ശുഭാംശു ശുക്ല ഭൂമിയിലിറങ്ങുന്നതിന്‍റെ തത്സമയ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനും എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വഴി അറിയാനാകും

കാലിഫോര്‍ണിയ: ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള ആക്സിയം 4 ദൗത്യ സംഘത്തെ വഹിച്ചുകൊണ്ടുള്ള ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. കാലിഫോര്‍ണിയ തീരത്ത് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.01നാണ് പേടകത്തിന്‍റെ സ്‌പ്ലാഷ്‌ഡൗണ്‍ നിശ്ചയിച്ചിരിക്കുന്നത്. ഗ്രേസ് ഡ്രാഗണ്‍ പേടകത്തിന്‍റെ റീഎന്‍ട്രി മുതല്‍ സ്‌പ്ലാഷ്‌ഡൗണ്‍ വരെ ആക്സിയം സ്പേസിന്‍റെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടും വഴി തത്സമയം കാണാം. ശുഭാംശു ശുക്ല ഭൂമിയിലിറങ്ങുന്നതിന്‍റെ തത്സമയ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനും എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വഴിയും അറിയാനാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 4:45-നാണ് ആക്‌സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ക്രൂ ഡ്രാഗണ്‍ ഗ്രേഡ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട് ഭൂമി ലക്ഷ്യമാക്കി പുറപ്പെട്ടത്. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുള്ളത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കാന്‍ ഇന്ത്യന്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2:07-ന് പസഫിക് സമുദ്രത്തിന് മുകളില്‍ വച്ച് ഗ്രേസ് പേടകം റീ-ഓര്‍ബിറ്റ് ബേണ്‍ ലക്ഷ്യമിടുന്നു. 2.57-ഓടെ 5.7 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ആദ്യഘട്ട പാരച്യൂട്ട് പ്രവര്‍ത്തനക്ഷമമാകും. സ്‌പ്ലാഷ്‌ഡൗണ്‍ സൈറ്റിന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ മുകളില്‍ വച്ച് പ്രധാന പാരച്യൂട്ടും ഓപ്പണാകും. കാലാവസ്ഥ അനുകൂലമായാല്‍ 3.01ന് ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് ഇറങ്ങുമെന്നാണ് അറിയിപ്പ്. ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പ്പെട്ട ശേഷം ഏകദേശം ഇരുപത്തിരണ്ടര മണിക്കൂര്‍ സമയമെടുത്താണ് ഗ്രേസ് പേടകം സ്‌പ്ലാഷ്‌ഡൗണ്‍ നടത്തുക. സ്‌പ്ലാഷ്‌ഡൗണിന് പിന്നാലെ സ്പേസ്എക്‌സിന്‍റെ റിക്കവറി കപ്പല്‍ നാലുപേരെയും കരയ്‌ക്കെത്തിക്കും.

Scroll to load tweet…

ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കി കൊണ്ടുവരുന്നുണ്ട്. ഭൂമിയില്‍ തിരിച്ചെത്തിക്കഴി‍ഞ്ഞാൽ ഏഴ് ദിവസം ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററില്‍ നാല് ആക്സിയം 4 ദൗത്യ സംഘാംഗങ്ങളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരികയുള്ളൂ.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Axiom 4 mission