Asianet News MalayalamAsianet News Malayalam

ചെഞ്ചുവപ്പ്, വലിയ കണ്ണുകൾ, കുഞ്ഞുസൂചികൾ പോലുള്ള ആവരണം; 'നടക്കാൻ' കഴിയുന്ന അപൂർവ്വ മത്സ്യത്തെ കണ്ടെത്തി

റോബോട്ടിക് അണ്ടർവാട്ടർ വെഹിക്കിൾ അയച്ചപ്പോള്‍ വോക്കിങ് ഫിഷ് ഉള്‍പ്പെടെ പുതിയ നൂറിലധികം ഇനം ജീവികളെ കണ്ടെത്തിയിരിക്കുകയാണ്

walking fish rare bright red creature found during deep sea expedition SSM
Author
First Published Mar 1, 2024, 3:29 PM IST

സമുദ്രത്തിനടിയിലെ ആഴത്തിലുള്ള പര്യവേഷണങ്ങളിലൂടെ പുതിയ തരം ജീവികളെ കണ്ടെത്താറുണ്ട്. 5000 അടിയിലധികം താഴേക്ക് റോബോട്ടിക് അണ്ടർവാട്ടർ വെഹിക്കിൾ അഥവാ ആർഒവി അയച്ചപ്പോള്‍ അപൂർവമായ 'നടക്കാൻ' കഴിയുന്ന മത്സ്യം (വോക്കിങ് ഫിഷ്) ഉള്‍പ്പെടെ പുതിയ നൂറിലധികം ഇനം ജീവികളെ കണ്ടെത്തിയിരിക്കുകയാണ്. ചിലിയൻ തീരത്താണ് ഇവയെ കണ്ടെത്തിയത്. 

ഈ പ്രത്യേകയിനം മത്സ്യത്തിന് പ്രത്യേക തരം ചിറകുകളുമുണ്ട്. ഈ ചിറക് ഉപയോഗിച്ച് നീന്താൻ മാത്രമല്ല നടക്കാനും കഴിയും. ഒരുപക്ഷേ തീരത്തോട് ചേർന്നുള്ള സ്ഥലങ്ങളിൽ നീന്തുന്നതിനേക്കാള്‍ അനായാസമായി നടക്കാൻ ഇവയ്ക്ക് സാധിക്കും. നടക്കുന്ന മത്സ്യത്തിന്‍റെ മറ്റൊരു പ്രത്യേകത വലിയ കണ്ണുകളാണ്. അലങ്കാര തുന്നൽ ചെയ്തതു പോലുള്ള ശരീരമാണ് ഇവയ്ക്ക്. ഏറ്റവും പുറത്തായി ചെറിയ സൂചികൾ പോലുള്ള ആവരണവും കാണാം. ഇവ സംരക്ഷണം നൽകുന്നതിനൊപ്പം ചുറ്റുപാടുകൾ മനസ്സിലാക്കുന്നതിനുള്ള ഉപാധിയായും വർത്തിക്കുന്നു. കടൽ തവളയോട് സാമ്യമുള്ള ആഴക്കടൽ ആംഗ്ലർ ഫിഷാണ് ഇവ.ഇരകളെ ആകർഷിക്കാൻ വെട്ടിത്തിളങ്ങുന്ന ചെഞ്ചുവപ്പ് നിറവുമുണ്ട്. .

തെക്കുകിഴക്കൻ പസഫിക്കിൽ ആദ്യമായാണ് ഈയിനം ജീവികള്‍ കാണപ്പെടുന്നത്. ഇവയുടെ ജീവശാസ്ത്രം, രീതികള്‍, മറ്റ് പ്രത്യേകതകള്‍ എന്നിവയെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങളേ ഗവേഷകർക്കുള്ളൂവെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ ഫിഷറി ബയോളജിസ്റ്റ് ബ്രൂസ് മുണ്ടെ പറഞ്ഞു.

നേരത്തെ ഓസ്ട്രേലിയയിലെ ടാസ്മാനിയന്‍ തീരത്തും സമാനമായ മത്സ്യത്തെ കണ്ടെത്തിയിരുന്നു. പിങ്ക് ഹാന്‍ഡ്ഫിഷ് എന്നറിയപ്പെടുന്ന ഈ മല്‍സ്യത്തെ ഒരു മുങ്ങല്‍ വിദഗ്ധനാണ് ടാസ്മാനിയ തീരത്ത് അവസാനമായി കണ്ടത്. ഈ മത്സ്യത്തിന്റെ പ്രത്യേകതയും ചിറകുകളാണ്. അവ മത്സ്യത്തെ നീന്തുന്നതിനൊപ്പം നടക്കാനും സഹായിക്കുന്നു. കുറേകാലം കാണാതായപ്പോള്‍, ഈ മത്സ്യത്തെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു മറൈന്‍ പാര്‍ക്കില്‍ സ്ഥാപിച്ച ആഴക്കടല്‍ ക്യാമറയിലൂടെ അവയെ വീണ്ടും ഓസ്ട്രേലിയന്‍ ഗവേഷകരാണ് കണ്ടെത്തിയത്. ആംഗ്ലര്‍ഫിഷ് കുടുംബത്തിലെ അംഗമാണ് പിങ്ക് ഹാന്‍ഡ്ഫിഷും. ആഴം കുറഞ്ഞ വെള്ളത്തിലാണ് ഇത് ജീവിക്കുന്നതെന്നായിരുന്നു ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ അവയെ കണ്ടെത്തിയത് ആഴമേറിയ സമുദ്ര അടിത്തട്ടിലാണ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios