കറുത്ത ശരീരത്തിൽ മഞ്ഞവരകൾ, നീളൻ കാലുകൾ; പുതിയ 2 ജീവിവർ​ഗങ്ങളെ കൂടി കണ്ടെത്തി, അതും നമ്മുടെ പശ്ചിമഘട്ടത്തിൽ

കാലവര്‍ഷത്തിന്റെ പാരമ്യത്തില്‍ മാത്രം കാണപ്പെടുന്ന ഈ തുമ്പിയെ ആദ്യം കാണുന്നത് 2020ല്‍ ആണ്. എന്നാല്‍ ഈ പ്രദേശത്ത് കാട്ടാനകള്‍ ഇറങ്ങുന്നത് കൊണ്ട് തുടര്‍പഠനങ്ങള്‍ വൈകുകയായിരുന്നു. തീരത്ത് ഓട തിങ്ങിവളരുന്ന നീര്‍ച്ചാലുകളാണ് ഈ തുമ്പിയുടെ വാസസ്ഥലം.

Two New Species found in western ghats

തൃശൂര്‍: പശ്ചിമഘട്ടത്തിൽ കേരളത്തിലെയും മഹാരാഷ്ട്രയിലെയും വനാതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് പുതിയ രണ്ടിനം കടുവാത്തുമ്പികളെ കണ്ടെത്തി. കറുത്ത ശരീരത്തില്‍ മഞ്ഞ വരകളുള്ള സാമാന്യം വലിയ കല്ലന്‍ത്തുമ്പികളാണ് കടുവാത്തുമ്പി കുടുംബത്തില്‍ ഉള്ളത്. ഇതിലെ നീളന്‍ പിന്‍കാലുകളുള്ള മീറോഗോമ്ഫസ് എന്ന ജനുസില്‍നിന്നാണ് പുതിയ തുമ്പികളെ കണ്ടെത്തിയത്. പുതിയ തുമ്പികളുടെ ചെറുവാലുകള്‍, ജനനേന്ദ്രിയം, ശരീരത്തിലെ പാടുകള്‍ എന്നിവ മറ്റ് തുമ്പികളില്‍നിന്നും വ്യത്യസ്തമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ജനിതക പഠനവും ഇവ പുതിയ ജീവജാതികളാണെന്നത് ശരിവച്ചു. ചെറു ചോലക്കടുവ ആര്യനാട് പഞ്ചായത്തിലെ മഞ്ചാടിനിന്നവിള എന്ന ഗ്രാമത്തില്‍നിന്നാണ് ഈ വിഭാഗത്തിലെ വലിപ്പം കുറവുള്ള ചെറു ചോലക്കടുവ തുമ്പിയെ കണ്ടെത്തിയത്. 

കാലവര്‍ഷത്തിന്റെ പാരമ്യത്തില്‍ മാത്രം കാണപ്പെടുന്ന ഈ തുമ്പിയെ ആദ്യം കാണുന്നത് 2020ല്‍ ആണ്. എന്നാല്‍ ഈ പ്രദേശത്ത് കാട്ടാനകള്‍ ഇറങ്ങുന്നത് കൊണ്ട് തുടര്‍പഠനങ്ങള്‍ വൈകുകയായിരുന്നു. തീരത്ത് ഓട തിങ്ങിവളരുന്ന നീര്‍ച്ചാലുകളാണ് ഈ തുമ്പിയുടെ വാസസ്ഥലം. ജൈവവൈവിധ്യത്താല്‍ സമ്പന്നമായ ആര്യനാടിന്റെ പേരാണ് തുമ്പിയുടെ ശാസ്ത്രനാമത്തില്‍ ചേര്‍ത്തിരിക്കുന്നത്. 

മഹാരാഷ്ട്രയില്‍ സിന്ധുദുര്‍ഗ് ജില്ലയിലെ ഹാദ്പിട് എന്ന ഗ്രാമത്തില്‍നിന്നുമാണ് ഇരുളന്‍ ചോലക്കടുവയെ കണ്ടെത്തിയത്. ജനുസിലെ മറ്റ് തുമ്പികളെ അപേക്ഷിച്ച് ഈ തുമ്പിക്ക് ശരീരത്തില്‍ മഞ്ഞ പാടുകള്‍ കുറവാണ്. പശ്ചിമഘട്ടത്തില്‍ തന്നെ കാണുന്ന മലബാര്‍ പുള്ളിവാലന്‍ ചോലക്കടുവയുമായി ഏറെ സാമ്യമുള്ളതിനാലാണ് ഈ തുമ്പി ഇത്രയും കാലം തിരിച്ചറിയപ്പെടാതെ പോയത്. ഇതിനെ മഹാരാഷ്ട്ര മുതല്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ വരെ കാണാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 

Read More... ചൊവ്വയ്ക്ക് മുകളിൽ തിളങ്ങുന്ന വർണ്ണ മേഘങ്ങൾ, അതിശയിപ്പിക്കും ദൃശ്യങ്ങളുമായി നാസയുടെ ക്യൂരിയോസിറ്റി റോവർ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ വിവേക് ചന്ദ്രന്‍, ഡോ. സുബിന്‍ കെ. ജോസ്, പൗര ശാസ്ത്രജ്ഞനും ഫോട്ടോഗ്രാഫറുമായ റെജി ചന്ദ്രന്‍, ബെംഗളൂരു നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ ഗവേഷകരായ ഡോ. ദത്തപ്രസാദ് സാവന്ത്, ഡോ. കൃഷ്ണമേഖ് കുണ്ഡെ, പൂനെ എം.ഐ.ടി. വേള്‍ഡ് പീസ് യൂണിവേഴ്‌സിറ്റിയിലെ പങ്കജ് കൊപാര്‍ഡേ എന്നിവരാണ് ഗവേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. ഗവേഷണഫലങ്ങള്‍ അന്താരാഷ്ട്ര ജേര്‍ണലായ സൂടാക്‌സയില്‍ പ്രസിദ്ധീകരിച്ചു.

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios