ബെംഗളുരു: ഐഎസ്ആർഒയുടെ ബെംഗളുരുവിലെ മോണിറ്ററിംഗ് സെന്‍ററിൽ ആകാംക്ഷയുടെ, നെഞ്ചിടിപ്പിന്‍റെ, ആവേശത്തിന്‍റെ നിമിഷങ്ങളാണ്. വെല്ലുവിളികൾ ഏറെയുള്ള, ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുകയെന്ന, ചരിത്ര ദൗത്യം നിർവഹിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ അഭിമാനദൗത്യം ചന്ദ്രയാൻ - 2. 

12 മണി മുതൽ പുലർച്ചെ വരെ ഏഷ്യാനെറ്റ് ന്യൂസ് ഞങ്ങളുടെ സ്റ്റുഡിയോയിൽ നിന്നും ബെംഗളുരുവിലെ ഐഎസ്ആർഒ കൺട്രോൾ റൂമിൽ നിന്നും നിരന്തരം വാർത്തകൾ, തത്സമയം നിങ്ങളിലെത്തിക്കുന്നുണ്ട്. 

ഇന്ന് രാത്രി എന്ത് സംഭവിക്കും?

യഥാർത്ഥത്തിൽ ഇന്ന് അർദ്ധരാത്രിയോടെ എന്തൊക്കെയാണ് സംഭവിക്കുക? എങ്ങനെയാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തുക, ആ പതിനഞ്ച് മിനിറ്റുകൾക്കായി എന്തെല്ലാം ഒരുക്കങ്ങൾ, അപ്പോൾ നടക്കുന്നതെന്തെല്ലാം എന്നതിനെക്കുറിച്ചെല്ലാം വിശദമായ റിപ്പോർട്ടുകൾ www.asianetnews.com എന്ന ഞങ്ങളുടെ പ്രത്യേക ചന്ദ്രയാൻ - 2 പേജിൽ, ഉണ്ട്. പക്ഷേ, പുലർച്ചെ ചന്ദ്രയാനിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ കിട്ടുന്നത് വരെ, എന്തെല്ലാം സംഭവിക്കും?

കൃത്യം ഓരോ നിമിഷവും സംഭവിക്കാൻ പോകുന്നതിതാണ്:

1.38 - ഇറങ്ങാനുള്ള ആദ്യ 'ബ്രേക്കിടൽ', ത്രസ്റ്ററുകൾ ഉപയോഗിച്ച് ആദ്യം അൽപം 'റഫ് ബ്രേക്കിംഗ്' ആണ് നടക്കുക.

1.48 - പത്ത് മിനിറ്റിൽ ബ്രേക്കിടൽ പ്രക്രിയ അൽപം 'സ്മൂത്താ'കും. ഫൈൻ ബ്രേക്കിംഗ് പ്രക്രിയ തുടങ്ങും.

1.50 - ആദ്യനിരീക്ഷണം. ഇറങ്ങുന്നതിനിടയിൽ ചുറ്റുമുള്ള സ്ഥിതിഗതികളൊക്കെ ഒന്ന് നിരീക്ഷിച്ച ശേഷമേ ഇനി താഴോട്ട് യാത്രയുള്ളൂ. 

1.52 - ചന്ദ്രോപരിതലത്തിന്‍റെ ആദ്യചിത്രം ആ നിരീക്ഷണത്തിനിടയിൽ പകർത്തും. അത് ഭൂമിയിലേക്ക് അയക്കും.

1.53 - വിക്രം എന്ന ലാൻഡർ ചന്ദ്രോപരിതലം തൊടും. നിർണായകമായ, സുപ്രധാനമായ നിമിഷം. കൃത്യസമയം പറഞ്ഞാൽ 1.52.54. 

ഇനി രണ്ട് മണിക്കൂർ കഴിഞ്ഞ്..

3.53 - പ്രഗ്യാൻ എന്ന റോവറാണ് ചന്ദ്രോപരിതലം ചുറ്റി വിവരങ്ങളെടുക്കുക. അതിനുള്ള റാംപ് ഒരുക്കും. 

4.23 - പ്രഗ്യാൻ പ്രവർത്തനക്ഷമമാകും. 

05.03 - പ്രഗ്യാന്‍റെ സോളാർ പാനൽ വിന്യസിക്കപ്പെടും. 

05.19 - പ്രഗ്യാൻ റോവർ പതുക്കെ റാംപിലൂടെ ഉരുണ്ട് താഴോട്ട്.

05.29 - പത്ത് മിനിറ്റ് കൊണ്ട് പതുക്കെ പ്രഗ്യാൻ റോവർ നിലം തൊടും. അതായത് ചന്ദ്രോപരിതലം തൊടും. 

05.45 - വിക്രം പ്രഗ്യാന്‍റെ ചിത്രങ്ങളെടുത്ത് തുടങ്ങും. 

ഇത്രയുമായാൽ ദൗത്യം വിജയകരം. ഇത്രയും വിവരങ്ങൾ ലഭിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുലർച്ചെ 6 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.