Asianet News MalayalamAsianet News Malayalam

'പൂര്‍ണ്ണമായും ജെവ കൃഷി മാത്രം' സര്‍ക്കാര്‍ നയത്തിനാല്‍ വന്‍ ദുരന്തത്തിന്‍റെ വക്കില്‍ ശ്രീലങ്ക

ചായ, കറുവപ്പട്ട, കുരുമുളക്, റബ്ബര്‍, ഏലം, ജാതിക്ക, കൊക്കോ, വാനില എന്നിങ്ങനെയുള്ള തോട്ടം വിളകളുടെ ഉത്പാദനത്തില്‍ വന്‍ കുറവാണ് സംഭവിക്കാന്‍ പോകുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതോടെ ശ്രീലങ്കന്‍ സാമ്പത്തിക രംഗത്ത് തന്നെ വലിയ പ്രത്യാഘാതം നേരിടും. 

Sri Lanka overnight flip to total organic farming has led to an economic disaster
Author
Colombo, First Published Sep 9, 2021, 11:02 AM IST
  • Facebook
  • Twitter
  • Whatsapp

കൊളംബോ: കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ശ്രീലങ്ക ഇപ്പോള്‍ സാന്പത്തിക അടിയന്തരാവസ്ഥയിലാണ്. ശ്രീലങ്കയുടെ വിദേശ നാണ്യ ശേഖരത്തില്‍ കുറവ് സംഭവിച്ചു. ശ്രീലങ്കന്‍ നാണ്യപെരുപ്പവും, ഭക്ഷ്യ ക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുന്നു. ആഭ്യന്തര യുദ്ധകാലത്തേക്കാള്‍ മോശമായ അവസ്ഥയിലാണ് ദ്വീപ് രാഷ്ട്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ്യ രാജപക്ഷേ കഴിഞ്ഞ ആഗസ്റ്റ് 31ന് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഈ സാമ്പത്തിക ദുരന്തത്തിലേക്ക് രാജ്യത്തെ നയിച്ചത് എന്താണ് എന്ന് പരിശോധിച്ചാല്‍ സര്‍ക്കാറിന്‍റെ നയം തന്നെ എന്ന് കാണാം. ശ്രീലങ്കയുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍ കൃഷിയും, ടൂറിസവുമാണ്. ഇതില്‍ ടൂറിസം കൊവിഡ് പ്രതിസന്ധിയാല്‍ കുറച്ചുകാലമായി മന്ദ്യത്തിലാണ്. അതേ സമയം കാര്‍ഷിക രംഗത്ത് വലിയൊരു നയമാറ്റം രാജപക്ഷെ സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രില്‍ 29ന് പ്രഖ്യാപിച്ചു. ലോകത്തിലെ ആദ്യത്തെ ജൈവ കൃഷി മാത്രം നടത്തുന്ന രാജ്യമായിരിക്കും ശ്രീലങ്ക. അവിടെ തുടങ്ങി പ്രതിസന്ധി.

ഇതിനെ തുടര്‍ന്ന് രാസ വളങ്ങള്‍, കീട നാശിനികള്‍, കളനാശിനികള്‍ എന്നിവയുടെ ഇറക്കുമതി ശ്രീലങ്ക പൂര്‍ണ്ണമായും നിരോധിച്ചു. ഇതിന്‍റെ ഫലമായി ഉണ്ടായതോ, അവശ്യ ഭക്ഷ്യ സാധനങ്ങളുടെ വിലപോലും കുത്തനെ കൂടി. പഞ്ചസാര കിലോയ്ക്ക് 200 രൂപ നല്‍കണം. ഇതിന് അനുസരിച്ച് തന്നെ മണ്ണെണ്ണ, പാചക വാതകം വിലയെല്ലാം കൂടി. അതേ സമയം ശ്രീലങ്ക കയറ്റി അയക്കുന്ന ഉത്പന്നങ്ങളുടെ ഉത്പാദനം കുത്തനെ ഇടിയുകയും ചെയ്തു. 

ചായ, കറുവപ്പട്ട, കുരുമുളക്, റബ്ബര്‍, ഏലം, ജാതിക്ക, കൊക്കോ, വാനില എന്നിങ്ങനെയുള്ള തോട്ടം വിളകളുടെ ഉത്പാദനത്തില്‍ വന്‍ കുറവാണ് സംഭവിക്കാന്‍ പോകുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതോടെ ശ്രീലങ്കന്‍ സാമ്പത്തിക രംഗത്ത് തന്നെ വലിയ പ്രത്യാഘാതം നേരിടും. ശ്രീലങ്കയിലെ പണപ്പെരുപ്പം മാസത്തിലും 30 ബേസിക്ക് പൊയന്‍റ് എന്ന നിലയിലാണ് വര്‍ദ്ധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജൂലൈയില്‍ ഇത് 5.7 ആയിരുന്നെങ്കില്‍ ആഗസ്റ്റില്‍ ഇത് ആറായി. ശ്രീലങ്കന്‍ റൂപ്പി ഡോളറിനെതിരെ 7 ശതമാനം ഇടിവ് നേരിട്ടു. 

