മലയാള സിനിമയിൽ പത്ത് വർഷങ്ങൾ പൂർത്തിയാക്കുകയാണ് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. 2015ലാണ് ബേസിൽ തൻ്റെ ആദ്യ ചിത്രമായ കുഞ്ഞിരാമായണം സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ പത്തുവർഷത്തിനിടയിൽ മലയാള സിനിമ ഏറ്റവും ആഘോഷിച്ച സംവിധായകൻ, നടൻ. മൂന്നേ മൂന്ന് സിനിമകൾ മാത്രം ചെയ്ത ഒരു സംവിധായകനെ അതിൻ്റെ റിപ്പീറ്റ് വാല്യൂ കൊണ്ട് ഓർക്കുക, അഭിനയിക്കുന്ന സിനിമകൾക്ക് തുടർച്ചയായി പ്രേക്ഷകരുണ്ടാവുക, മറ്റു നായകന്മാർ നിറഞ്ഞാടി നിൽക്കുന്ന ഫ്രെയിമിൽ ഇയാളുടെ തലവെട്ടം കണ്ടാൽ തന്നെ പ്രേക്ഷകർ ചിരി പ്രതീക്ഷിക്കുക.. മോസ്റ്റ് പ്രോമിസിങ് ബേസിൽ ജോസഫിനെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ച് ഇങ്ങനെ പറയാനാകും.

പത്ത് വർഷമായി ബേസിൽ മലയാള സിനിമയുടെ ഭാഗമാണ്. കൃത്യമായി പറഞ്ഞാൽ 2015ലെ ഓണക്കാലത്താണ് 'കുഞ്ഞിരാമായണം' റിലീസിനെത്തുന്നത്. മലയാളത്തിൻ്റെ ബിഗ് എംസ് മോഹൻലാൽ- മമ്മൂട്ടി ചിത്രങ്ങൾക്കൊപ്പം ഒരു പുതുമുഖ സംവിധായകൻ്റെ പരീക്ഷണ ചിത്രം വലിയ ഹൈപ്പ് ഒന്നും ഇല്ലാതെ റിലീസ് ആവുന്നു. പക്ഷേ കുടുംബമായി തിയേറ്ററിൽ കയറിയവർ നിർത്താതെ ചിരിച്ചപ്പോൾ കുഞ്ഞിരാമായണം ഓണം വിന്നറായി...!! ബേസിൽ വല്ലാതെ അധ്വാനിക്കുന്ന ഡയറക്ടറാണ്. ഉറങ്ങുന്നത് പോലും സ്ക്രിപ്റ്റ് കെട്ടിപ്പിടിച്ചിട്ടാണെന്നാണ് കോ റൈറ്റർ കൂടിയായ ദീപു പ്രദീപ് പറഞ്ഞത്.

YouTube video player

ഹോർലിക്സ് കുപ്പി 90സ്- ലെയാണ്, അക്ഷയ കേന്ദ്രങ്ങൾ വന്ന കാലഘട്ടം ഇതല്ല, അല്ലെങ്കിൽ സിനിമയുടെ ബേസിക് പ്ലോട്ടിലേക്ക് തന്നെ നോക്കാം, സൽസ പ്ലാസ്റ്റിക് കുപ്പിയിലൊഴിച്ച് കൊണ്ടുവന്നാലോ എന്ന് ചോദിച്ചാൽ പിന്നെ കുഞ്ഞിരാമായണം എന്ന കഥ തന്നെയില്ലല്ലോ.. പ്രേക്ഷകനെ ഭയങ്കരമായി രസിപ്പിച്ച്, ഒരു നിമിഷം പോലും ചിന്തിക്കാൻ സമയം കൊടുക്കാതിരിക്കുക എന്നതായിരുന്നു ബേസിൽ ജോസഫ് എന്ന സംവിധായകൻ്റെ മിടുക്ക്. കുഞ്ഞിരാമന്റെയും ദേശത്തിലെ ആളുകളുടെയും സിനിമ. പഴയ സത്യൻ അന്തിക്കാട് സിനിമകൾ പോലെ ഒരു ഗ്രാമവും അവിടത്തെ നായകനും, ചുറ്റും മത്സരിച്ച് പെർഫോം ചെയ്യുന്ന അവിടുത്തെ നാട്ടുകാരും ഒക്കെ പുതിയൊരു വേർഷനിൽ പ്ലെയ്സ് ചെയ്തൊരു ഫീൽ.

ആ വർഷം തന്നെ തന്റെ അടുത്ത സിനിമയിലേക്ക് പ്രവേശിച്ചെങ്കിലും നോട്ട് നിരോധനം ഉൾപ്പെടെ പ്രതീക്ഷിക്കാതെ വന്ന പ്രതിസന്ധികൾ. എല്ലാം പരിഹരിച്ചു തന്റെ രണ്ടാമത്തെ സിനിമയായ ‘ഗോദ’ റിലീസിനെത്തുന്നത് 2017ന്. സ്പോർട്സ് കോമഡി എന്ന മലയാളത്തിൽ അത്രയൊരുന്നും പരീക്ഷണങ്ങൾ ഉണ്ടായിട്ടില്ലാത്ത ട്രാക്കിൽ കേരളത്തിന്റെ ഗുസ്‍തി പാരമ്പര്യത്തിന്റെ കഥ. കണ്ണാടിക്കൽ എന്ന നാട്ടിൻപുറത്താണ് ബേസിൽ ഗോദയെയും പ്ലേസ് ചെയ്തത്. കുഞ്ഞിരാമായണത്തെ അപേക്ഷിച്ചു കുറച്ചുകൂടി വലിയൊരു ക്യാൻവാസിൽ ആണ് ഗോദ കഥ പറയുന്നത്. കണ്ണാടിക്കൽ വിട്ട് ദേശീയ മത്സരം വരെ എത്തി നിൽക്കുന്ന സംഭവങ്ങൾ സിനിമയിൽ വരുന്നുണ്ട്. നിറചിരിയും വൈകാരിക നിമിഷങ്ങളും കൊണ്ട് പ്രിയദർശൻ, സിദ്ദിഖ് ലാൽ, റാഫി, ഷാഫി, ജോണി ആന്റണി കാലഘട്ടത്തിനു തുടർച്ചയുണ്ടാക്കാൻ പ്രേക്ഷകർ ഒരു സാധ്യത കല്പിച്ച സംവിധായകനായി ഗോദയുടെ വിജയത്തോടെ ബേസിൽ.

കൊവിഡ് പ്രതിസന്ധിക്കിടെ 2021ലാണ് മലയാളത്തിൻ്റെ ആദ്യ സൂപ്പർ ഹീറോ ‘മിന്നൽ മുരളി’യുടെ വർവ്. കുറുക്കന്മൂല എന്നൊരു കുഗ്രാമത്തിൽ നമുക്കെല്ലാം റിലേറ്റ് ചെയ്യാൻ പറ്റുന്ന സാഹചര്യത്തിൽ ആണ് സൂപ്പർ ഹീറോ ഇരിക്കുന്നത്. ഓരു കോമിക് ബുക്ക് പോലെ ഒരിടത്തൊരു നാട്ടിൻ പുറത്ത് ഒരു തയ്യൽക്കാരനുണ്ടായിരുന്നു എന്ന് തുടങ്ങും വിധത്തിലൊരു കഥ പറച്ചിൽ. അയാൾക്ക് മിന്നൽ അടിക്കുകയും അങ്ങനെ ചില സൂപ്പർ പവറുകൾ കിട്ടുകയും ചെയ്യുന്നു. സൂപ്പർഹീറോ സിനിമകൾ കാണുന്നവർ മാത്രമല്ല മിന്നൽ മുരളിയുടെ ഓഡിയൻസായി വരിക. മുണ്ടുടുത്ത് നിൽക്കുന്ന സൂപ്പർ ഹീറോയെ എല്ലാവർക്കും കൺവിൻസിങ് ആയി അവതരിപ്പിക്കുകയായിരുന്നു ബേസിൽ എന്ന സൂപ്പർ സംവിധായകൻ. തിയേറ്ററിനു വേണ്ടി കൺസീവ് ചെയ്ത് വർക്ക് ചെയ്ത ബിഗ് സ്കെയിൽ സിനിമയെ ഒടിടിയിൽ എത്തിച്ചത് കൊവിഡ് സാഹചര്യമായിരുന്നെങ്കിലും രാജ്യത്തെ വൈഡർ ഒഡിയൻസിലേയ്ക്ക് മിന്നൽ മുരളിയെത്തി.


