പെർസീഡ് ഉൽക്കാവർഷം കാണാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
ഓരോ വർഷവും വാനനിരീക്ഷകരും ജ്യോതിശാസ്‍ത്രജ്ഞരുമൊക്കെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആകാശ വിസ്‌മയങ്ങളിലൊന്നാണ് പെർസീഡ് ഉൽക്കാവർഷം. അതിശയകരമായ അഗ്നിഗോളങ്ങളായി മാറുന്ന ഈ ഉൽക്കാവർഷം ആകാശനിരീക്ഷകരെ അതിശയിപ്പിക്കുന്നു. സ്വിഫ്റ്റ്-ടട്ടിൽ (109P) വാൽനക്ഷത്രത്തിന്‍റെ അവശിഷ്‍ടങ്ങൾക്ക് ഇടയിലൂടെ ഭൂമി കടന്നുപോകുമ്പോൾ എല്ലാ വർഷവും സംഭവിക്കുന്ന ഈ ഉൽക്കാവർഷം മണിക്കൂറിൽ 100 ഉൽക്കകൾ വരെ ഉത്പാദിപ്പിക്കുന്നതിന് പേരുകേട്ടതാണ്.
2025-ലെ ഓഗസ്റ്റ് 12-13 രാത്രികളിൽ പെർസീഡ് ഉല്‍ക്കകള്‍ ഏറ്റവും മികച്ച കാഴ്ചകൾ ലോകമെമ്പാടും സമ്മാനിക്കും. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള പ്രകൃതിദത്ത പ്രദർശനങ്ങളിലൊന്നാണിത്. വൈകുന്നേരം മുതൽ പുലർച്ചെ വരെ ഈ മനോഹര കാഴ്ചകൾ ദൃശ്യമാകും. അതിരാവിലെ വടക്കുകിഴക്കൻ ഭാഗത്ത് ഉയരത്തിൽ ഈറ്റ പെർസീ നക്ഷത്രത്തിനടുത്തുള്ള പെർസീയസ് നക്ഷത്രസമൂഹത്തിൽ നിന്നാണ് ഈ ഉൽക്കകൾ പുറപ്പെടുന്നത്.
109P/ സ്വിഫ്റ്റ് - ടട്ടിൽ (109P/Swift-Tuttle) എന്ന വാൽനക്ഷത്രം അവശേഷിപ്പിച്ച അവശിഷ്‍ടങ്ങളിൽ നിന്നാണ് പെർസീഡ് ഉൽക്കാവർഷം സംഭവിക്കുന്നത്. ഭൂമി എല്ലാ വർഷവും ഈ കോസ്‍മിക് പാതയിലൂടെ കടന്നുപോകുമ്പോൾ ചെറിയ ശകലങ്ങൾ സെക്കൻഡിൽ 37 മൈൽ (59 കിലോമീറ്റർ) വേഗതയിൽ നമ്മുടെ അന്തരീക്ഷവുമായി കൂട്ടിയിടിക്കുന്നു. ഈ അപാരമായ ഘർഷണം കാരണം ഈ കണികകൾ ജ്വലിച്ച് ആകാശത്ത് ഉടനീളം പ്രകാശത്തിന്‍റെ തിളക്കമുള്ള വരകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഷൂട്ടിംഗ് സ്റ്റാർസ് എന്ന് വിളിക്കപ്പെടുന്ന ഈ തിളങ്ങുന്ന പാതകൾ യഥാർഥത്തിൽ കത്തുന്ന ബഹിരാകാശ പൊടി അവശേഷിപ്പിച്ച ഉൽക്കാപാതകളാണ്.
പെർസീഡ്‍സ് ഉൽക്കാവർഷത്തിന്‍റെ കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ, നിങ്ങൾ ഒരു വിദൂര ഗ്രാമത്തിലേക്കോ ഇരുണ്ട സ്ഥലത്തേക്കോ പോകേണ്ടിവരും. എല്ലാ വർഷവും ഉൽക്കാവർഷം സംഭവിക്കാറുണ്ട്. ഈ വർഷം ഓഗസ്റ്റ് 12, 13 തീയതികളിലെ രാത്രിയിൽ പെർസീഡ്‍സ് ഉൽക്കാവർഷം വ്യക്തമായി കാണാൻ കഴിയും. ജൂലൈ മുതൽ ഓഗസ്റ്റ് 24 വരെ ഉൽക്കാവർഷം തുടരുമെങ്കിലും ഓഗസ്റ്റ് 12, 13 തീയതികളിലെ രാത്രിയിൽ, ഓരോ രണ്ടുമുതൽ നാല് മിനിറ്റിലും നിങ്ങൾക്ക് ഈ കാഴ്ച കാണാൻ കഴിയും. ഈ രണ്ട് രാത്രികളിലും നിങ്ങൾക്ക് ഓരോ മണിക്കൂറിലും ഉൽക്കകളെ കാണാൻ സാധിക്കും. എങ്കിലും ഇത്തവണ പൂർണ്ണചന്ദ്രൻ ആയതിനാൽ ഈ ഉൽക്കകളുടെ തെളിച്ചം കുറയാൻ സാധ്യതയുണ്ട്. അതിനാൽ അവയെ കാണാൻ അൽപ്പം ബുദ്ധിമുട്ടായിരിക്കാം.
ഈ കാഴ്ചകൾ നിരീക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ കണ്ണുകൾ ഇരുട്ടുമായി പൊരുത്തപ്പെടാൻ കുറഞ്ഞത് 30 മിനിറ്റെങ്കിലും അനുവദിക്കുക. നീണ്ട ഉൽക്കാപതന പാതകൾ കാണാൻ, ചക്രവാളത്തിന് ഏകദേശം 40 ഡിഗ്രി മുകളിൽ, പ്രകാശബിന്ദുവിൽ നിന്ന് അൽപ്പം അകലേക്ക് നോക്കാൻ വിദഗ്‌ധർ നിര്‍ദ്ദേശിക്കുന്നു. സ്‍മാർട്ട്‌ഫോണുകളില്‍ ആസ്‍ട്രോണമി ആപ്പുകൾ ഉപയോഗിക്കുന്നത് പെർസിയസിനെയും മറ്റ് നക്ഷത്രരാശികളെയും എളുപ്പത്തിൽ കണ്ടെത്താൻ നിങ്ങളെ സഹായിക്കും.
ഒരിക്കൽക്കൂടി ഓർക്കുക, ഈ ഉൽക്കകൾ കാണാൻ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമയം ഓഗസ്റ്റ് 13 രാത്രിയാണ്. ഓഗസ്റ്റ് 12-13 തീയതികൾക്ക് പുറമേ ഓഗസ്റ്റ് 16നും 20നും ഇടയിലും ഉല്‍ക്കാവര്‍ഷം നിങ്ങൾക്ക് ഇത് കാണാൻ കഴിയും.



