വോയേജർ 1 പേടകത്തിന്‍റെ ഊർജസ്രോതസായ റേഡിയോ ഐസോടോപ്പ് പവർ സിസ്റ്റം ഓരോ വർഷവും ഏകദേശം നാല് വാട്ട് വീതം ക്ഷയിച്ചുവരുന്നു. അതിനാൽ ശേഷിക്കുന്ന ഉപകരണങ്ങൾ കൂടുതൽ കാലം പ്രവർത്തിപ്പിക്കാൻ ചില ശാസ്ത്രീയ ഉപകരണങ്ങൾ ഘട്ടംഘട്ടമായി ഓഫാക്കിക്കൊണ്ടിരിക്കുകയാണ് നാസയുടെ ദൗത്യസംഘം.

ഭൂമിയില്‍ നിന്ന് ഏറ്റവും വിദൂരത്തെത്തിയ മനുഷ്യ നിര്‍മ്മിത വസ്‌തുവായ വൊയേജർ 1 ബഹിരാകാശ പേടകത്തിലെ ഒരു ശാസ്ത്രീയ ഉപകരണത്തിന്‍റെ പ്രവർത്തനം ഓഫാക്കിയിരിക്കുകയാണ് നാസ. വ്യാഴത്തെയും ശനിയെയും നിരീക്ഷിക്കുന്നതിനായി 1977-ൽ വിക്ഷേപിക്കപ്പെട്ട വോയേജർ 1 ഇപ്പോൾ ഭൂമിയിൽ നിന്ന് ഏകദേശം 24 ബില്യൺ കിലോമീറ്റർ അകലെയായി ഇന്‍റർസ്റ്റെല്ലാർ സ്പേസിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ പേടകത്തിലെ ഊര്‍ജം കുറയുന്നതാണ് ഉപകരണം ഓഫാക്കാന്‍ നാസയെ പ്രേരിപ്പിച്ചത്. 

വോയേജർ 1 പേടകത്തിന്‍റെ ഊർജസ്രോതസായ റേഡിയോ ഐസോടോപ്പ് പവർ സിസ്റ്റം ഓരോ വർഷവും ഏകദേശം നാല് വാട്ട് വീതം ക്ഷയിച്ചുവരുന്നു. അതിനാൽ ശേഷിക്കുന്ന ഉപകരണങ്ങൾ കൂടുതൽ കാലം പ്രവർത്തിപ്പിക്കാൻ ചില ശാസ്ത്രീയ ഉപകരണങ്ങൾ ഘട്ടംഘട്ടമായി ഓഫാക്കിക്കൊണ്ടിരിക്കുകയാണ് നാസയുടെ ദൗത്യസംഘം.ഇതിനായി 2026 ഏപ്രിൽ 17-ന് ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ എഞ്ചിനീയർമാർ വോയേജർ 1-ന്‍റെ ലോ-എനർജി ചാർജ്‌ഡ് (Low-Energy Charged Particles (LECP) എന്ന ഉപകരണം ഓഫ് ചെയ്യാനുള്ള കമാൻഡ് അയച്ചു. ഈ ഉപകരണം വിക്ഷേപണത്തിന് ശേഷം ഏകദേശം 49 വർഷത്തോളമായി നിരന്തരമായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്‍റർസ്റ്റെല്ലാർ മാധ്യമത്തിലെ കുറഞ്ഞ ഊർജമുള്ള അയണുകൾ, ഇലക്‌ട്രോണുകൾ, കോസ്‍മിക് കിരണങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർണായക ഡാറ്റ ശേഖരിക്കുന്നതിൽ ഇതിന് വലിയ പങ്കുണ്ടായിരുന്നു.

വൈദ്യുതി കുറവ് കാരണം വോയേജർ 1 പേടകം സ്വയം ഷട്ട്ഡൗൺ ഉണ്ടാക്കാൻ സാധ്യതയുണ്ടായതിനാൽ, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് അതിലെ ഉപകരണങ്ങൾ ക്രമമായി നിർത്തുകയാണ് നാസ. ഇപ്പോൾ രണ്ട് ഉപകരണങ്ങൾ മാത്രമാണ് സജീവം. ഇതിൽ ഒരു പ്ലാസ്‍മ വേവ് ഡിറ്റക്‌ടറും ഒരു മാഗ്നറ്റോമീറ്ററും ഉൾപ്പെടുന്നു. ആദ്യത്തെ 10 ശാസ്ത്രീയ ഉപകരണങ്ങളിൽ ഏഴ് ഇതിനകം തന്നെ പ്രവർത്തനം നിർത്തിയിട്ടുണ്ട്.

എൽഇസിപി ഓഫ് ചെയ്തതോടെ ദൗത്യത്തിന്‍റെ ആയുസ് ഏകദേശം ഒരു വർഷം കൂടി നീളുമെന്ന് എഞ്ചിനീയർമാർ വിലയിരുത്തുന്നു. 'ബിഗ് ബാംഗ്' എന്ന പേരിലുള്ള പുതിയ പദ്ധതിയുടെ ഭാഗമായി കുറവ് വൈദ്യുതി ഉപയോഗിക്കുന്ന സംവിധാനങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുമുണ്ട്. ഇതോടെ കോസ്‍മിക് കിരണങ്ങളുമായി ബന്ധപ്പെട്ട ചില വിലപ്പെട്ട വിവരങ്ങൾ നഷ്‍ടപ്പെടുമെങ്കിലും ശേഷിക്കുന്ന ഉപകരണങ്ങൾക്ക് കൂടുതൽ ഊർജം ലഭിക്കും. വോയേജർ 1-ന്‍റെ അവസാന ഊർജവും തീരുന്നതുവരെ ശാസ്ത്രീയ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കും. എന്നാൽ ഇത് പൂർണമായി എപ്പോൾ പ്രവർത്തനം നിർത്തുമെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News