കണ്ടെന്‍റ് ക്രിയേഷനെ കുറിച്ചും ഇനിയുള്ള സ്വപ്നങ്ങളെ കുറിച്ചും നീരജ് പ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.

യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് നീരജ് പ്രസാദ്- ബില്‍ജ ദമ്പതികള്‍. ചിരിപ്പിച്ചും ചിന്തിപ്പിച്ചും 'ബില്‍ജ അബി' എന്ന യൂട്യൂബ് ചാനലിലൂടെ അഞ്ച് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സിനെയും ഇവര്‍ സ്വന്തമാക്കി. കണ്ടെന്‍റ് ക്രിയേഷനെ കുറിച്ചും ഇനിയുള്ള സ്വപ്നങ്ങളെ കുറിച്ചും നീരജ് പ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.

അസിസ്റ്റന്‍റ് ഡയറക്ടറില്‍ നിന്ന് യൂട്യൂബറിലേയ്ക്ക്

സിനിമയായിരുന്നു സ്വപ്നം. സിനിമയില്‍ എങ്ങനെയെങ്കിലും ഒന്ന് കയറി പറ്റണം എന്ന മോഹം മാത്രമേ ഉണ്ടായിരുന്നോള്ളൂ. അഭിനയം, എഴുത്ത്, സംവിധാനം എല്ലാത്തിനോടും താല്‍പര്യം ഉണ്ടായിരുന്നു. സൗഡ് എന്‍ജിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞയുടന്‍ സിനിമ മോഹത്തിന്‍റെ പുറമേ പോയി. ആദ്യം സീരിയലില്‍ ആണ് കയറിയത്. സീരിയലില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി ജോലി ചെയ്യുന്ന സമയത്താണ് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയത്. വിവാഹ ശേഷം ചെറിയ ഇടവേള വന്നെങ്കിലും കൊവിഡ് കാലത്ത് വീണ്ടും യൂട്യൂബില്‍ സജ്ജീവമാവുകയായിരുന്നു.

കണ്ടെന്‍റ് ക്രിയേഷന്‍

ഭാര്യ ബില്‍ജ കൂടി എത്തിയപ്പോള്‍ വീഡിയോകള്‍ ചെയ്യാന്‍ താത്പര്യം കൂടി. എഴുതാന്‍ ഇഷ്ടമുള്ളതു കൊണ്ട് കണ്ടെന്‍റ് ക്രിയേഷന്‍ ഞാന്‍ ആയിരിക്കും. ബില്‍ജയുടെയും ഐഡിയകള്‍ ഉള്‍പ്പെടുത്തിയാണ് തിരക്കഥയും ഡയലോഗുകളും എഴുതുന്നത്. ബില്‍ജ ഇത്ര നന്നായി അഭിനയിക്കുമെന്ന് ആദ്യമൊന്നും അറിയില്ലായിരുന്നു. വളരെ യാതൃശ്ചികമായാണ് ബില്‍ജ ഇതിലേയ്ക്ക് വരുന്നത്. ഇപ്പോള്‍ അവളാണ് ചാനലിന്‍റെ മെയിന്‍ എന്ന് വേണമെങ്കില്‍ പറയാം. ഞങ്ങള്‍ക്ക് പുറമേ രണ്ട് പേര്‍ കൂടി വീഡിയോയില്‍ വരാറുണ്ട്. കൂടാതെ ക്യാമറ മാന്‍ ഉള്‍പ്പെടുന്ന ചെറിയ ടീമും ഇപ്പോഴുണ്ട്.

കലിപ്പന്‍ ആങ്ങള മുതല്‍ പുരോഗമന ചിന്താഗതിയുള്ള കഥാപാത്രം വരെ

ആളുകള്‍ക്ക് കൂടുതല്‍ കണക്ട് ചെയ്യാന്‍ പറ്റുന്ന തരം കണ്ടെന്‍റുകളാണ് എടുക്കുന്നത്. ഞങ്ങള്‍ക്ക് ചുറ്റും നടക്കുന്നതും, സമൂഹത്തില്‍ നിലവില്‍ നടക്കുന്ന കാര്യങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയാണ് വീഡിയോ ചെയ്യുന്നത്. കലിപ്പന്‍ ആങ്ങള പോലെയുള്ള ഫാമിലി കണ്ടെന്‍റുകള്‍ക്കും നല്ല സ്കോപ്പുണ്ട്. സോഷ്യല്‍ വിഷയങ്ങള്‍ എടുക്കുമ്പോള്‍ കുറച്ചധികം കമന്‍റുകളും വിമര്‍ശനങ്ങളും വരാറുണ്ട്. അതുകൊണ്ട് തന്നെ അത്തരം വിഷയങ്ങള്‍ ജാഗ്രതയോടെ മാത്രമേ കൈകാര്യം ചെയ്യാറുള്ളൂ.

