ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിനുള്ള പരിശീലനം തകൃതിയായി നടക്കുന്നതായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായ‌‌‌ർ.

തിരുവനന്തപുരം: അധികം വൈകാതെ ഒരു മലയാളി ബ​ഹിരാകാശത്തേക്ക് പോകുമെന്ന് ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനും ഗഗന്‍യാന്‍ ദൗത്യത്തിനുള്ള സംഘാംഗവുമായ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായ‌‌‌ർ. തിരുവനന്തപുരം ഐഐഎസ്‍ടിയിൽ കുട്ടികളുമായി സംവദിക്കാനെത്തിയപ്പോഴാണ് അദേഹത്തിന്‍റെ പ്രതികരണം. ബഹിരാകാശത്ത് ഇന്ത്യക്കാരെ എത്തിക്കാനുള്ള ഇന്ത്യയുടെ ​ഗ​ഗൻയാൻ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ മുതി‌ർന്നയാളാണ് പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍. ഗഗന്‍യാന്‍ ഉള്‍പ്പടെയുള്ള ഐഎസ്ആര്‍ഒയുടെ വരുംകാല ബഹിരാകാശ ദൗത്യങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് മലയാളി കൂടിയായ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായ‌‌‌ർ നോക്കിക്കാണുന്നത്.

പ്രശാന്ത് ബാലകൃഷ്‌ണന്‍ നായ‌‌‌ർ- ആക്‌സിയം 4 ദൗത്യത്തിലെ നിശബ്‌ദ മലയാളി സാന്നിധ്യം

അധികം വൈകാതെ ഇന്ത്യയുടെ സ്വന്തം ​ഗ​ഗൻയാൻ പദ്ധതി യാഥാ‌ർഥ്യമാകുമെന്നും ചന്ദ്രനിൽ ഒരിന്ത്യക്കാരനെത്തുന്ന നാൾ വിദൂരമല്ലെന്നും പ്രശാന്ത് ബാലകൃഷ്‌ണന്‍ നായ‌‌‌ർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയില്‍ സഹപ്രവര്‍ത്തകനും ഗഗന്‍യാന്‍ സംഘത്തിലെ അംഗവുമായ ശുഭാംശു ശുക്ല ആക്‌സിയം 4 ദൗത്യത്തില്‍ ബഹിരാകാശത്ത് പോയപ്പോൾ തനിക്ക് ഭൂമിയിൽ കാത്തിരിക്കേണ്ടിവന്നെങ്കിലും അതിൽ പ്രശാന്തിന് സന്തോഷം മാത്രമേയുള്ളൂ. തിരുവനന്തപുരം ഐഐഎസ്‍ടിയിൽ കുട്ടികളുമായി സംവദിക്കാനെത്തിയപ്പോഴാണ് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. ശുഭാംശു ശുക്ലയ്‌ക്കൊപ്പം ആക്‌സിയം 4 ദൗത്യത്തിനായി പരിശീലിച്ച പ്രശാന്ത് ബാലകൃഷ്‌ണന്‍ നായ‌‌‌ർ ആ ദൗത്യത്തിന്‍റെ പിന്നണിയിൽ സുപ്രധാന പങ്കുവഹിച്ചയാളുമാണ്.

ആക്‌സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ ശുഭാംശു ശുക്ലയുടെ ബാക്കപ്പായി നാസയില്‍ പരിശീലനത്തിലുണ്ടായിരുന്നയാളാണ് പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍. ആക്‌സിയം ദൗത്യത്തിനായി മാസങ്ങളോളം ശുഭാംശുവും പ്രശാന്തും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയിലും, സ്വകാര്യ ബഹിരാകാശ വിക്ഷേപകരായ സ്പേസ് എക്‌സിലും പരിശീലനത്തിലുണ്ടായിരുന്നു. ആക്‌സിയം 4 ദൗത്യ വിക്ഷേപണത്തിന് പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നേരിട്ട് സാക്ഷിയായിരുന്നു. നാസയുമായി സഹകരിച്ച് ആക്‌സിയം എന്ന സ്വകാര്യ കമ്പനിയായിരുന്നു ആക്‌സിയം 4 ദൗത്യം നടത്തിയത്. പ്രതിരോധരംഗത്തെ ഇന്ത്യ-അമേരിക്കന്‍ സഹകരണത്തിന്‍റെ ഭാഗമായാണ് ശുഭാംശുവിന് ആക്‌സിയം 4 ദൗത്യത്തില്‍ ഐഎസ്എസ് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്.

YouTube video player

ഗഗന്‍യാന്‍ മനുഷ്യ ദൗത്യം 2027ല്‍

ഇന്ത്യക്കാരായ മൂന്ന് പേരെ ഇസ്രൊയുടെ സ്വന്തം ബഹിരാകാശ വാഹനത്തില്‍ ഇന്ത്യയില്‍ നിന്ന് തന്നെ വിക്ഷേപിച്ച് ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ബഹിരാകാശ ദൗത്യമാണ് ഗഗന്‍യാന്‍. 2027-ൽ സ്വന്തം പേടകത്തില്‍ ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കാനാണ് ഇസ്രൊ പദ്ധതിയിടുന്നത്. ഇവര്‍ മൂന്ന് ദിവസം 400 കിലോമീറ്റര്‍ അകലെയുള്ള ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ ചിലവഴിക്കും. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായി വ്യോമിത്ര റോബോട്ടിനെ (Vyom Mitra) ആളില്ലാ പരീക്ഷണ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് ഇന്ത്യ അയക്കും. ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായി ഇന്‍റഗ്രേറ്റഡ് എയ‌‌‌ർഡ്രോപ് ടെസ്റ്റ് അടുത്തിടെ ഇസ്രൊ വിജയിപ്പിച്ചിരുന്നു. ദൗത്യത്തിനായി ഐഎസ്ആര്‍ഒ തെരഞ്ഞെടുത്ത നാല് പേരിലുള്ളവരാണ് പ്രശാന്ത് ബാലകൃഷ്‌ണന്‍ നായരും ശുഭാംശു ശുക്ലയും. അംഗദ് പ്രതാപ്, അജിത് കൃഷ്‌ണൻ എന്നിവരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള മറ്റ് രണ്ടുപേര്‍. ഗഗന്‍യാന്‍ ദൗത്യത്തിനായി പരിശീലനങ്ങള്‍ തുടരുകയാണ് പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍, ശുഭാംശു ശുക്ല, അംഗദ് പ്രതാപ്, അജിത് കൃഷ്‌ണൻ എന്നീ നാല്‍വര്‍ സംഘം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming