴ ലഭിക്കും എന്നാണ് ഐഎംഡിയുടെ പുതിയ കണക്ക്. പുതിയ പ്രവചനം പ്രകാരം ദീര്‍ഘകാല ശരാശരിയുടെ 101 ശതമാനം മഴയാണ് ഈ സീസണില്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ നടത്തിയ പ്രവചനത്തില്‍ 4 ശതമാനം കൂടുതലോ, കുറവോ വ്യതിയാനം ഉണ്ടായേക്കാം എന്നാണ് ഐഎംഡി ഡയറക്ടര്‍ ഡയറക്ടര്‍ മൃത്യുജ്ഞയ് മൊഹാപാത്ര പറഞ്ഞത്. 

ഏപ്രില്‍ മധ്യത്തിലെ ആദ്യ പ്രവചന പ്രകാരം ദീര്‍ഘകാല ശരാശരിയുടെ 98 ശതമാനം മണ്‍സൂണ്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. അന്ന് നടത്തിയ പ്രവചനത്തില്‍ 5ശതമാനം കൂടുതലോ കുറവോ വ്യതിയാനമാണ് പ്രവചിച്ചിരുന്നത്. കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആയിരിക്കും എന്നാണ് ഐഎംഡി പ്രവചനം പറയുന്നത്.

അതേ സമയം രാജ്യത്തിന്റെ  വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ജൂണ്‍ 8 മുതല്‍ 10വരെ ഇടിയോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് ഐഎംഡി പ്രവചനം.