Asianet News MalayalamAsianet News Malayalam

ചന്ദ്രയാൻ 3 ലാന്‍റിംഗ്: നിര്‍ണ്ണായകമായ ആ 17 മിനുട്ടുകളില്‍ സംഭവിക്കുന്നത് വിശദീകരിച്ച് ഐഎസ്ആര്‍ഒ

എന്നാല്‍ ഈ ദൗത്യത്തില്‍ 'ഭീകരമായ 17 മിനുട്ടുകള്‍' എന്ന് ഐഎസ്ആര്‍ഒ തന്നെ വിശേഷിപ്പിക്കുന്ന കാലയളവാണ് നിര്‍ണ്ണായകം.

What is 17 minutes of terror for Chandrayaan 3? Senior ISRO official explains vvk
Author
First Published Aug 23, 2023, 11:57 AM IST

തിരുവനന്തപുരം: ചന്ദ്രയാൻ 3 ചന്ദ്രനെ തൊടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് രാജ്യവും ലോകവും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. ലോകത്തിലെ ഒരു ബഹിരാകാശ ശക്തിയും ഈ പ്രദേശത്ത് ലാന്‍റിംഗിന് ശ്രമിച്ചിട്ടില്ല എന്നത് തന്നെയാണ് ഇതിന്‍റെ പ്രത്യേകത. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും നെഞ്ചിടിപ്പ് ഉയരുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ ഈ ദൗത്യത്തില്‍ 'ഭീകരമായ 17 മിനുട്ടുകള്‍' എന്ന് ഐഎസ്ആര്‍ഒ തന്നെ വിശേഷിപ്പിക്കുന്ന കാലയളവാണ് നിര്‍ണ്ണായകം. ഐഎസ്ആർഒയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ (എസ്എസി) ഡയറക്ടർ നിലേഷ് എം ദേശായി എഎൻഐയോട് 'ഭീകരമായ 17 മിനുട്ടുകളുടെ' പ്രാധാന്യം വിവരിച്ചു. 

"ഓഗസ്റ്റ് 23 ന് ലാൻഡർ 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കും. അപ്പോള്‍ ഏകദേശ വേഗത സെക്കൻഡിൽ 1.68 കിലോമീറ്റർ ആയിരിക്കും. ഇത് വലിയ വേഗതയാണ്. ചന്ദ്രന്റെ ഗുരുത്വാകർഷണബലം ലാൻഡറിനെ അതിന്‍റെ ഉപരിതലത്തിലേക്ക് വലിക്കും.

സോഫ്റ്റ് ലാൻഡിങ്ങ് സമയത്ത് ലാൻഡർ വേഗത പൂജ്യത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിനായി ത്രസ്റ്റർ എഞ്ചിൻ പുനഃസ്ഥാപിക്കേണ്ടതുണ്ട്. ലാൻഡർ മൊഡ്യൂളിൽ ഞങ്ങൾ നാല് ത്രസ്റ്റർ എഞ്ചിനുകൾ സ്ഥാപിച്ചിട്ടുണ്ട്. 25 കിലോമീറ്റർ ഉയരത്തിൽ നിന്ന് ലാൻഡർ 7.5 കിലോമീറ്ററിലേക്കും പിന്നീട് 6.8 കിലോമീറ്ററിലേക്കും ഇറക്കും. 

തുടര്‍ന്ന് നാല് എഞ്ചിനുകളിൽ രണ്ടെണ്ണം നിർത്തുകയും ശേഷിക്കുന്ന എഞ്ചിനുകൾ ലാൻഡിങ്ങിനായി ഉപയോഗിക്കുകയും ചെയ്യും. ഞങ്ങൾ എഞ്ചിന്റെ റിവേഴ്സ് ത്രസ്റ്റ് ചെയ്യും. 6.8 കിലോമീറ്റർ ഉയരത്തിൽ വെച്ച് ലാൻഡറിന്റെ വേഗത നാലുമടങ്ങായി കുറയ്ക്കും. 

ലാൻഡർ 6.8 കിലോമീറ്ററിൽ നിന്ന് 800 മീറ്ററിലേക്ക് താഴുകയും തുടർന്ന് ചന്ദ്രോപരിതലത്തിലേക്ക് ലംബമായി ഇറങ്ങുകയും ചെയ്യും. ക്യാമറകളിൽ നിന്നും സെൻസറിൽ നിന്നും ലഭിച്ച റഫറൻസ് ഡാറ്റ ഉപയോഗിച്ച്, ലാൻഡർ ഏത് സ്ഥലത്താണ് ഇറങ്ങേണ്ടതെന്ന് തീരുമാനിക്കും.ലാൻഡർ എവിടെയാണ് ഇറങ്ങേണ്ടതെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഉപരിതലത്തിന് മുകളിലൂടെ സഞ്ചരിക്കും.

മുഴുവൻ പ്രക്രിയയും 17 മിനിറ്റും 21 സെക്കൻഡും കൊണ്ട് നടക്കും. അനുയോജ്യമായ സ്ഥലത്ത് ലാൻഡർ അൽപ്പം വശത്തേക്ക് നീങ്ങുകയാണെങ്കിൽ. ഈ സമയം 17 മിനിറ്റും 32 സെക്കൻഡുമായിരിക്കും.  'ഭീകരതയുടെ 17 മിനിറ്റ്' ലാന്‍റിംഗിന് നിര്‍ണ്ണായകമാണ്. എന്നാല്‍ ഒരു തെറ്റും സംഭവിക്കാതെ ഇത് പൂര്‍ത്തിയാക്കാന്‍ ഐഎസ്ആര്‍ഒ തയ്യാറാണ്" - എസ്എസി ഡയറക്ടർ നിലേഷ് എം ദേശായി പറയുന്നു. 

അഭിമാന നിമിഷത്തിനായി രാജ്യത്തിന്റെ കാത്തിരിപ്പ്: ചന്ദ്രയാൻ മൂന്ന് ഇന്ന് ചന്ദ്രനെ തൊടും

Asianet News Live

Follow Us:
Download App:
  • android
  • ios