ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ കണ്ടന്റ് പ്ലാറ്റ്‌ഫോമായ വെർസെ ഇന്നൊവേഷൻ, പ്രസന്ന പ്രസാദിനെ തങ്ങളുടെ സാങ്കേതിക നേതൃനിരയിലേക്ക് നിയമിച്ചു. ഈ നീക്കത്തിലൂടെ കമ്പനിയുടെ എഞ്ചിനീയറിംഗ്, പ്രൊഡക്റ്റ്, ഡാറ്റ സയൻസ് വിഭാഗങ്ങളെ പ്രസന്ന നയിക്കും. 

ബെംഗളൂരു: ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ കണ്ടന്റ് പ്ലാറ്റ്‌ഫോമായ വെർസെ ഇന്നൊവേഷൻ തങ്ങളുടെ സാങ്കേതിക നേതൃനിരയിലേക്ക് പ്രസന്ന പ്രസാദിനെ നിയമിച്ചു. ഡെയ്‌ലിഹണ്ട്, ജോഷ്, വൺഇന്ത്യ, മാഗ്‌സ്റ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ കോടിക്കണക്കിന് ഉപയോക്താക്കളുള്ള കമ്പനി, ഇനി എഐ സാങ്കേതികവിദ്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കമ്പനിയുടെ എഞ്ചിനീയറിംഗ്, പ്രൊഡക്റ്റ്, ഡാറ്റ സയൻസ് വിഭാഗങ്ങളെ പ്രസന്ന നയിക്കും. ഉപയോക്താക്കൾക്കും ക്രിയേറ്റർമാർക്കും പരസ്യദാതാക്കൾക്കും ഒരുപോലെ ഉപകാരപ്രദമായ എഐ സേവനങ്ങൾ വികസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

Add Asianetnews as a Preferred SourcegooglePreferred

ഓരോ ഉപയോക്താവിനും അവരുടെ താൽപ്പര്യത്തിനനുസരിച്ചുള്ള ഉള്ളടക്കം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. ബ്രാൻഡുകൾക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ കൃത്യതയോടെ ഉപയോക്താക്കളിലേക്ക് എത്താൻ സഹായിക്കുന്ന എഐ അധിഷ്ഠിത പരസ്യ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്നിവയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി പ്രൊഡക്റ്റ് എഞ്ചിനീയറിംഗ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ പ്രസന്ന പ്രവർത്തിക്കുന്നുണ്ട്. 'വേർവ് ഗ്രൂപ്പ്' ചീഫ് ടെക്നോളജി ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്ക, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ആഗോള വിപണികളിൽ വലിയ പ്ലാറ്റ്‌ഫോമുകൾ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള വമ്പന്മാരുടെ നിക്ഷേപമുള്ള വെർസെ ഇന്നൊവേഷൻ, ഇന്ത്യയിലെ പ്രാദേശിക ഭാഷാ ഇന്റർനെറ്റ് വിപണിയിലെ ആദ്യ യൂണികോൺ കമ്പനികളിലൊന്നാണ്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ വിഭജനം കുറയ്ക്കാനാണ് കമ്പനി ശ്രമിക്കുന്നത്. രാജ്യത്തെ ഗ്രാമങ്ങളിൽ പോലുമുള്ള സാധാരണക്കാർക്ക് സ്മാർട്ട്ഫോൺ ഉപയോഗം കൂടുതൽ എളുപ്പവും വിജ്ഞാനപ്രദവുമാക്കുക എന്നതാണ് വെർസെ ഇന്നൊവേഷൻ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്മാർ ഈ കമ്പനിയിൽ നിക്ഷേപം നടത്തുന്നതും ഈ ഒരു മാറ്റം മുന്നിൽ കണ്ടാണ്.