ഗ്രാമത്തിൽ കഥകളെ കൊണ്ട് പ്ലേസ് ചെയ്യുന്നത് അത് രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു അവസ്ഥ ആയതുകൊണ്ടാണെന്നാണ് ബേസിൽ പറഞ്ഞത്. നമ്മളൊക്കെ ജനിച്ചു വളർന്ന സാഹചര്യത്തെ കുറച്ചുകൂടി നന്നായി സ്‌ക്രീനിലേക്കു കൊണ്ടുവരാൻ പറ്റുമെന്നും തന്നെ സംബന്ധിച്ച് ഗ്രാമ പശ്ചാത്തലത്തിൽ കഥ പറയുക എന്നത് എളുപ്പമുള്ള കാര്യം ആണെന്നും ബേസിൽ പറഞ്ഞിട്ടുണ്ട്.. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തിൽ നിന്ന് വന്ന് പഠിച്ച് എഞ്ചിനിയറായ അയാളുടെ സ്വപ്നമായിരുന്നു സിനിമ. സുഹൃത്തുക്കൾ ചേർന്ന് ഒരുക്കിയ ഷോർട്ട് ഫിലിമിൽ അഭിനയിച്ച് തുടങ്ങിയ ആത്മവിശ്വാസത്തിൽ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതായിരുന്നു ആദ്യഘട്ടം. സിനിമയിലേയ്ക്ക് എൻട്രി കിട്ടും വിധം തൻ്റെ ഷോർട്ട്ഫിലിമുകളെ ശ്രദ്ധിക്കപ്പെടുന്നതാക്കുക എന്നതായിരുന്നു ആദ്യത്തെ ടാസ്ക്. അജു വർഗീസ് വഴി വിനീത് ശ്രീനിവാസൻ്റെ അടുത്തേയ്ക്ക്. 'തിര'യിൽ വിനീതിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടറായി. തിര കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പോൾ ബേസിലിന്റെ ആദ്യ സിനിമ സംഭവിച്ചു. വിനീത് സ്കൂളിൽ നിന്ന് വിനീതിനെ തന്നെ നായകനാക്കി കുഞ്ഞിരാമായണത്തിലേയ്ക്ക്.

2013ൽ അപ് ആൻഡ് ഡൗൺ മുകളിൽ ഒരാളുണ്ട് എന്ന സിനിമയിൽ ഒരു ലിഫ്റ്റ് ടെക്നീഷ്യൻ ആയാണ് സിനിമയിൽ മുഖം കാണിക്കുന്നത്. അന്നു തുടങ്ങി മുടങ്ങാതെ എല്ലാ വർഷവും ബേസിൽ അഭിനയിച്ച സിനിമകൾ എത്തിയിട്ടുണ്ട്. 2014ൽ ഹോംലി മീൽസിലെ എഡിറ്ററുടെ വേഷം, ജോജിയിലെ പുരോഹിതൻ്റെ വേഷം, സ്വന്തം സിനിമയിലെ അതിഥി വേഷങ്ങൾ അങ്ങനെ പലതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൊവിഡാനന്തരം തിയേറ്ററുകൾ അൺലോക്ക് ആയതിനു ശേഷമാണ് ബേസിലിൻ്റെ ആക്റ്റിങ് ഫേസിന് സെക്കൻഡ് ഗിയർ വീണത്. ജാൻഎമൻ ആണ് ആക്ടർ എന്ന നിലയിൽ ബേസിലിൻ്റെ മുഴുനീള-നായക വേഷം. നായകന്റെ കൂട്ടുകാരൻ എന്ന നിലയിൽ അഭിനയിച്ചു തുടങ്ങിയ ബേസിലിന് ഓരോ വേഷവും ഗുണം ചെയ്തിട്ടേയുള്ളൂ. വ്യത്യസ്തങ്ങളായ വേഷങ്ങൾ ബേസിലിനെ തേടിയെത്തിയത് നടൻ എന്ന നിലയിൽ കരിയർ കൊണ്ടുപോകാനും ബേസിലിന് സഹായകരമായി. കുറഞ്ഞ സമയം സ്ക്രീനിൽ വന്നാൽ പോലും പ്രേക്ഷകൾ ശ്രദ്ധിക്കുമെന്നത് ബേസിലിൻ്റെ മിടുക്കായി. സിനിമയ്ക്ക് പുറത്ത് പ്രൊമോഷൻ വേദികളിലെ സരസമായ സംസാരവും പ്രസൻസും തന്നെയാണ് ബേസിലിനെ അയാളുടെ കഴിവിനൊപ്പം സ്ക്രീനിൽ സഹായിച്ചതെന്ന് വേണം കരുതാൻ.

