ഈ.മ.യൗ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച അഭിനേത്രിയാണ് പോളി വല്‍സന്‍. സ്വാഭാവിക അഭിനയത്തിലൂടെ ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രിയ താരമായി മാറാൻ പോളി വല്‍സന് കഴിഞ്ഞിട്ടുണ്ട്. പോളി വല്‍സന്‍ പ്രധാന കഥാപാത്രമായി എത്തുന്ന 'ഹോളി മോളി' എന്ന ഹ്രസ്വചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. 

വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന ചൂഷ്ണങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അശ്വിന്‍- ജിയോ എന്നിവര്‍ സംവിധാനം ചെയ്ത എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള 'ഹോളി മോളി' എന്ന ഹ്രസ്വചിത്രം. അവതരണത്തിലെ പുതുമയും വ്യത്യസ്തമായ കഥ പറച്ചിലുമാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നത്. ആത്മീയ കേന്ദ്രങ്ങളുടെ മറവിലും അല്ലാതെയും സാധാരണക്കാരുടെ ഭയം മുതലെടുത്ത് ചൂഷണം ചെയ്യുന്ന വലിയൊരു കൂട്ടമാളുകള്‍ തന്നെ നമ്മുടെ സമൂഹത്തിലുണ്ട്. രോഗമുക്തി, മികച്ച ജീവിതം എല്ലാം വാഗ്ദാനം ചെയ്ത് വരുന്ന ഇവർ സാധാരണക്കാരായ വിശ്വാസികളെ ചൂണ്ടയിലെ ഇരകളായി മാറ്റുകയാണ് പതിവ്. ഇത്തരം വിഷയത്തെയാണ് ലളിതമായി 'ഹോളി മോളി' എന്ന ഹ്രസ്വചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയമായ വിനോദ് തോമസാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെസിയ എലിസബത്ത് മറ്റൊരു വേഷം ചെയ്യുന്നു. അശ്വിനാണ് തിരക്കഥ. ഗോഡ്വിന്‍ ജിയോ സാബുവിന്റെ പശ്ചാത്തലസംഗീതവും ജോസ്‌കുട്ടി ജോസഫിന്റെ ക്യാമറയും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു.