സ്പേഡെക്സ്, എൻവിഎസ്-02 ദൗത്യങ്ങളെക്കുറിച്ച് യു ആർ റാവു സാറ്റലൈറ്റ് സെന്‍റര്‍ മേധാവി എം ശങ്കരൻ ഏഷ്യാനെറ്റ് ന്യൂസിനോട് 

ബെംഗളൂരു: സ്പേഡെക്സ്സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിന്‍റെ അടുത്ത ഘട്ടം നടപ്പിലാക്കാൻ ഇനിയും കാത്തിരിക്കണമെന്ന് ഐഎസ്ആർഒയുടെ ഉപഗ്രഹ വികസന കേന്ദ്രമായ യു ആർ റാവു സാറ്റ്‌ലൈറ്റ് സെന്‍ററിന്‍റെ (യുആർഎസ്‍സി) മേധാവി എം ശങ്കരൻ ഏഷ്യാനെറ്റ് ന്യൂസിനോട്. മെയ് മാസത്തിലാകും ഇപ്പോൾ ഒന്നായി സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളെ വേർപ്പെടുത്താൻ ശ്രമിക്കുക. രണ്ടാം സ്പേഡെക്സ് ദൗത്യത്തിനുള്ള അനുമതി കിട്ടിക്കഴിഞ്ഞു. ഈ ദൗത്യത്തിലായിരിക്കും ചന്ദ്രയാൻ നാലിനാവശ്യമായ സാങ്കേതിക വിദ്യ പരീക്ഷിക്കുക. എൻവിഎസ്-02 ഉപഗ്രഹത്തിനുണ്ടായ സാങ്കേതിക പ്രശ്നത്തെക്കുറിച്ച് ഉന്നതതല സമിതി റിപ്പോർട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും എം ശങ്കരൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

സ്പേഡെക്സ് ദൗത്യത്തിന്‍റെ അടുത്ത ഘട്ടത്തിനായി ഐഎസ്ആര്‍ഒ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഉപഗ്രഹങ്ങളെ വേർപ്പെടുത്താൻ അനുയോജ്യ സമയത്തിനായി ഇസ്രൊ കാത്തിരിക്കുകയാണ്. മെയ് മാസത്തിൽ ഉപഗ്രഹങ്ങൾ തമ്മിൽ ഊർജ്ജക്കൈമാറ്റത്തിന് ശ്രമിക്കും. ഉപഗ്രഹങ്ങളെ തമ്മിൽ വേർപ്പെടുത്തുക എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും. എൻവിഎസ്-02 ഉപഗ്രഹത്തിലെ പ്രതിസന്ധി മുൻ ചെയർമാൻ കിരൺ കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക സമിതി പഠിക്കുകയാണ്. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭിക്കും. റിപ്പോർട്ട് ലഭിച്ച ശേഷം അടുത്ത നടപടികളിലേക്ക് കടക്കും എന്നും യുആർഎസ്‍സി മേധാവി എം ശങ്കരന്‍ കൂട്ടിച്ചേര്‍ത്തു. 

ചരിത്രമെഴുതിയ സ്പേഡെക്സ്

2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍ (എസ്‌ഡിഎക്സ് 01), ടാര്‍ഗറ്റ് (എസ്ഡിഎക്സ് 02) എന്നീ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുകയും ഊര്‍ജ്ജക്കൈമാറ്റം നടത്തുകയും വേര്‍പെടുത്തുകയുമാണ് ഐഎസ്ആര്‍ഒ ലക്ഷ്യംവയ്ക്കുന്നത്. 2025 ജനുവരി 16-ന് രാജ്യത്തിന്‍റെ ചരിത്രത്തിലെ കന്നി സ്പേസ് ഡോക്കിംഗ് ഇസ്രൊ വിജയകരമായി നടത്തി. പലതവണ മാറ്റിവെച്ച ഈ പരീക്ഷണം നാലാം ശ്രമത്തിലാണ് ഇസ്രൊ വിജയകരമാക്കിയത്. ഇതോടെ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന നാലാമത്തെ മാത്രം രാജ്യം എന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതിന് ശേഷം സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ തമ്മില്‍ ഊര്‍ജ്ജക്കൈമാറ്റം നടത്താനും വേര്‍പെടുത്താനും ഇസ്രൊ കാത്തിരിക്കുകയാണ്. 

Read more: അഭിമാനമായി സ്പേഡെക്സ്; സ്പേസ് ഡോക്കിംഗ് വിജയിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ, ഇസ്രൊ എലൈറ്റ് ക്ലബില്‍

ഐഎസ്ആര്‍ഒയുടെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുള്ള 100-ാം വിക്ഷേപണത്തിലാണ് എന്‍വിഎസ്-02 ഉപഗ്രഹം ഇസ്രൊ വിക്ഷേപിച്ചത്. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം. എന്നാല്‍ വിക്ഷേപണത്തിന് ശേഷം എൻവിഎസ്-02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. ഉപ​ഗ്രഹത്തിന്‍റെ ഭ്രമണപഥം ഉയർത്താൻ സാധിക്കാതെ വന്നതോടെയാണ് തകരാർ വ്യക്തമായത്. 

അടുത്തത് നിസാര്‍

ഐഎസ്ആർഒയുടെ അടുത്ത വിക്ഷേപണ ദൗത്യം നിസാര്‍ ഉപഗ്രഹ വിക്ഷേപണമാണ്. ഇസ്രൊ-നാസ സംയുക്ത ദൗത്യമായ ഈ ഭൗമനിരീക്ഷണ ഉപഗ്രഹം 2025 മാര്‍ച്ച് മാസത്തിലാവും വിക്ഷേപിക്കുക. ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാനായുള്ള റഡാര്‍ ഇമേജിംഗ് സാറ്റ്‌ലൈറ്റാണ് നിസാര്‍ എന്ന ചുരുക്കെഴുത്തില്‍ അറിയപ്പെടുന്നത്. 'നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപേര്‍ച്വര്‍ റഡാര്‍' (NASA-ISRO Synthetic Aperture Radar) എന്നാണ് നിസാറിന്‍റെ പൂര്‍ണരൂപം. ഓരോ 12 ദിവസം കൂടുമ്പോഴും ഭൂമിയിലെ കരഭാഗത്തിന്‍റെയും മഞ്ഞുമൂടിയ പ്രതലത്തിന്‍റെ മാറ്റങ്ങള്‍ ഒപ്പിയെടുക്കുന്ന രീതിയിലാണ് നിസാര്‍ രൂപകല്‍പന ചെയ്‌തിരിക്കുന്നത്. എല്‍-ബാന്‍ഡ്, എസ്-ബാന്‍ഡ് എന്നിങ്ങനെ രണ്ട് ഫ്രീക്വന്‍സിയിലുള്ള ഒരു ജോഡി റഡാറുകള്‍ നിസാര്‍ ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിരിക്കുന്നു. 

Read more: ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം: ബഹിരാകാശത്തെത്തിച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം