2013 ല്‍ യുട്യൂബില്‍ വലിയ സ്വീകാര്യത നേടിയ ഹ്രസ്വചിത്രമായിരുന്നു 'കുളിസീന്‍'. ആര്‍ജെ മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന് രണ്ടാം ഭാഗം വരുകയാണ്. മറ്റൊരു കടവിൽ എന്ന് പേരിട്ടിരിക്കുന്ന  ഹ്രസ്വചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സംവിധായകന്‍ ജൂഡ് ആന്റണിയും സിനിമ സീരിയല്‍ താരം സ്വാസികയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

പാഷാണം ഷാജി, ബോബൻ സാമുവൽ , മാത്തുക്കുട്ടി, അർജുൻ ഗോപാൽ , അൽത്താഫ് മനാഫ് തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. രാഹുൽ രാജ്  ആദ്യമായി സംഗീതം നൽകുന്ന ഹ്രസ്വചിത്രം എന്ന പ്രത്യേകതയും മറ്റൊരു കടവിനുണ്ട്. രാഹുൽ കെ ഷാജി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് സുമേഷ് മധുവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജേഷ് സുബ്രമണ്യൻ ക്യാമറയും , അശ്വിൻ കൃഷ്ണ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.