നടി അനുപമ പരമേശ്വരൻ പ്രധാനവേഷത്തിലെത്തുന്ന ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്‘ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ആണ് യൂട്യൂബ് ലിങ്ക് റിലീസ് ചെയ്തത്. മൂന്നാമിടം, c/o സൈറ ഭാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർ ജെ ഷാൻ ആണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. ഹക്കിം ഷാജഹാൻ ആണ് ഈ ചിത്രത്തിലെ മറ്റൊരു താരം.

അഖില മിഥുനാണ് ചിത്രത്തിന്റെ നിർമാണം. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനുപമയുടെ അഭിനയപ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ചന്ദ്ര എന്ന യുവതിയുട ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് 30 മിനിറ്റ് ദൈർധ്യമുള്ള ചിത്രത്തിലൂടെ പറയുന്നത്. ചന്ദ്രയുടെ ഭർത്താവ് ദാസ് എന്ന കഥാപാത്രമായി ഹക്കിമും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

വ്യത്യസ്ത പ്രമേയവുമായി എത്തിയ ഹ്രസ്വചിത്രം തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്. അബ്ദുൾ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ലിജിൻ ബാബിനോ. എഡിറ്റിങ് ജോയൽ കവി.