ലണ്ടന്‍: ലോകത്തിലെ ആദ്യത്തെ ജൈവ റോബോട്ടിനെ നിര്‍മ്മിച്ച് ശാസ്ത്രലോകം. തവളയുടെ ഭ്രൂണത്തിലെ കോശങ്ങള്‍ ഉപയോഗിച്ചാണ് മനുഷ്യന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന 'ജൈവ യന്ത്രത്തെ' വികസിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് വികസിപ്പിച്ചിട്ടുള്ള ആദ്യത്തെ ബയോളജിക്കല്‍ മീഷൈന്‍ എന്നാണ് ഇതിനെ ഗവേഷക സംഘം വിലയിരുത്തുന്നത്. അതീവ തീവ്രനിലയിലുള്ള രോഗികളുടെ ശരീരത്തിലേക്ക് മരുന്ന് നല്‍കാനും, സമുദ്ര മലിനീകരണം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടാനും ഈ ജൈവ റോബോട്ടിനെ ഉപയോഗപ്പെടുത്താം എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

സീനോബോട്ട്സ് (xenobots) എന്നാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്ന പേര്. ഇവയ്ക്ക് കേടുപാടുകള്‍ പറ്റിയാല്‍ സ്വയം പരിഹരിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ടെന്നാണ് ഗവേഷകരുടെ അവകാശവാദം. വളരെ പുതുമയേറിയ ജൈവ യന്ത്രമാണിത് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ യൂണിവേഴ്സിറ്റി ഓഫ് വെര്‍മൊണ്ടിലെ ജോഷ്വ ബോണ്‍ഗാര്‍ഡ് പറയുന്നു. ഇന്ന് നാം കാണുന്ന റോബോട്ടുകളില്‍ നിന്നും, ജീവികളില്‍ നിന്നും വ്യത്യസ്തമാണ് സീനോബോട്ട്സ്, ഇത് പുതിയ തരം മനുഷ്യനിര്‍മ്മിതിയാണ്, അതായത് ജീവനുള്ള പ്രോഗ്രാം ചെയ്യപ്പെട്ട ഒരു ജീവി.

ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ഡിസൈന്‍ ചെയ്ത് പിന്നീട് ബയോളജിസ്റ്റുകളുടെ ഒരു സംഘമാണ് ഇതിനെ നിര്‍മ്മിച്ചത്. മറ്റ് യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മനുഷ്യന് വേണ്ടി പണിയെടുക്കാന്‍ സാധിക്കുന്ന ജീവനുള്ള ഉപകരണം എന്ന ലക്ഷ്യത്തിലാണ് ഇത് ഉണ്ടാക്കിയത്. പലപ്പോഴും റേഡിയോ ആക്ടീവ് സ്ഥലങ്ങളിലും, മൈക്രോസ്കോപ്പ് തലത്തിലും യന്ത്രങ്ങള്‍ വച്ച് എന്തെങ്കിലും ചെയ്യാന്‍ ഇപ്പോള്‍ ആസാധ്യമായ കാര്യമാണ് ഇതിന് പരിഹാരമാകും പുതിയ ഉപകരണം ഈ ഉപകരണത്തിന് രൂപം നല്‍കിയ സംഘത്തിലെ മൈക്കള്‍ ലെവിന്‍ പറഞ്ഞു.

ടുഫ്ട്സ് യൂണിവേഴ്സിറ്റിയിലെ സെന്‍റര്‍ ഫോര്‍ റീജനറേറ്റീവ് ആന്‍റ് ഡെവലപ്പ്മെന്‍റല്‍ ബയോളജിയിലാണ് സീനോബോട്ട്സിനെ ശരിക്കും ഉണ്ടാക്കിയത്. ഇതിന്‍റെ നിര്‍മ്മാണം സംബന്ധിച്ച വിവരങ്ങള്‍ ഗവേഷണ സംഘം പ്രോസീഡിംഗ്സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച് പ്രബന്ധത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 

ഡിഎന്‍എ എഡിറ്റിംഗ് വഴി പുതിയ ജീവികളെ സൃഷ്ടിക്കുന്ന ചര്‍ച്ചകള്‍ ശാസ്ത്ര ലോകത്ത് നടക്കുമ്പോഴും, ഒരു പുതിയ ജൈവ യന്ത്രം ഉണ്ടാക്കിയത് പുതിയ ഗവേഷണമാണെന്നാണ്  സീനോബോട്ട്സിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷക സംഘത്തിന്‍റെ അവകാശവാദം. 

എന്നാല്‍ ഇത്തരം കണ്ടെത്തല്‍ ഭാവിയില്‍ എന്തെങ്കിലും ഭീഷണി ഉയര്‍ത്തുമോ എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി ഗവേഷകര്‍ നല്‍കുന്നില്ലെങ്കിലും ഇത്തരം റോബോട്ടുകള്‍ വളരെ സങ്കീര്‍ണ്ണമായ ജൈവ അവസ്ഥയിലാണെന്നും ഇവയെ പ്രവര്‍ത്തന ഫലത്തില്‍ എത്തിച്ചാല്‍ മാത്രമേ ഇവയുടെ ന്യൂനതകള്‍ കണ്ടെത്താന്‍ സാധിക്കൂ എന്നാണ് പറയുന്നത്. എന്നാല്‍ ഭാവിയില്‍ മനുഷ്യരാശി നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളികളെ നേരിടാനുള്ള ആദ്യത്തെ നേരിട്ടുള്ള കണ്ടെത്തല്‍ എന്നാണ് ശാസ്ത്രസംഘം ഇതിനെ വിശേഷിപ്പിക്കുന്നത്.