Asianet News MalayalamAsianet News Malayalam

ചിരഞ്ജീവി ആരാധകരുടെ കാത്തിരിപ്പിന് അവസാനം; 'ലൂസിഫര്‍' തെലുങ്കിന് തുടക്കം

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ലൂസിഫര്‍ റീമേക്ക്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.

lucifer telugu remake launched with pooja ceremony
Author
Hyderabad, First Published Jan 20, 2021, 5:19 PM IST

ചിരഞ്ജീവി ആരാധകരുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പിന് അവസാനം കുറിച്ച് 'ലൂസിഫര്‍' റീമേക്ക് ആരംഭിക്കുന്നു. ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഇന്ന് നടന്നു. അല്ലു അരവിന്ദ്, അശ്വിനി ദത്ത്, നിരഞ്ജന്‍ റെഡ്ഡി, നാരബാബു, കൊരട്ടല ശിവ, ജെമിനി കിരണ്‍, സിരീഷ് റെഡ്ഡി തുടങ്ങി നിരവധി പ്രമുഖര്‍ പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതേസമയം സിനിമയുടെ ചിത്രീകരണം ഫെബ്രുവരി മാസത്തിലാണ് ആരംഭിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് സംവിധായകരുടെ പേരുകള്‍ വന്നുപോയതിനു ശേഷമാണ് മോഹന്‍ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം കേട്ടത് സുകുമാറിന്‍റെ പേരായിരുന്നു. രംഗസ്ഥലവും ആര്യയുമൊക്കെ ഒരുക്കിയ സംവിധായകന്‍. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്‍റെ പേരും ലൂസിഫര്‍ റീമേക്കിന്‍റെ സംവിധായകനായി കേട്ടു. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആദി, ടാഗോര്‍, ബണ്ണി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വി വി വിനായകിന്‍റെ പേരും പിന്നീട് ഉയര്‍ന്നുകേട്ടിരുന്നു. പിന്നീടാണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം മോഹന്‍ രാജ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

2001ല്‍ പുറത്തെത്തിയ തെലുങ്ക് ചിത്രം ഹനുമാന്‍ ജംഗ്‍ഷന്‍ ആണ് മോഹന്‍ രാജയുടെ ആദ്യ ചിത്രം. പിന്നീട് ജയം, എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, ഉനക്കും എനക്കും തുടങ്ങി തെലുങ്കില്‍ നിന്നും തമിഴിലേക്കുള്ള റീമേക്കുകളായി ആറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പക്ഷേ ജയം രവിയെ നായകനാക്കി ഒരുക്കിയ തനി ഒരുവനാണ് തമിഴില്‍ അദ്ദേഹത്തിന് ബ്രേക്ക് നേടിക്കൊടുത്തത്. 2015ലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളില്‍ ഒന്നായിരുന്നു അത്. ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'വേലൈക്കാരനാ'ണ് മോഹന്‍ രാജയുടേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. ചിരഞ്ജീവിയെ നായകനാക്കി 1997ല്‍ എത്തിയ 'ഹിറ്റ്ലര്‍' (മലയാളം ഹിറ്റ്ലറിന്‍റെ റീമേക്ക്) നിര്‍മ്മിച്ചത് മോഹന്‍ രാജയുടെ അച്ഛന്‍ എഡിറ്റര്‍ മോഹന്‍ ആയിരുന്നു. ഈ ചിത്രത്തില്‍ മോഹന്‍ രാജ സഹസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു. 

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ലൂസിഫര്‍ റീമേക്ക്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.

Follow Us:
Download App:
  • android
  • ios