അതേ സമയം ടൂറിസം രംഗത്തെ മാന്ദ്യമാണ് സാമ്പത്തിക രംഗത്തെ ബാധിച്ചത് എന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഭക്ഷ്യ കാര്‍ഷിക രംഗത്തെ പ്രതിസന്ധി തുറന്ന് സമ്മതിക്കുന്നില്ലെങ്കിലും കാര്യങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വീക്ഷിക്കുന്നുണ്ട്. സൈനിക മേധാവിയെ അദ്ധ്യക്ഷനാക്കി അവശ്യസാധനങ്ങള്‍ പൂഴ്ത്തി വയ്ക്കുന്നത് പിടിച്ചെടുക്കാന്‍ പ്രത്യേക സംവിധാനം തന്നെ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. ട

അതേ സമയം ജൈവ കൃഷിയിലേക്കുള്ള മാറ്റം ശരിക്കും പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ ഉണ്ടാക്കിയെന്നാണ് പ്രമുഖ കര്‍ഷക പ്രതിനിധികള്‍ തന്നെ അഭിപ്രായപ്പെടുന്നത്. ശ്രീലങ്കയിലെ പ്രമുഖ തേയില തോട്ടം ഉടമയായ ഹെര്‍മന്‍ ഗുണ രത്നയുടെ വാക്കുകള്‍ പ്രകാരം, ഇത് പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ നല്‍കി, ജൈവ കൃഷിയിലേക്ക് മാറുന്നത് നമ്മുടെ അമ്പത് ശതമാനം വിളകള്‍ കുറയ്ക്കും, എന്നാല്‍ അതിന് അനുസരിച്ച് 50 ശതമാനം കൂടുതല്‍ വില ലഭിക്കില്ല. രാജ്യത്തിന്‍റെ ഒരു വര്‍ഷത്തെ തേയില ഉത്പാദനത്തില്‍ 300 ദശലക്ഷം കിലോ കുറവായിരിക്കും ഇത് വരുത്തുക. 10 മടങ്ങ് കൂടുതലാണ് ഓര്‍ഗാനിക്ക് തേയില ഉണ്ടാക്കാനുള്ള ചിലവ്. അതിനാല്‍ വിലകൂട്ടി വില്‍ക്കേണ്ടി വരും. പക്ഷെ അതിന് വിപണി തീര്‍ത്തും കുറവാണ് - ഹെര്‍മന്‍ ഗുണ രത്ന പറയുന്നു.

ശ്രീലങ്കയുടെ വിദേശ കയറ്റുമതിയുടെ പത്ത് ശതമാനത്തോളം തേയിലയാണ്. ഇത് ശ്രീലങ്കയ്ക്ക് 1.25 ശതകോടി അമേരിക്കന്‍ ഡോളര്‍ നല്‍കുന്നു. ഇതില്‍ വരുന്ന കുറവ് രാജ്യത്തെ എങ്ങനെ ബാധിക്കും എന്നത് ആശങ്ക തന്നെയാണ്. മുന്‍ ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഡബ്യുഎ വിജവരേന്ദ്രയുടെ വാക്കുകള്‍ പ്രകാരം, ജൈവ കൃഷി തീരുമാനം സാമൂഹ്യ രാഷ്ട്രീയ തിരിച്ചടികള്‍ പഠിക്കാതെ നടപ്പിലാക്കിയ സ്വപ്നമാണെന്ന് പറയുന്നു. ഇതിലൂടെ ശ്രീലങ്കയുടെ ഭക്ഷ്യ സുരക്ഷ തന്നെ അപകടത്തിലായിരിക്കുന്നു. വിദേശ കറന്‍സി ഇല്ലാതെ ദിവസേന ശ്രീലങ്കന്‍ സാമ്പത്തിക രംഗം കഷ്ടപ്പെടും.

അതേ സമയം രാജ്യ വ്യാപകമായി കാര്‍ഷിക സംഘടനകള്‍ നടത്തി സര്‍വേയില്‍ 90 ശതമാനം കര്‍ഷകരും, അവരുടെ കാര്‍ഷിക വിളകള്‍ക്ക് രാസവളങ്ങളും കീടനാശിനികളും പ്രയോഗിച്ചില്ലെങ്കില്‍ ഉത്പാദനത്തില്‍ വലിയ കുറവ് വരുമെന്ന് പറയുന്നു. അതേ സമയം തന്നെ 20 ശതമാനം കര്‍ഷകര്‍ മാത്രമാണ് ജൈവ കൃഷി രീതികള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ അറിയുന്നവര്‍ എന്നും സര്‍വേ പറയുന്നു. അതേ സമയം രാജ്യത്ത് രാസവള നിരോധനം വന്നതോടെ ജൈവ വളത്തിന്‍റെ ദൗര്‍ലഭ്യവും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ശ്രീലങ്കയില്‍ വര്‍ഷം ഉണ്ടാക്കുന്ന ജെവ കംപോസ്റ്റ് 2 മുതല്‍ 3വരെയാണ്. എന്നാല്‍ ശ്രീലങ്കയിലെ നെല്ല് ഉത്പാദനത്തിന് മാത്രം വര്‍ഷത്തില്‍ 4 ടണ്‍ ജൈവ വളം വേണ്ടിവരും എന്നാണ് കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ പറയുന്നത്. 

കാര്‍ഷിക രംഗത്തെ വിദഗ്ധരുടെ അഭിപ്രായ പ്രകാരം ജൈവ കൃഷിയിലേക്ക് മാറിയ ശ്രീലങ്കന്‍ രീതി എല്ലാ കാര്‍ഷിക വിളകളിലും 25 ശതമാനത്തോളം കുറവ് വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാണ് ജൈവ കൃഷിയിലേക്ക് ഒറ്റരാത്രിയില്‍ മാറിയ സംഭവം ഉണ്ടാക്കുന്നത്. അതേ സമയം തന്നെ രാസ കള നാശിനികളും മറ്റും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിക്ക് ശത്രുകീടങ്ങളുടെ ആക്രമണങ്ങളും മറ്റും കൂടും, ഇത് കൂടുതല്‍ മാനുഷിക അദ്ധ്വാനം കൃഷിയിടത്ത് ആവശ്യമാകുന്ന സ്ഥിതിയാക്കുകയും,അത് കൃഷിയുടെ ചിലവ് വര്‍ദ്ധിപ്പിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios