'എന്തുവാ ഇത്...' എന്ന ഒറ്റ ഡയലോഗില്‍ പോലും ചിരി പടര്‍ത്തിയ ലക്ഷ്മിക്ക് പക്ഷേ ചില മോശം അനുഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേക്കുറിച്ച് സഞ്ജുവും ലക്ഷ്മിയും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് സഞ്ജുവും ലക്ഷ്മിയും. ടിക് ടോക്കിലൂടെ കണ്ടന്റ് ക്രിയേഷൻ ആരംഭിച്ച ഇവർ പിന്നീട് യൂട്യൂബിലൂടെ നിരവധി ആരാധകരെ നേടുകയായിരുന്നു. 'സഞ്ജു ആൻഡ് ലക്ഷ്മി' എന്ന യുട്യൂബ് ചാനലിന് ഇതിനോടകം 16 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. 'എന്തുവാ ഇത്...' എന്ന ഒറ്റ ഡയലോഗില്‍ പോലും ചിരി പടര്‍ത്തിയ ലക്ഷ്മിക്ക് പക്ഷേ ചില മോശം അനുഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ നേരിടേണ്ടി വന്നിട്ടുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങളും, ചെറിയ വിഷമങ്ങളും നിറഞ്ഞ ജീവിതത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും സഞ്ജുവും ലക്ഷ്മിയും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.

എഞ്ചിനീയറിംഗ് വേണ്ട, സിനിമ മതി

പഠിക്കുന്ന കാലം മുതലേ സിനിമയായിരുന്നു മോഹമെന്ന് പറയുകയാണ് സഞ്ജു. അച്ഛൻ പിഡബ്ല്യുഡി കോൺട്രാക്ടറാണ്. ഞാനും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് കഴിഞ്ഞ് അച്ഛനോടൊപ്പം ചേര്‍ന്നു. എങ്കിലും സിനിമ തന്നെയായിരുന്നു സ്വപ്നം. സിനിമ എടുക്കുക, ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കുക എന്നുള്ളതായിരുന്നു പ്രധാന ലക്ഷ്യം. നമ്മുടേതായ രീതിയിൽ എന്തെങ്കിലും കഴിവ് തെളിയിച്ചിട്ട് സിനിമയിലേക്ക് ഇറങ്ങുന്നത് കുറച്ചുകൂടി സ്വീകാര്യത കിട്ടാന്‍ സഹായിക്കുമെന്ന് ഉദ്ദേശിച്ചാണ് സത്യം പറഞ്ഞാല്‍ വീഡിയോകള്‍ ചെയ്യാന്‍ ആരംഭിക്കുന്നത്. അങ്ങനെ ഡബ് മാഷിലൂടെയും ടിക് ടോക്കിലൂടെയും വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ ശേഷമായിരുന്നു അത്. പിഡബ്ല്യുഡി വര്‍ക്ക് ചെയ്യുന്ന സമയത്തായിരുന്നു വിവാഹം. സിനിമയാണ് സ്വപ്നമെന്ന് ലക്ഷമിയോട് ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു. ഇടയ്ക്ക് സിനിമ ഓഡിഷൻ പോലയുള്ള പരിപാടിക്കൊക്കെ ഞാൻ പോകുമായിരുന്നു. ടിക് ടോക്കില്‍ ഫോളോവേഴ്സ് ഒക്കെ ആയി വരുമ്പോഴായിരുന്നു അത് ബാൻ ചെയ്തത്. പിന്നീട് കൊവിഡ് കാലത്താണ് യൂട്യൂബ് തുടങ്ങുന്നത്. അനുരാജ്- പ്രീന ദമ്പതികളാണ് ആദ്യമായി ഇതിന്‍റെ സാധ്യതകളെ കുറിച്ച് എന്നോട് പറഞ്ഞത്. ആദ്യമൊക്കെ ലക്ഷ്മിക്ക് യൂട്യൂബില്‍ വീഡിയോ ചെയ്യാന്‍ മടിയായിരുന്നെങ്കിലും പിന്നീട് ആള്‍ ഇതിലെ താരമാവുകയായിരുന്നുവെന്നും സഞ്ജു പറയുന്നു.

'എന്തുവാ ഇത്...'

ലക്ഷ്മിയുടെ 'എന്തുവായിത്' എന്ന ഒറ്റ ഡയലോഗ് ആളുകള്‍ക്കിടയില്‍ പെട്ടെന്നാണ് ഹിറ്റായതെന്ന് സഞ്ജു. ആളുകളുടെ കമന്‍റുകള്‍ കണ്ടപ്പോഴാണ് ഇത് മനസിലായത്. കമന്‍റുകള്‍ കാണുമ്പോള്‍ നമ്മൾ ആദ്യം വിചാരിച്ചത് വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെടാതെ ആളുകള്‍ 'എന്തുവായിത്' എന്ന് ചോദിക്കുന്നതാണെന്നാണ്. പിന്നീട് സ്റ്റിക്കറുകളും മറ്റും വന്നു തുടങ്ങിയപ്പോൾ മനസ്സിലായി ഈ സാധനം കേറി ക്ലിക്ക് ആയിട്ടുണ്ടെന്ന്. ശരിക്കും ഈ ഡയലോഗ് നമ്മൾ മനഃപൂർവം പറഞ്ഞതല്ല, അത് ഓർഗാനിക്കായി സംഭവിച്ചതാണ്. ആ ഒരൊറ്റ ഡയലോഗിൽ കൂടിയാണ് സത്യം പറഞ്ഞാൽ നമ്മുടെ മുമ്പോട്ടുള്ള ഒരു വളർച്ച ഉണ്ടായത്.

എന്തു പറഞ്ഞാലും 'കണ്ടന്‍റ്'

ആദ്യ കാലത്തൊക്കെ സഞ്ജുവാണ് വീഡിയോയ്ക്ക് കണ്ടന്റുകൾ തയാറാക്കിയിരുന്നത്. പിന്നീട് ലക്ഷ്മിയും ഒപ്പം കൂടി. നമ്മുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ് വിഷയമാകുന്നതെന്ന് സഞ്ജു പറയുന്നു. എന്ത് പറഞ്ഞാലും എനിക്ക് ഇപ്പൊള്‍ കണ്ടന്‍റ് എന്ന ചിന്ത മാത്രമേയുള്ളൂ എന്ന് ലക്ഷ്മി കളയാക്കാറുണ്ട്. റിഹേഴ്സലില്ലാതെയാണ് ഷൂട്ട് ചെയ്യുന്നത്. ഡയലോഗ് ഇംപ്രവൈസേഷനു വേണ്ടി ചിലതൊക്കെ റീ ഷൂട്ട് ചെയ്യാറുണ്ടെന്നു മാത്രം. ആദ്യത്തെ മൂന്ന് വർഷത്തോളം താനും ലക്ഷ്മിയും തന്നെയായിരുന്നു ഇതിന്റെ കണ്ടന്റും കാര്യങ്ങളും എല്ലാം സെറ്റ് ചെയ്തുകൊണ്ടിരുന്നത്. ഇപ്പോള്‍ ഒരു ടീം തന്നെയുണ്ടെന്നും സഞ്ജു പറയുന്നു.

ലക്ഷ്മിയെ മതിയല്ലോ!

എല്ലാവര്‍ക്കും ഇപ്പോള്‍ ലക്ഷ്മിയെ മതിയല്ലോ. ആദ്യമൊക്കെ ലക്ഷ്മിയുടെ പെർഫോമൻസ് കണ്ട് താനും വീട്ടുകാരുമൊക്കെ ഞെട്ടി. ഭാര്യ ലക്ഷമിയുടെ സപ്പോർട്ട് കൊണ്ടാണ് ഈ ഒരു ഈ ഒരു ചാനൽ സത്യം പറഞ്ഞാൽ കേറി വന്നതെന്നും സഞ്ജു പറയുന്നു. അതോടൊപ്പം തന്‍റെ അമ്മയുടെയും ചേച്ചിയുമൊക്കെ അഭിനയത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. അമ്മ ചെറുപ്പത്തിൽ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മയുടെയും ലക്ഷ്മിയുടെയും മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ തന്നെ ബുദ്ധിമുട്ടാണ് എന്നാണ് സഞ്ജു പറയുന്നത്. ഒരു സീന്‍ എങ്ങനെ പോകണം, എങ്ങനെ അവസാനിപ്പിക്കണം എന്ന് മാത്രമേ ഇവരോട് പറയുകയുള്ളൂ. ഡയലോഗുകള്‍ നേരത്തെ എഴുതി വയ്ക്കാറില്ല. അവരുടേതായ രീതിയില്‍ ലൈവായി പറയുകയാണ് ചെയ്യുന്നത്. ചേച്ചി ഇപ്പോള്‍ ചെന്നൈലാണ്. അതുകൊണ്ടാണ് വീഡിയോകളില്‍ കാണത്തത് എന്നും സഞ്ജു ഓര്‍മ്മിപ്പിച്ചു.

ഫാമിലി കണ്ടന്‍റാണ് ഹിറ്റാകുന്നത്

'അമേരിക്കൻ അമ്മ, നാടൻ അമ്മ'- അതാണ് ആദ്യം ക്ലിക്കായ വീഡിയോ. ഫാമിലി കണ്ടന്‍റുകളാണ് കൂടുതല്‍ ഹിറ്റാകുന്നത്. ഇരുപത് - ഇരുപത്തഞ്ച് മിനിറ്റിന്‍റെ ലോങ്ങ് വീഡിയോ എല്ലാം നമ്മൾ ഒറ്റ ദിവസം കൊണ്ട് ഷൂട്ട് ചെയ്യുന്ന കണ്ടെന്റുകളാണ്. മറ്റ് അഭിനയതാക്കാളായ ആഷിക് ആയാലും പാർവതി മണി ആയാലും സ്നേഹ ആയാലും നന്നായി പെർഫോം ചെയ്യുന്നവരാണ്.

