ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് സ്വാസിക വിജയ്. ഈ തിളക്കത്തിന്റെ മാറ്റ് കുറയാതെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സ്വാസികയുടെ സാന്നിധ്യം സജീവമാണ്.അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു കടവിൽ എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 

സ്വാസികയുടേതായി അടുത്തിടെ പുറത്തിറങ്ങിയ പുതിയൊരു ഹ്രസ്വചിത്രമാണ് ചർച്ചയാകുന്നത്. 'തുടരും' എന്ന പേരിലാണ് ലോക്ക്ഡൌൺ കാലത്തെ ഒരു അണുകുടുംബ പശ്ചാത്തലത്തിലുള്ള ചിത്രം എത്തുന്നത്. സ്വാസികയ്ക്കൊപ്പം, കരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാമാണ് പ്രധാന വേഷത്തിൽ  എത്തുന്നത്. ശ്യാം നാരായണനാണ്  കഥ ഒരുക്കിയിരിക്കുന്നത്

'അള്ള്‌ രാമേന്ദ്രൻ' സംവിധാനം ചെയ്ത് ശ്രദ്ധേയനായ ബിലഹരിയാണ് 'തുടരും' സംവിധാനം ചെയ്തത്. ജാഫർ അത്താണി ഛായാഗ്രഹണവും വിജയ് കട്ട്സ് എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിന് സുദീപ് പളനാടാണ്  സംഗീതം ഒരുക്കിയിരിക്കുന്നത്. ഭർത്താവിൽ നിന്ന് ഏറ്റുവാങ്ങുന്ന അവഗണനയ്ക്ക് ഭാര്യ നൽകുന്ന മറുപടിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ചില സന്ദേശങ്ങളും സംവിധായകൻ ചിത്രത്തിൽ നൽകുന്നുണ്ട്.