സ്റ്റാര്‍ഷിപ്പ് നിര്‍മ്മാണം പാതിവഴിയില്‍, എന്നിട്ടും മസ്കിന്‍റെ പ്രഖ്യാപനം... അടുത്ത വര്‍ഷം തന്നെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റ് ചൊവ്വയിലേക്ക് പുറപ്പെടുമെന്ന് വ്യക്തമാക്കി സ്പേസ് എക്സ് സിഇഒ 

ടെക്സസ്: അടുത്ത വർഷം (2026) അവസാനത്തോടെ ടെസ്‌ലയുടെ ഹ്യൂമനോയിഡ് ബോട്ടായ ഒപ്റ്റിമസിനെയും വഹിച്ചുകൊണ്ട് സ്റ്റാർഷിപ്പ് ചൊവ്വയിലേക്ക് പുറപ്പെടുമെന്ന് സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌ക്. ചൊവ്വയില്‍ 2029ൽ തന്നെ മനുഷ്യ ലാൻഡിംഗ് ആരംഭിക്കാൻ കഴിയുമെന്നും എക്‌സിലെ ഒരു പോസ്റ്റിലൂടെ മസ്‌ക് പ്രഖ്യാപിച്ചു. എന്നാല്‍ ഗ്രഹാന്തര യാത്രയ്ക്കുള്ള വാഹനമായ സ്റ്റാര്‍ഷിപ്പിന്‍റെ പരീക്ഷണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ മസ്കിന്‍റെ സ്പേസ് എക്സിനായിട്ടില്ല. സ്റ്റാര്‍ഷിപ്പിന്‍റെ അവസാന രണ്ട് പരീക്ഷണവും പൊട്ടിത്തെറിയിലാണ് അവസാനിച്ചത്. 

"ഒപ്റ്റിമസിനെയും വഹിച്ചുകൊണ്ട് സ്റ്റാർഷിപ്പ് അടുത്ത വർഷം അവസാനം ചൊവ്വയിലേക്ക് പുറപ്പെടും. ആ ലാൻഡിംഗ് വിജയകരമായാൽ, 2029ൽ തന്നെ മനുഷ്യ ലാൻഡിംഗ് നടന്നേക്കാം. എങ്കിലും 2031 ആണ് കൂടുതൽ സാധ്യത," മസ്‌ക് തന്‍റെ എക്‌സ് സോഷ്യൽ നെറ്റ്‌വർക്കിൽ എഴുതി. 

Scroll to load tweet…

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരം വഹിക്കുന്നതുമായ ബഹിരാകാശ റോക്കറ്റായ സ്റ്റാർഷിപ്പ്, ചൊവ്വയിൽ കോളനിവൽക്കരണം നടത്തുക എന്ന ഇലോൺ മസ്‍കിന്‍റെ ദീർഘകാല സ്വപ്ന സാക്ഷാത്ക്കാരത്തിന് നിർണായകമാണ്. 403 അടി (123 മീറ്റർ) ഉയരത്തിൽ ഉയരമുള്ള സ്റ്റാർഷിപ്പ് പൂർണ്ണമായും പുനരുപയോഗിക്കാവുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ഈ റോക്കറ്റിനുണ്ട്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് ബൂസ്റ്ററിന്‍റെ കരുത്ത്. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്‍റെ ഉയരം. ഈ രണ്ട് ഭാഗങ്ങളും വിക്ഷേപണത്തിന് ശേഷം പുനരുപയോഗിക്കുകയാണ് സ്പേസ് എക്സിന്‍റെ ലക്ഷ്യം. 

എന്നാല്‍ സ്റ്റാര്‍ഷിപ്പിന്‍റെ പരീക്ഷണം ഇതുവരെ ഒരിക്കല്‍പ്പോലും പൂര്‍ണ വിജയമാക്കാന്‍ ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിനായിട്ടില്ല. സ്റ്റാര്‍ഷിപ്പിന്‍റെ ഏഴും എട്ടും പരീക്ഷണങ്ങള്‍ പൊട്ടിത്തെറിയിലാണ് അവസാനിച്ചത്. ഏഴും എട്ടും പരീക്ഷണ വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്‍റെ ഹെവി ബൂസ്റ്റര്‍ ഭാഗം മൂന്നാംവട്ടവും ഭൂമിയിലെ യന്ത്രക്കൈയില്‍ (മെക്കാസില്ല) സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും മുകളിലെ സ്പേസ്‌ക്രാഫ്റ്റ് ഭാഗം നിയന്ത്രണം നഷ്‍ടമായതിനെ തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ടെസ്‌ലയുടെ ഹ്യൂമനോയിഡ് ബോട്ട് ഒപ്റ്റിമസിനെയും വഹിച്ചുകൊണ്ട് 2026ല്‍ കുതിക്കും മുമ്പ് സ്റ്റാര്‍ഷിപ്പ് പൂര്‍ണമായും സുരക്ഷിതമാണെന്ന് മസ്കിന് തെളിയിക്കേണ്ടതുണ്ട്. 

Read more: സ്റ്റാര്‍ഷിപ്പ് എട്ടാം പരീക്ഷണം: മൂന്നാംവട്ടവും ബൂസ്റ്റര്‍ ക്യാച്ച് വിജയം, ഷിപ്പ് പൊട്ടിത്തെറിച്ചു