ബിസിനസും തുടങ്ങി

പെട്ടെന്ന് ഒരു ദിവസം യുട്യൂബ് പൂട്ടി പോയാൽ എന്ത് ചെയ്യുമെന്ന് ചോദിച്ചാല്‍, ചില ബാക്കപ്പ് ബിസിനസ് പ്ലാനുകളുണ്ടെന്ന് പറയുകയാണ് സഞ്ജു. കിച്ചൺ ഓർഗനൈസറുകളുടെ ബിസിനസാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

യൂട്യൂബ് വരുമാനം

റെവന്യൂ ഇല്ലാതെ ഇതൊന്നും ഓടിച്ചോണ്ട് പോകാൻ പറ്റത്തില്ല എന്ന് സഞ്ജു പറയുന്നു. ഒരു മാസം ഞങ്ങൾ 10 കണ്ടന്‍റ് ആണ് ഇടുന്നത്. 10- 12 സ്റ്റാഫുകളുള്ള ടീമാണുള്ളത്. ഇവർക്കെല്ലാം സാലറി, മുപ്പത്തിയഞ്ചും നാല്പതും രൂപ ഒരാൾക്ക് സാലറി കൊടുത്താലേ ഇവരെല്ലാം നിൽക്കൂ. ഇവർക്കെല്ലാം സാലറിയും കൊടുത്ത് ബാക്കി കിട്ടുന്നതില്‍ ഒരു ശതമാനം നമ്മൾ ചെലവാക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും കുഴപ്പമില്ലാത്ത സേവിങ്സുണ്ട്. ലോണ്‍ ആണെങ്കിലും ഒരു വീട് വാങ്ങാന്‍ സാധിച്ചതും ഒരു നേട്ടമായി കാണുന്നു. പിന്നെ പ്രെമോഷന്‍ വര്‍ക്കുകളും കിട്ടുന്നുണ്ട്.

ലക്ഷ്മി അനുഭവിച്ച ബോഡി ഷെയിമിങ്

പ്രെഗ്നൻസിക്ക് ശേഷം താന്‍ ഒരുപാട് ബോഡി ഷെയ്മി നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് ലക്ഷ്മി. പ്രസവ ശേഷം ചെയ്ത വീഡിയോകളിലാണ് വണ്ണം കുറയ്ക്കണം എന്ന തരത്തിലുള്ള കമന്‍റുകള്‍ വന്നത്. 'കടല വെള്ളത്തിലിട്ട് വീർത്തത് പോലെ ആയി പോയല്ലോ', 'എങ്ങനെയിരുന്ന കൊച്ചാ' തുടങ്ങി നമ്മുടെ മാനസികാവസ്ഥയെ തളര്‍ത്തുന്ന നിരവധി കമന്‍റുകളാണ് ആ സമയത്തൊക്കെ വന്നിരുന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് വരെയും താന്‍ വര്‍ക്ക് ചെയ്തിരുന്നു. ഡെലിവറി കഴിഞ്ഞ് ഒറ്റ മാസമേ റെസ്റ്റ് എടുത്തിട്ടുണ്ടായിരുന്നോള്ളൂ. തനിക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷനും ഉണ്ടായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. ആ സമയത്ത് ഇത്തരം കമന്‍റുകള്‍ മനസിനെ വല്ലാതെ തളര്‍ത്തി. സഞ്ജുവേട്ടന്‍ ഉള്ളതുകൊണ്ടാണ് ഞാനിപ്പോള്‍ ഇങ്ങനെ ഇരിക്കുന്നത് തന്നെ. എനിക്കെകതിരെ ബോഡി ഷെയിമിങ് വന്നപ്പോഴും സഞ്ജുവേട്ടന്‍ ആ കമന്‍റുകളെല്ലാം ഡിലീറ്റ് ചെയ്ത് കളയുമായിരുന്നു. എന്നെ കമന്‍റുകള്‍ ഒന്നും നോക്കാൻ സമ്മതിക്കില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങി, അതോടെ വണ്ണം കുറഞ്ഞു. വണ്ണം കുറഞ്ഞപ്പോള്‍ ചേച്ചി എങ്ങനെ മെലിഞ്ഞു എന്നാണ് ആളുകള്‍ ചോദിക്കുന്നതെന്നും ലക്ഷ്മി പറയുന്നു.

അമ്മായിയമ്മ വൈബാണ്! 

അമ്മ ഭയങ്കര വൈബാ എന്നാണ് മരുമകളായ ലക്ഷ്മി പറയുന്നത്. അമ്മയ്ക്ക് അഭിനയമൊക്കെ ഭയങ്കര ഇഷ്ടമാണ്. അമ്മ സ്കൂളിൽ നാടകത്തിനൊക്കെ പങ്കെടുത്തിട്ടുണ്ട്. അമ്മയുമായി വര്‍ക്ക് ചെയ്യുന്നതും ഭയങ്കരമായ രസമാണ്. അഭിനയത്തിന്‍റെ കാര്യത്തില്‍ പുലി അമ്മായിയമ്മ തന്നെയാണ് എന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.