Asianet News MalayalamAsianet News Malayalam

ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരം; വിജയികളുടെ ഹ്രസ്വചിത്രങ്ങള്‍ കാണാം

ആദ്യദിനമായ ഇന്ന് റിലീസ് ചെയ്‍തത് നാല് ചിത്രങ്ങള്‍

Isolation and Survival Short Films kerala state Chalachitra Academy
Author
Thiruvananthapuram, First Published Jul 9, 2021, 11:13 PM IST

കൊവിഡ് ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട തിരക്കഥകളുടെ ദൃശ്യാവിഷ്‍കാരങ്ങളായ ഹ്രസ്വചിത്രങ്ങൾ റിലീസ് ചെയ്‍തു തുടങ്ങി. ‘ഏകാന്തവാസവും അതിജീവനവും’ (Isolation and Survival) എന്ന വിഷയത്തെ ആസ്പദമാക്കി കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ചലച്ചിത്ര അക്കാദമി ഇത്തരത്തില്‍ ഒരു മത്സരം സഘടിപ്പിച്ചത്. അതില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 10 തിരക്കഥകളുടെ ദൃശ്യാവിഷ്കാരങ്ങളായ ഹ്രസ്വചിത്രങ്ങളാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നത്. ഇതില്‍ നാല് ചിത്രങ്ങള്‍ ആദ്യദിനമായ ഇന്ന് റിലീസ് ചെയ്‍തു.

ജിനേഷ് വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'അകം', സന്തോഷ് കുമാറിന്‍റെ രചനയില്‍ ദേവി പി വി സംവിധാനം ചെയ്‍ത 'കള്ളന്‍റെ ദൈവം', ഫാ. ജോസ് പുതുശ്ശേരിയുടെ രചനയില്‍ ഫാ. ജേക്കബ് കോറോത്തും ഫാ. ജെയിംസ് തൊട്ടിയിലും ചേര്‍ന്ന് സംവിധാനം ചെയ്‍ത ദാവീദ് ആന്‍ഡ് ഗോലിയാത്ത്, ഷനോജ് ആര്‍ ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ഇന്ദ്രന്‍സ് അഭിനയിച്ച 'ഒരു ബാര്‍ബറിന്‍റെ കഥ' എന്നീ ചിത്രങ്ങളാണ് റിലീസിന്‍റെ ആദ്യദിനമായ ഇന്ന് പുറത്തെത്തിയത്.

14 മിനിറ്റിന് തൊട്ടു മുകളിലും താഴെയുമായാണ് ചിത്രങ്ങളുടെ ദൈര്‍ഘ്യം. അവശേഷിക്കുന്ന ആറ് ചിത്രങ്ങള്‍ നാളെയും മറ്റന്നാളുമായി ചലച്ചിത്ര അക്കാദമിയുടെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios