അറുപതു വര്‍ഷം നീണ്ട ജീവിതത്തില്‍ സിനിമയിലൂടെ ആമിര്‍ ഖാന്‍ നടത്തിയ യാത്രകള്‍. എങ്ങനെയാണ് ചോക്കലേറ്റ് താരത്തില്‍നിന്നും ഏറ്റവും വ്യത്യസ്തനായ നടനായി ആമിര്‍ ഖാന്‍ മാറിയത്? ആ പരിണാമങ്ങളുടെ കഥ. ഷാജഹാന്‍ കാളിയത്ത് എഴുതുന്നു
ഹിന്ദി സിനിമാ ചരിത്രത്തിലെ 10 സിനിമകള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അതില്‍ സല്‍മാന്‍ഖാന്റെയോ ഷാറൂഖിന്റെയോ സിനിമകള്‍ ഉണ്ടാകണമെന്നില്ല. പക്ഷേ ആമിര്‍ഖാന്‍ നിശ്ചയമായും ആ പട്ടികയില്‍ ഇടം പിടിക്കും. സിനിമകളുടെ തെരഞ്ഞെടുപ്പ്, കാണികള്‍ക്കൊപ്പം നിരൂപകരെ കൂടി തൃപ്തരാക്കുന്ന കഥാപാത്രങ്ങളും പ്രമേയങ്ങളും, ഒരു കഥാപാത്രത്തിനായി എടുക്കുന്ന വലിയ പരിശ്രമം, പൂര്‍ണ്ണത ഇതൊക്കെയാണ് ആമിറിനെ ഹിന്ദി ചലച്ചിത്ര ലോകത്ത് വേറിട്ടൊരു നടനാക്കി മാറ്റുന്നത്.

സ്‌കൂളില്‍ പഠിക്കുമ്പോഴാണ് 'ഖയാമത് സെ ഖയാമത്ത്' കണ്ടത്. താക്കൂര്‍ സിനിമകളില്‍ നിന്ന് കാര്യമായി പുരോഗമിച്ചിട്ടില്ലാത്ത പ്രമേയമായിരുന്നു അത്. അമിതാഭ് ബച്ചന്റെ പ്രഭ മങ്ങിത്തുടങ്ങിയ കാലത്ത് ചോക്ലേറ്റ് മുഖമുള്ള ഒരു തലമുറയുടെ വരവ് അറിയിച്ച സിനിമ. ആ നിലയ്ക്ക് ഞങ്ങളുടെ കൗമാരകാലത്തിന്റെ ഹീറോ ആയി ആ നായകന്‍. 'പാപ്പാ കഹ്‌തെ' എന്ന പാട്ട് പാടാത്ത ഒരു സമകാലികനും അന്ന് ഉണ്ടായിരുന്നില്ല. പിന്നീട് 'ലവ് ലവ് ലവ്' പോലുള്ള ഒട്ടേറെ ഫ്‌ളോപ്പ് സിനിമകള്‍. ഇടക്ക് മഹേഷ് ഭട്ടിന്റെ ദില്‍ ഹേകി മാന്‍താ നഹിയൂം ഹം ഹെ രാഹി പ്യാര്‍ കാ യൂം...
പല സിനിമകളും ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണു. അതോടെ ആമിര്‍ഖാന്‍ എന്ന താരം എത്ര കാലം വാഴുമെന്ന് ആശങ്കയുണ്ടായി. പക്ഷേ ബോക്‌സ് ഓഫീസില്‍ തിരിച്ചുവരാന്‍ 'ദില്‍' പോലുള്ള സിനിമകള്‍ ആമിറിനെ സഹായിച്ചു. പക്ഷേ ഹിന്ദി സിനിമയില്‍ പ്രണയങ്ങളും ക്രാഫ്റ്റും ഒക്കെ പഴഞ്ചനായി തുടര്‍ന്നു. 'രാജാ ഹിന്ദുസ്ഥാനി'യായിരുന്നു ആമിറിന്റെ പഴയ രീതിയിലെ പ്രമേയമുള്ള അവസാന ഹിറ്റ് എന്ന് പറയാം. അതിലെ പാട്ടുകളും ചുംബനരംഗവും ആണ് സിനിമയെ ഹിറ്റാക്കിയത്. ചോക്ലേറ്റ് ഹീറോയില്‍ നിന്നുള്ള ആമിറിന്റെ മാറ്റം കണ്ടത് 'സര്‍ഫറോഷ്' എന്ന സിനിമയിലാണ്. ഇന്ത്യ -പാക്ക് ബന്ധവും തീവ്രവാദവും പ്രമേയമായ ഈ സിനിമയിലെ പോലീസ് ഓഫീസറുടെ വേഷം ഒരു പ്രണയ നായകനില്‍ നിന്ന് ഒരു മസില്‍മാനിലേക്കുള്ള ആമിറിന്റെ പരിണാമം കാണിച്ചു.

പെര്‍ഫെക്ഷനിസ്റ്റ്
ഹിന്ദി മുഖ്യധാര സിനിമയുടെ തലവര മാറ്റി വരച്ചതിന്റെ ക്രെഡിറ്റ് ആമിര്‍ ഖാന് ഉള്ളതാണ്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത മൂന്ന് നായകന്മാരുള്ള 'ദില്‍ ചാഹ്ത്താ ഹേ' എന്ന സിനിമയുടെ ചാലകശക്തി ആമിര്‍ ആയിരുന്നു. അന്നേവരെയുള്ള ഹിന്ദി സിനിമയുടെ കഥ പറച്ചിലുകളെ പൊളിച്ചു കളഞ്ഞു 'ദില്‍ ചാഹ്ത ഹേ'. മള്‍ട്ടിപ്ലക്‌സ് തരംഗത്തിലേക്ക് മധ്യ വര്‍ഗ്ഗ കാണികളെ പിടിച്ചുകൊണ്ടുവന്ന സിനിമയായിരുന്നു അത്. പിന്നീടിങ്ങോട്ട് ആമിര്‍ഖാന്‍ ചോക്ലേറ്റ് ഹീറോയില്‍ നിന്ന് പെര്‍ഫെക്ഷനിസ്റ്റ് ആയി വളര്‍ന്നു. സിനിമ നായകന്റെ ഇടപെടല്‍ ഉള്ള ഉല്‍പ്പന്നമാക്കി മാറ്റി. സംവിധാനത്തില്‍ ഇടപെടുകയും ഇടക്ക് വെച്ച് സംവിധായകന്‍ ഇടഞ്ഞുപോകുന്ന അവസ്ഥ പോലും ആമിറിന്റെ സിനിമകളില്‍ ഉണ്ടായി. 'താരെ സമീന്‍ പര്‍' എന്ന സിനിമ അങ്ങനെ സംവിധായകന്‍ ഇട്ടേച്ച് പോയപ്പോള്‍ ആമിര്‍ തന്നെ സ്വയം സംവിധാനം ചെയ്തു. തൊട്ടതെല്ലാം പൊന്നാക്കി ആമീര്‍ പിന്നീട് സെലക്ടീവായി മാറി. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമ മാത്രം. മറ്റു താരങ്ങള്‍ ആവര്‍ത്തിച്ച് ചെയ്ത പ്രമേയങ്ങളൊക്കെ ആമിര്‍ തള്ളി.
'ദംഗല്‍' എന്ന സിനിമ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരിപ്പടമായി. രാജ്കപൂറിന് ശേഷം ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരു ഇന്ത്യന്‍ നടന്‍ ജനകീയനായത് ദംഗലിലൂടെയാണ്. ചൈന അടക്കമുള്ള മാര്‍ക്കറ്റുകളില്‍ നിന്ന് ദംഗല്‍ പണം വാരി.
'ത്രീ ഇഡിയറ്റ്‌സ്' 40 -കളുടെ മധ്യേ പ്രായം ഉണ്ടായിരുന്ന ആമിറിനെ കോളേജ് വിദ്യാര്‍ത്ഥിയാക്കി അവതരിപ്പിച്ചു. ആ സിനിമയും ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ എണ്ണം പറഞ്ഞ ചലച്ചിത്രമായി മാറി. ഫന, രംഗ് ദേ ബസന്തി, ലഗാന്‍, ഗജിനി എന്നിങ്ങനെ ആമിര്‍ നായകനായി പുറത്തിറങ്ങിയ സിനിമകള്‍ ഒക്കെ ബോക്‌സ് ഓഫീസില്‍ വാരിക്കൂട്ടിയത് കോടികള്‍. എന്നുമാത്രമല്ല ഓരോ സിനിമയും ഒരു തരത്തിലുള്ള ആവര്‍ത്തനവിരസതയും ഇല്ലാതെ വേറിട്ട് നിന്നു. രംഗീലയൂം ഗുലാമും പോലുള്ള തട്ടുപൊളിപ്പന്‍ സിനിമകളില്‍ അഭിനയിക്കുന്നതിനിടെ ദീപാ മേത്തയുടെ 1947 എര്‍ത്ത് പോലുള്ള സമാന്തര സിനിമകളിലും അഭിനയിച്ചു.

ഹിറ്റ് നായകന്‍
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സിനിമകള്‍ ഹിറ്റാക്കിയ സൂപ്പര്‍സ്റ്റാര്‍ ഒരുപക്ഷേ ആമിര്‍ ഖാന്‍ ആകും. പക്ഷേ മംഗള്‍ പാണ്ഡെ, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, ലാല്‍സിംഗ് ചദ്ധ തുടങ്ങിയ വമ്പന്‍ ഫ്‌ളോപ്പുകളും ആമിറിന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. ഇതാകട്ടെ താരത്തെ തളര്‍ത്തി. സിനിമയുടെ പരാജയങ്ങളും വിവാഹ ജീവിതത്തിലെ താളപ്പിഴകളും കാരണം പല ഘട്ടത്തിലും ആമിര്‍ സിനിമയില്‍നിന്ന് ചെറിയ ബ്രേക്കുകള്‍ എടുത്തു. ഏറ്റവും ഒടുവില്‍ ലാല്‍സിംഗ് ഛദ്ധയുടെ പരാജയം അങ്ങനെ ഒരു വിട്ടുനില്‍ക്കലിന് കാരണമായി.
ബന്ധുവായ മന്‍സൂര്‍ ഖാന്റെ സിനിമകളിലൂടെയാണ് ആമിര്‍ ബോളിവുഡില്‍ നിലയുറപ്പിച്ചത്. 'ഖയാമത് സെ ഖയാമത്' കൂടാതെ 'ജോ ജിതാ വഹി സിക്കന്ദര്‍' എന്ന ഹിറ്റും അദ്ദേഹം ആമിറിന് സമ്മാനിച്ചു. ആ നിലയ്ക്ക് ഒരു നെപ്പോ കിഡ് തന്നെയാണ് ആമിര്‍. എന്നാല്‍ പെട്ടെന്നൊരുനാള്‍ സിനിമാലോകത്ത് അവതരിച്ചതല്ല ആമിര്‍. ബാല നടനായും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുടെ ഡിപ്ലോമ ഫിലിമിലെ നടനായും സംവിധാന സഹായിയായും പ്രവര്‍ത്തിച്ചാണ് ആമിര്‍ നായകനായി അവതരിച്ചത്.
സല്‍മാന് രാജശ്രീ പ്രൊഡക്ഷന്‍സ്, ഷാറൂഖിന് കരണ്‍ ജോഹറിന്റെയും യാഷ് ചോപ്രയുടെയും പിന്തുണ എന്നപോലെ ആമിറിന് ഒരുകാലത്തും സ്ഥിരമായി അത്തരം തലതൊട്ടപ്പന്‍മാര്‍ ഉണ്ടായിരുന്നില്ല. പല സംവിധായകരെയും ആമിര്‍ തന്നെ കണ്ടെടുത്തതാണ്. ഇതിനിടയിലും നല്ല സിനിമകള്‍ക്കായി തന്റെ പ്രൊഡക്ഷന്‍ ഹൗസിനെ ആമിര്‍ മാറ്റിവെച്ചു. ഏറ്റവും ഒടുവിലായി ആമിര്‍ നിര്‍മ്മിച്ച 'ലാ പത ലേഡീസ്' അന്തര്‍ദേശീയ തലത്തില്‍ അടക്കം ശ്രദ്ധേയമായി. 2010 -ല്‍ ആമീര്‍ നിര്‍മ്മിച്ച 'പീപ് ലി ലൈവ്' എന്ന സിനിമ ഇന്ത്യയിലെ ഏറ്റവും അധികം നിരൂപക ശ്രദ്ധ നേടിയ സിനിമകളില്‍ ഒന്നാണ്. ഉത്തരേന്ത്യയിലെ അതിദാരിദ്ര്യം സറ്റയറിന്റെ പശ പുരട്ടിയാണ് ആമിര്‍ അവതരിപ്പിച്ചത്. ദോബി ഘാട്ട്, ദില്ലി ബെല്ലി എന്നിങ്ങനെയുള്ള ഓഫ് ബീറ്റ് സിനിമകളും ആമിറിന്റെ സംഭാവനയാണ്.
സമകാലികരായ മറ്റെല്ലാ നായകരും ബോക്‌സ് ഓഫീസില്‍ പണം വരുന്നതിനെ കുറിച്ച് മാത്രം ആലോചിച്ച കാലത്താണ് ആമീര്‍ തന്റെ വിലപ്പെട്ട സമ്പാദ്യം ഇത്തരം സിനിമകള്‍ക്ക് വേണ്ടി ചെലവഴിച്ചത്.
ഹിന്ദി സിനിമാ ചരിത്രത്തിലെ 10 സിനിമകള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അതില്‍ സല്‍മാന്‍ഖാന്റെയോ ഷാറൂഖിന്റെയോ സിനിമകള്‍ ഉണ്ടാകണമെന്നില്ല. പക്ഷേ ആമിര്‍ഖാന്‍ നിശ്ചയമായും ആ പട്ടികയില്‍ ഇടം പിടിക്കും. സിനിമകളുടെ തെരഞ്ഞെടുപ്പ്, കാണികള്‍ക്കൊപ്പം നിരൂപകരെ കൂടി തൃപ്തരാക്കുന്ന കഥാപാത്രങ്ങളും പ്രമേയങ്ങളും, ഒരു കഥാപാത്രത്തിനായി എടുക്കുന്ന വലിയ പരിശ്രമം, പൂര്‍ണ്ണത ഇതൊക്കെയാണ് ആമിറിനെ ഹിന്ദി ചലച്ചിത്ര ലോകത്ത് വേറിട്ടൊരു നടനാക്കി മാറ്റുന്നത്. എന്നുമാത്രമല്ല ഇതിനൊപ്പം ടെലിവിഷനിലെ സത്യമേവ ജയതേ പോലുള്ള പരിപാടികള്‍ മുന്‍നിര്‍ത്തിയുള്ള സാമൂഹികമായ ഇടപെടലുകള്‍, 'അസഹിഷ്ണുത' പോലുള്ള രാജ്യത്തെ പിടിച്ചു കുലുക്കിയ രാഷ്ട്രീയ വിഷയങ്ങളില്‍ നടത്തിയിട്ടുള്ള ശക്തമായ പ്രതികരണങ്ങള്‍ ഒക്കെ തന്നെ ആമിറിനെ എല്ലാകാലത്തും ശ്രദ്ധാ കേന്ദ്രമായി നിലനിര്‍ത്തി.

