എ വി തമ്പാന്‍ സംവിധാനം ചെയ്‍തിരിക്കുന്ന ഹ്രസ്വചിത്രത്തിന്‍റെ പേര് 'മീശമാര്‍ജാരന്‍' എന്നാണ്. അയ്യപ്പന് ക്ഷേത്രപാല്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ കള്ളനെ അവതരിപ്പിച്ചിരിക്കുന്നത് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ആണ്

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ഹിറ്റുകളുടെ ലിസ്റ്റില്‍ എണ്ണപ്പെടുന്ന ചിത്രമാണ് ലാല്‍ജോസിന്‍റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ മീശമാധവന്‍. വര്‍ഷങ്ങള്‍ക്കിപ്പുറവും ടെലിവിഷനില്‍ പ്രേക്ഷകരുള്ള ചിത്രത്തിലെ കഥാപാത്രങ്ങള്‍ ട്രോള്‍ മീമുകളായും മറ്റും സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ 'മീശമാധവന്‍' റെഫറന്‍സ് ഉള്ള ഒരു ഷോര്‍ട്ട് ഫിലിം എത്തിയിരിക്കുകയാണ്.

എ വി തമ്പാന്‍ സംവിധാനം ചെയ്‍തിരിക്കുന്ന ഹ്രസ്വചിത്രത്തിന്‍റെ പേര് 'മീശമാര്‍ജാരന്‍' എന്നാണ്. അയ്യപ്പന് ക്ഷേത്രപാല്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ കള്ളനെ അവതരിപ്പിച്ചിരിക്കുന്നത് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ആണ്. ലാല്‍ജോസ് ആണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ചിത്രത്തെക്കുറിച്ച് ലാല്‍ജോസ്

മീശമാധവൻ റിലീസായ വർഷം ജനിച്ചവർ ഈ നിയമസഭാതെരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യും. കാലമിത്രയായിട്ടും ഷോർട്ട് ഫിലിമുകളിലും ട്രോളുകളിലും മീമുകളിലും മാധവനും ഭഗീരഥൻപിളളയും ദിവസേനയെന്നോണം മത്സരിച്ച് കൊണ്ടേയിരിക്കുന്നു. ത്രിവിക്രമനും വക്കീൽ മുകുന്ദനുണ്ണിക്കും മുള്ളാണി പപ്പനും പട്ടാളം പുരുഷുവിനും വിശ്രമമില്ല. ഈ പ്രതിഭാസത്തെ ഉളളു നിറഞ്ഞ നന്ദിയോടെയാണ് നോക്കി കാണുന്നത്. മീശ മാധവൻ ഇൻസ്പയേർഡ് സൃഷ്ടികളിൽ ഏറ്റവും പുതിയത് ശ്രീ എ വി തമ്പാൻ സംവിധാനം ചെയ്ത മീശമാർജാരൻ എന്ന ഷോർട്ട് ഫിലിമാണ്. 1981 ൽ റിലീസായ മനസിന്‍റെ തീർത്ഥയാത്ര എന്ന സിനിമയുടെ സംവിധായകനായി രംഗത്തു വന്നയാളാണ് ശ്രീ തമ്പാൻ. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ആണ് മീശമാർജ്ജാരനിലെ 'കളളൻ'. എല്ലാ മീശമാധവൻ സ്നേഹികൾക്കുമായി ഈ ഷോർട്ട് ഫിലിം ഞാനിവിടെ പങ്കുവക്കുന്നു. മീശമാർജാരന് പിന്നിലും മുന്നിലും പ്രവർത്തിച്ചവർക്ക് ആംശസകൾ.