ഉണ്ണി മുകുന്ദനും അതിഥി രവിയും ഒന്നിച്ച ‘എന്റെ നാരായണിക്ക്’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു.  നാരായണി എന്ന കഥാപാത്രമായി അതിഥി രവി വേഷമിടുമ്പോള്‍ അരവിന്ദന്‍ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ശബ്ദസാന്നിധ്യത്തിൽ മാത്രമാണ് ഉണ്ണി പ്രത്യക്ഷപ്പെടുന്നതെന്നും ഈ  ഹ്രസ്വ ചിത്രത്തിന്റെ പ്രത്യേകതയാണ്. നവാഗത സംവിധായിക വര്‍ഷ വാസുദേവ് രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വ ചിത്രം ഒരു ഫ്ലാറ്റിനുള്ളിലെ സൗഹൃദവും, അതിനെ ചുറ്റിപ്പറ്റി പിന്നീടങ്ങോട്ട് ഏതാനും ദിവസങ്ങളില്‍ നടക്കുന്ന സംഭവങ്ങളുമാണ്  ചിത്രം പറയുന്നത്.

സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രത്തില്‍ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ മുരളീധരന്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു പാട്ടും അരുണ്‍ മുരളീധരന്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഹരിത ബാബുവിന്റെയാണ്  വരികൾ. നിരവധി പ്രമുഖരുടെ കൂടെ മുഖ്യ ഛായാഗ്രഹണ സഹായിയായി പ്രവര്‍ത്തിച്ച കിരണ്‍ കിഷോറാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് . ജിബിന്‍ ജോയ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. സൗണ്ട് മിക്സിങ്-ഷിബിന്‍ സണ്ണി, ആര്‍ട്ട് ഡയറക്ടര്‍- ഭരതന്‍ ചൂരിയോടന്‍.