കുടുംബത്തിന്‍റെ പിന്തുണ

കുടുംബത്തിന് ആദ്യമൊന്നും വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. ഇത്രയധികം സാധ്യതകള്‍ ഉണ്ടെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ഈ നിലയില്‍ എത്തുമെന്ന് ഞങ്ങളും കരുതിയിരുന്നില്ല. ഇപ്പോള്‍ വീട്ടില്‍ എല്ലാവരും നല്ല സപ്പോര്‍ട്ടാണ്.

യൂട്യൂബ് വരുമാനം?

ഒരു ഇഷ്ടത്തിന്‍റെ പുറമേയാണ് വീഡിയോകള്‍ ചെയ്യുന്നത്. ഇതിലേയ്ക്ക് പൂര്‍ണ്ണമായും ഇറങ്ങിയാല്‍ മാത്രമേ നല്ല രീതിയല്‍ സമ്പാദിരക്കാന്‍ കഴിയൂ. എനിക്ക് കോട്ടയത്ത് തന്നെ ഒരു മെന്‍സ് വെയര്‍ ഷോപ്പുണ്ട്. ബില്‍ജ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നു. ഈ തിരക്കുകള്‍ക്കിടയിലാണ് ഞങ്ങള്‍ വീഡിയോകള്‍ ചെയ്യാന്‍ സമയം കണ്ടെത്തുന്നത്. എങ്കിലും ആഴ്ചയില്‍ മൂന്ന്- നാല് വീഡിയോകള്‍ വരെ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. സ്ക്രിപ്റ്റ് റെഡിയാക്കി വെച്ചാല്‍ രണ്ട് - മൂന്ന് മണിക്കൂര്‍ കൊണ്ട് ഒരു വീഡിയോ ഷൂട്ട് ചെയ്യും.

പൊലീസ് സ്റ്റേഷനില്‍ പോയാലും തിരിച്ചറിയുന്നു

എവിടെ പോയാലും ആളുകള്‍ തിരിച്ചറിയുന്നു, എല്ലാവര്‍ക്കും ഇഷ്ടമാണെന്നു പറയുന്നു. ഒരു ചായ കടയില്‍ പോയാലും പൊലീസ് സ്റ്റേഷനില്‍ പോയാലും വന്‍ വരവേല്‍പ്പാണ്. എല്ലാവരുടെ സംസാരിക്കുന്നു, നല്ല അഭിപ്രായങ്ങള്‍ പറയുന്നു. അതൊക്കെ കാണുമ്പോള്‍ ശരിക്കും സന്തോഷം തോന്നും.

മത്സരമൊന്നുമില്ല!

ഞങ്ങളെ പോലെ വീഡിയോ ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഒരു മത്സരമായി ഇതിനെ കാണുന്നില്ല. ഞങ്ങളുടേതായ രീതിയില്‍, വ്യത്യസ്ഥത കൊണ്ടുവരാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിക്കാറുണ്ട്.

ബിഗ് ബോസില്‍ നിന്നും വിളിച്ചാല്‍?

ബിഗ് ബോസില്‍ നിന്നും ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. വിളിച്ചാല്‍ ചിലപ്പോള്‍ പോകും, ചിലപ്പോള്‍ പോകില്ലായിരിക്കും. ഇപ്പോള്‍ അതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല.

സ്വപ്നം സിനിമ മാത്രം!

സ്വപ്നം സിനിമ തന്നെയാണ്. ബില്‍ജക്കും സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. നല്ല അവസരങ്ങള്‍ വന്നാല്‍ ഞങ്ങള്‍ ഉറപ്പായും ചെയ്യും.