വാഷിംങ്ടണ്‍: നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു. സാങ്കേതിക സംവിധാനങ്ങളൊക്കെ  ഇത് വരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് നാസയും സ്പേസ് എക്സും വ്യക്തമാക്കി.

ഞായറാഴ്ചത്തെ വിജയകരമായ വിക്ഷേപണത്തോടെ മനുഷ്യന്‍റെ ശൂന്യകാശ യാത്രയില്‍ സ്വകാര്യ പങ്കാളിത്തം എന്ന കാര്യത്തിലെ ഒരു നാഴിക കല്ലാണ് പിന്നിടുന്നത് എന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ കരുതുന്നത്. സര്‍ക്കാര്‍ ഏജന്‍സിയുമായി സഹകരിച്ച് റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളും നിര്‍മ്മിക്കാനുള്ള സ്വകാര്യ മേഖലയുടെ നീക്കത്തിന് ഊര്‍ജ്ജമാകും ഈ വിക്ഷേപണം.

കാലിഫോര്‍ണിയ ആസ്ഥാനമാക്കിയുള്ള ഒരു ആസാധ്യമായ ആശയത്തിന്‍റെ സ്റ്റാര്‍ട്ട് അപ്പ് എന്ന നിലയില്‍ ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് നാസയുടെ ഏറ്റവും മികച്ച സ്വകാര്യ പങ്കാളി എന്ന നിലയിലേക്ക് വളരുകയാണ് ഈ സംഭവത്തോടെ. 10 മിനുട്ടില്‍ താഴെയാണ് വിക്ഷേപണത്തിന് സമയം എടുത്തത്. വിക്ഷേപണത്തിന് ശേഷം തിരിച്ച് ഭൂമിയില്‍ പതിക്കുന്ന റോക്കറ്റ് ബൂസ്റ്ററുകള്‍ അടുത്ത വിക്ഷേപണത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതും ഒരു പ്രത്യേകതയാണ്. 

സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം ബഹിരാകാശ യാത്രയില്‍ 8 സഞ്ചാരികളെ കൊണ്ടുപോകാന്‍ പ്രാപ്തമാണ്. ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാലുപേരെയാണ്  ഡ്രാഗൺ പേടകത്തില്‍ അയച്ചത്. ഇത് ആദ്യമായാണ്. ഈ വര്‍ഷം രണ്ട് ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ച് ഡ്രാഗണ്‍ പേടകം കഴിവ് തെളിയിച്ചിരുന്നു.

നാസയുടെ ബഹിരാകാശ യാത്രികരായ മൈക്ക് ഹോപ്പിന്‍സ്, ഷനോണ്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍ ജപ്പാനീസ് ബഹിരാകാശ യാത്രികനായ സ്യോച്ചി നൊഗ്യൂച്ചി എന്നിവരാണ് അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് വിക്ഷേപിക്കപ്പെട്ട പേടകത്തിലെ യാത്രികര്‍.