പ്രിയങ്കാ ഗാന്ധി ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. യുപിയിലെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പ്രിയങ്ക. ബുധനാഴ്ച, തന്റെ തെരഞ്ഞെടുപ്പ് പ്രചാരണപര്യടനത്തിനിടെയാണ് അമേഠിയിലെ പ്രവർത്തകരോട് അവരെ അമ്പരപ്പിക്കുന്ന ഒരു ചോദ്യം ചോദിച്ചത്
2019-ലെ തെരഞ്ഞെടുപ്പിനെ നേരിടാൻ എല്ലാ പാർട്ടികളും അഹോരാത്രം അദ്ധ്വാനിച്ചുകൊണ്ടിരിക്കുകയാണ്
പ്രിയങ്കാ ഗാന്ധി ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. യുപിയിൽ തമ്പടിച്ചു തന്നെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു പ്രിയങ്ക. ബുധനാഴ്ച, തന്റെ തെരഞ്ഞെടുപ്പ് പ്രചാരണപര്യടനത്തിനിടെയാണ് പ്രിയങ്ക അമേഠിയിൽ എത്തുന്നത്. കോൺഗ്രസിന്റെ അമേഠിയിലെ പ്രവർത്തകരുമായി നേരിൽ കണ്ട് അവരിൽ തെരഞ്ഞെടുപ്പിന്റെ ആവേശം നിറയ്ക്കുകയായിരുന്നു അവർ.
തനിക്കു ചുറ്റും ആവേശത്തോടെ തടിച്ചുകൂടിയ പ്രവർത്തകരിൽ ഒരാളോട് പ്രിയങ്ക, " തയ്യാറെടുപ്പൊക്കെ എങ്ങനെയുണ്ട്..? " എന്ന് ചോദിച്ചു. "ഉഷാറാണ്.." എന്നുപറഞ്ഞ് ചിരിച്ച അയാളോട് പ്രിയങ്ക തുടർന്നു,
" ഇത്തവണത്തെയല്ല, 2022-ലെ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പ്.."
അതിനും " ഉഷാറാണ്.." എന്നുതന്നെയായിരുന്നു പ്രവർത്തകന്റെ മറുപടി.
ന്യൂസ് ഏജൻസി ആയ ANI ആണ് കോൺഗ്രസ് പ്രവർത്തകരുമായുള്ള പ്രിയങ്കയുടെ ഈ സംഭാഷണശകലം പങ്കുവെച്ചിരിക്കുന്നത്.
'2022'ലെ തെരഞ്ഞെടുപ്പ് ' എന്ന് പ്രിയങ്കാ ഗാന്ധി ഉദ്ദേശിച്ചത് ആ വർഷം നടക്കാനിരിക്കുന്ന യു പി നിയമസഭാ തെരഞ്ഞെടുപ്പിനെയാണ്. 'ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ ഒക്കെ എപ്പോഴേ പൂർത്തീകരിച്ചിരിക്കുന്നു, ഇനി 2022 -ലെ തെരഞ്ഞെടുപ്പിലേക്ക് എന്തെങ്കിലും പണികൾ തീർക്കാനുണ്ടെങ്കിൽ അതാവാം' എന്ന് ഹാസ്യം കലർന്ന ഒരു ആത്മവിശ്വാസത്തോടെ ചോദിച്ചതാവും പ്രിയങ്ക. എന്തായാലും പ്രിയങ്കയുടെ ചോദ്യത്തിലെ ധ്വനി പിടികിട്ടാതെ ഒന്നു രണ്ടു നിമിഷം പ്രവർത്തകൻ നിന്ന് പരുങ്ങുന്നതും വീഡിയോയിൽ പ്രകടമാണ്.
അമേഠിയിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കേ താൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും എടുത്തില്ലെന്നും, പാർട്ടി പറഞ്ഞാൽ മത്സരിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഇത് രാഷ്ടത്തിന്റെ വിധി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ്, അതുകൊണ്ട് വളരെ ഗൗരവമായി തയ്യാറെടുപ്പുകൾ നടത്തി, രാഹുലിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ വിജയം ഉറപ്പാക്കണം എന്ന് പ്രിയങ്ക അമേഠിയിലെ കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