ജയജയ ജയഹേയിലെ പരുക്കൻ ഭർത്താവ് വേഷം ബേസിലിന്റെ റേഞ്ച് വെളിപ്പെടുത്തി. നെഗറ്റീവ് ഷെയ്ഡ് ഉള്ള രാജേഷിനെ അതി ഗംഭീരമായി അവതരിപ്പിച്ചതോടെ ബേസിൽ എന്ന നടനിൽ പുതിയ സാധ്യതകൾ സിനിമവ്യവസായം കണ്ടു. വിജയത്തിനുവേണ്ടി ഒരേ പാറ്റേൺ കഥാപാത്രങ്ങൾ ചെയ്യുകയല്ല, മറിച്ച് നടൻ എന്ന നിലയിലുള്ള കഴിവ് തേച്ചു മിനുക്കുകയാണ് പ്രധാനം എന്ന് ബേസിലും മനസിലാക്കി. ഗുരുവായൂർ അമ്പല നടയിൽ ബേസിലിന് സേഫ് സ്പേസ് ആയിരുന്നെങ്കിൽ സൂക്ഷ്മദർശിനിയും പൊന്മാനുമൊക്കെ സംവിധായകർ ധൈര്യമായി ഏല്പിച്ചതാണ്. ഹ്യൂമറും ഇമോഷനുമൊക്കെ നാച്ചുറൽ ആയി അവതരിപ്പിക്കുന്ന ബേസിലിന്റെ അഭിനയ രീതി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.

ഞാൻ പണിയെടുക്കുന്നത് മുഴുവൻ ഡയറക്ട് ചെയ്യാനാണ്. അമ്മ കുഞ്ഞിനു ജന്മം കൊടുക്കും പോലെയാണ് സംവിധായകൻ ഒരു സിനിമയെ ഒരുക്കിയെടുക്കുന്നത്. സംവിധായകൻ്റെ സ്വഭാവവും ആ സമയത്തെ ചിന്തകളും മെൻ്റൽ സ്റ്റേറ്റുമൊക്കെ സിനിമയെ ഇൻഫ്ലുവൻസ് ചെയ്യും. അതൊരു ഇമോഷ്ണൽ കമ്മിറ്റ്മെൻ്റ് ആണ്. എന്നാൽ അഭിനയം താൻ ആസ്വദിക്കുന്നുണ്ടെന്നാണ് ബേസിൽ പറഞ്ഞത്. ഒരു സിനിമ ഹിറ്റ് ആയതുകൊണ്ട് ഒരു സ്റ്റാറിൻ്റെ മാർക്കറ്റ് വാല്യു കൂടാൻ പോകുന്നില്ല. ഒന്നും രണ്ടുമല്ല, പിന്നാലെ വരുന്ന പല സിനിമകളുടെ വിജയത്തിലൂടെ പ്രേക്ഷകൻ്റെ വിശ്വാസം കൂടി വളർത്തിവരുമ്പോഴാണ് ഒരാളുടെ സ്റ്റാർ വാല്യൂ കൂടുന്നത്. മിനിമം ഗാരൻ്റിയുള്ള നടനെന്ന് പറഞ്ഞാൽ പോരാ, ബേസിൽ ജോസഫ് ഇന്ന് എല്ലാത്തരത്തിലും ഒരു സ്റ്റാർ ആണ്.

ബേസിൽ ഭയങ്കര ഡ്രീമർ ആണെന്നാണ് ഗുരു കൂടിയായ വിനീത് പറഞ്ഞിട്ടുള്ളത്. അയാൾ അച്ചീവ് ചെയ്യുന്ന ഒന്നിലും വിനീതിന് അത്ഭുതമില്ല. ഓരോ തവണ തമ്മിൽ കാണുമ്പോഴും ഒരുപാട് പുതിയ കാര്യങ്ങൾ ബേസിലിന് പറയാനുണ്ടാകും, സ്ഥിരമായി പഠിച്ചുകൊണ്ടും സ്വയം നവീകരിച്ചുകൊണ്ടും ഇരിക്കുകയാണ് ബേസിൽ. ബേസിൽ ജോസഫ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയാണ് തൻ്റെ പത്താം വർഷത്തിൽ പ്രേക്ഷകനുള്ള സമ്മാനം. മിന്നൽമുരളി' റഫറൻസ് ഉള്ളതാണ് ടൈറ്റിൽ ഗ്രാഫിക്‌സ്. പശ്ചാത്തലസംഗീതത്തിനൊപ്പം ബേസിലിന്റെ ഐക്കോണിക് പൊട്ടിച്ചിരി. "കഥകൾ കൂടുതൽ നന്നായി, ധൈര്യപൂർവ്വം, പുതിയ രീതികളിൽ പറയണം എന്നതുമാത്രമാണ് എനിക്ക് അറിയാവുന്ന ഒരുകാര്യം. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റിലേക്ക് സ്വാഗതം" എന്ന് കുറിക്കുമ്പോൾ അതിൽകുറഞ്ഞതൊന്നും പ്രേക്ഷകനും ബേസിലിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല.