ദില്ലി: ഭൂമിക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹത്തിനെ ആകാശത്ത് വച്ച് ഗതിമാറ്റിവിടാന്‍ പദ്ധതിയുമായി നാസ. ഭൂമിക്കു സമീപത്തേക്ക് ഭീഷണിയാകും വിധം എത്തുന്ന ആകാശവസ്തുക്കളെ കണ്ടെത്താനും ഭീഷണി ഒഴിവാക്കാനും വൻ നിരീക്ഷണ സംവിധാനമാണ് നാസ തയാറാക്കിയിരിക്കുന്നത്. ഈ ദൗത്യത്തില്‍ ലോകത്തിലെ സ്വകാര്യ ബഹിരാകാശ പരിവേഷണ കമ്പനി സ്പൈസ് എക്സിനെയും കൂട്ടുപിടിച്ചിരിക്കുകയാണ് നാസ.

ഇതിനായി സ്പേസ് എക്സ് 2021 ല്‍ തന്നെ പദ്ധതി തുടങ്ങുമെന്നാണ് അറിയുന്നത്. ബഹിരാകാശ നിരീക്ഷകരെ ഞെട്ടിച്ച് പലപ്പോഴും അന്യവസ്തുക്കള്‍ ഭൂമിക്ക് അടുത്തുകൂടി പോകാറുണ്ട്.  അത്തരമൊരു അവസ്ഥ ഇപ്പോൾ നേരിടുകയാണ്. ബഹിരാകാശത്തെ സാറ്റലൈറ്റുകൾക്കും മറ്റു പേടകങ്ങൾക്കും ഭീഷണിയായേക്കാവുന്ന ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തിന്‍റെ ഭീഷണിയുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍. അതിനെ നേരിടാനൊരുങ്ങുകയാണ് നാസയും സ്പേസ് എക്സും.

ഭൂമിയിൽ നിന്ന് 1.1 കോടി കിലോമീറ്റർ ദൂരെയാണ് ഡിഡിമോസ് സഞ്ചരിക്കുന്നത്. എന്നാൽ ഇതിന്‍റെ ഗതിമാറി വന്നാൽ ഭൂമിയിൽ നിന്നു വിക്ഷേപിച്ചിട്ടുള്ള സാറ്റലൈറ്റുകൾക്കും മറ്റു പേടകങ്ങൾക്കും ഭീഷണിയാകും. ഇതൊഴിവാക്കാൻ വൻ ശക്തിയിൽ ഛിന്നഗ്രഹത്തെ പേടകം ഉപയോഗിച്ച് ഇടിച്ച് ഗതിമാറ്റി വിടാനാകുമെന്നാണ് കരുതുന്നത്. ഭൂമിയിൽ നിന്നുള്ള ഒരു വസ്തു ഉപയോഗിച്ച് ഛിന്നഗ്രഹത്തിന്റെ ഗതിമാറ്റുന്ന സംഭവം ഇത് ആദ്യമാണ്. 

സെക്കൻഡിൽ 6 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകം ഛിന്നഗ്രഹത്തിൽ ഇടിക്കും. അത്യാധുനിക ക്യാമറകളും നാവിഗേഷൻ സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചാണ് പേടകത്തെ നിയന്ത്രിക്കുക. 6.9 കോടി ഡോളറാണ് പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ്.