NWA 16788 എന്നാണ് ലേലമേശയിലെത്തിയിരിക്കുന്ന ഈ ചൊവ്വാ ഉല്‍ക്കാശിലയ്ക്ക് നല്‍കിയിരിക്കുന്ന പേര്

ന്യൂയോര്‍ക്ക്: 34 കോടിയിലധികം രൂപ മൂല്യമുള്ള ഒരു പാറക്കഷണം! ഉള്ളിലുള്ളത് ഡയമണ്ടോ സ്വര്‍ണമോ അല്ല. എങ്കിലും ലേലത്തില്‍ ആര് ആ അത്യപൂര്‍വ ശില സ്വന്തമാക്കും? ആകാംക്ഷകള്‍ കൊടുമുടിയിലെത്തിച്ച് ഒരു ബഹിരാകാശ പാറക്കഷണം ലേലമേശയിലേക്ക് വരികയാണ്. ഭൂമിയില്‍ നാളിതുവരെ തിരിച്ചറിഞ്ഞ ഏറ്റവും വലിയ ചൊവ്വാവശിഷ്ട പാറയാണിത് (Mars Rock). ഏതോ ഒരു ഛിന്നഗ്രഹവുമായുള്ള ചൊവ്വയുടെ കൂട്ടിയിടിയുടെ ഫലമായി തെറിച്ച് സഹാറ മരുഭൂമിയില്‍ എത്തപ്പെട്ടതാണ് ഈ ചൊവ്വാ ഉല്‍ക്കാശില എന്നാണ് അനുമാനം. ഈ ബഹിരാകാശ പാറക്കഷണം ജൂലൈ 16ന് ലേലമേശയിലെത്തും. സോത്ത്ബീസാണ് ലേലം സംഘടിപ്പിക്കുന്നത്. 

എന്തുകൊണ്ട് ഇത്രയധികം മൂല്യം?

NWA 16788 എന്നാണ് ലേലമേശയിലെത്തുന്ന ഈ ചൊവ്വാ ഉല്‍ക്കാശിലയ്ക്ക് (Martian Meteorite) നല്‍കിയിരിക്കുന്ന പേര്. നാല് മില്യണ്‍ ഡോളറിലധികം (34 കോടിയിലധികം രൂപ) മൂല്യമാണ് ഈ അപൂര്‍വ ഉല്‍ക്കാശിലയ്ക്ക് കണക്കാക്കുന്നത്. വില ഇതിലുമുയരുമോ എന്ന ആകാംക്ഷയും ബഹിരാകാശ കുതുകികള്‍ക്കിടയിലുണ്ട്. അതിന് ചില കാരണങ്ങളുണ്ട്. ഭൂമിയില്‍ ഇതുവരെ തിരിച്ചറിഞ്ഞ 400 മാര്‍ഷ്യന്‍ ഉല്‍ക്കാശിലകളിലൊന്നാണിത്. മാത്രമല്ല, ഭൂമിയില്‍ നിന്ന് നാളിതുവരെ കണ്ടെടുത്ത ഏറ്റവും വലിയ ചൊവ്വാ ഉല്‍ക്കാശില കൂടിയാണിത്. 24.5 കിലോഗ്രാം ഭാരമാണ് ഈ ചൊവ്വാ അവശേഷിപ്പിനുള്ളത്. 2021-ല്‍ മാലിയില്‍ നിന്ന് കണ്ടെത്തിയ ചൊവ്വാ ഉല്‍ക്കാശിലയായ Taoudenni 002-യേക്കാള്‍ ഏകദേശം 70 ശതമാനം വലുതാണ് NWA 16788. മാലിയിലെ ഉള്‍ക്കാശിലയ്ക്ക് 14.51 കിലോഗ്രാമായിരുന്നു ഭാരം.

കണ്ടെത്തലും ശ്രദ്ധേയം

നൈജറിലെ അഗാഡെസ് മേഖലയില്‍ നിന്ന് 2023 നവംബറിലാണ് NWA 16788 ചൊവ്വാ ഉല്‍ക്കാശില കണ്ടെത്തിയത്. എന്നാല്‍ ഇത് കണ്ടെത്തിയ പ്രദേശം അന്യഗ്രഹ വസ്‌തുക്കള്‍ മുമ്പ് തിരിച്ചറിഞ്ഞ മേഖലയായിരുന്നില്ല. എന്നാല്‍ അവിടെ ദിനോസറുകളുടെ ഫോസിലുകള്‍ മുമ്പ് തിരിച്ചറിഞ്ഞിട്ടുണ്ടുതാനും. ചുവപ്പ് കലര്‍ന്ന കൗതുക നിറത്തിലുള്ളതാണ് ഈ ബഹിരാകാശ ശില. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിപ്പോഴുണ്ടായ ജ്വാലയുടെ തെളിവുകള്‍ ഈ കല്ലില്‍ കാണാം. ഈ ശില ചൈനയിലെ ഷാങ്ഹായ് ആസ്‌ട്രോണമി മ്യൂസിയത്തിലേക്ക് അയച്ചാണ് ഇതൊരു ചൊവ്വാ ഉല്‍ക്കാശിലയാണെന്ന് ഉറപ്പുവരുത്തിയത്. ചൊവ്വയുടെ ഒരു ചെറിയ കഷണമെങ്കിലും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പാറക്കഷണത്തിന്‍റെ ലേലത്തിനായി സമീപിക്കുമെന്നാണ് പ്രതീക്ഷ. ഉല്‍ക്കാശിലകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും ഗവേഷണ, വിദ്യാഭ്യാസ സ്ഥാപനങ്ങളും ലേലത്തില്‍ സജീവമാകുമെന്ന പ്രതീക്ഷ സംഘാടകര്‍ക്കുണ്ട്. ഈ ചൊവ്വാ ഉല്‍ക്കാശിലയ്ക്ക് എത്ര രൂപ കിട്ടുമെന്ന് ജൂലൈ 16ന് സോത്ത്ബീസ് നടത്തുന്ന ലേലത്തിലറിയാം.

ഭൂമിയില്‍ കണ്ടെത്തിയ ചൊവ്വാശിലകളില്‍ അപൂര്‍വമായ NWA 16788-യെ ലേലത്തിന് വെക്കുന്നതിനോട് വിയോജിപ്പുള്ളവരും ലോകത്തുണ്ട്. ഏതെങ്കിലും ഗവേഷണസ്ഥാപനത്തിനോ, അല്ലെങ്കില്‍ പൊതുസമൂഹത്തിന് ആസ്വദിക്കാന്‍ മ്യൂസിയത്തിനോ ഇത് കൈമാറുകയായിരുന്നു ഉചിതം എന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്