ഗെയിം ചേഞ്ചര്‍
ചോക്ലേറ്റ് ഹീറോയില്‍ നിന്ന് തുടങ്ങി ബോക്‌സ് ഓഫീസ് ഭരിക്കുന്ന ഭരിക്കുന്ന നായകനിലേക്കുള്ള ആമിറിന്റെ പരിണാമം ഒരു പാഠ്യ വിഷയമാണ് ഇന്നും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക്. കരിഞ്ചന്ത ടിക്കറ്റ് വില്‍പ്പനക്കാരനായി വേഷമിട്ട 'രംഗീല'യിലെ ലോക്കല്‍ ഹീറോ മുതല്‍ ക്രിക്കറ്റിനെ ഒരു സ്വാതന്ത്ര്യ സമരമാക്കി മാറ്റുന്ന 'ലഗാന്‍' വരെയുള്ള സിനിമകള്‍ തന്നെയാണ് ആമിറിനെ വേറിട്ട് നിര്‍ത്തുന്നത്.
അമിതാഭ്ബച്ചന്റെ പ്രഭാവമോ ദിലീപ് കുമാറിന്റെ തികവോ ആമിര്‍ഖാന് ഉണ്ടെന്നു പറയാനാവില്ല. പക്ഷേ ഇവരൊക്കെ ചെയ്യാത്ത ഒരു കാര്യമുണ്ട്. ഓരോ സിനിമയും സംവിധായകന്റെ കല മാത്രമായ ചലച്ചിത്ര ലോകത്ത് ഒരു നടന്‍ എങ്ങനെ ആ സിനിമക്ക് തന്റെ വിലാസം നല്‍കുമെന്ന് ആമിറാണ് തെളിയിച്ചത്. അതുതന്നെയാണ് ആമിര്‍ഖാന്റെ മികവും. തന്നെ ആമിര്‍ വിശേഷിപ്പിക്കുന്നത് ഗെയിം ചേഞ്ചര്‍ എന്നാണ്. ഏറ്റവും കൂടുതല്‍ പുറത്തുവന്ന ആമീറിന്റെ ഡ്രീം ഇലവന്‍ പരസ്യം പോലും അയാളുടെ സൂക്ഷ്മമായ തെരഞ്ഞെടുപ്പിന്റെ മികവാണ് തെളിയിക്കുന്നത്.
സിനിമകളുടെ മാര്‍ക്കറ്റിംഗിന് പുതിയ തന്ത്രം മെനഞ്ഞത് ആമിര്‍ഖാനാണ്. വേഷം മാറി കൊല്‍ക്കത്തയില്‍ സൗരവ് ഗാംഗുലിയുടെ വീടിനു മുമ്പില്‍ പിച്ചക്കാരന്റെ വേഷമിട്ട് ചെന്ന ആമിര്‍ഖാനെ ഓര്‍ക്കുന്നില്ലേ. അവിടുത്തെ സെക്യൂരിറ്റിയുടെ പഴി കേട്ടിട്ടും പിന്തിരിയാതെ ദാദായെ കാണണമെന്ന് വാശിപിടിക്കുന്ന പിച്ചക്കാരന്‍.
അങ്ങിനെ തന്റെ സിനിമകള്‍ തിയേറ്ററില്‍ എത്തും മുമ്പ് തന്നെ അതിന് ശ്രദ്ധ നല്‍കി ഇനിഷ്യല്‍ പുള്‍ ഉണ്ടാക്കുന്നതില്‍ പ്രത്യേക മിടുക്കുണ്ട് ആമിര്‍ ഖാന്. ഓരോ സിനിമയ്ക്കും ഓരോ മാര്‍ക്കറ്റിംഗ് തന്ത്രം ആമിര്‍ പയറ്റി. 'പി കെ' പോലുള്ള സിനിമകളില്‍ മതത്തെയും മുഖ്യധാരാ രാഷ്ട്രീയത്തെയും വിമര്‍ശിക്കുന്ന പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത ആമിര്‍ 'ഗജനി' പോലെ വയലന്‍സിന്റെ അതിപ്രസരമുള്ള സിനിമകളിലും അഭിനയിച്ചതായി കാണാം. കമല്‍ഹാസനെ പോലെ, ഒരു വേഷത്തിനായി ശരീരത്തെ ഏതു രീതിയിലും മാറ്റിമറിക്കാന്‍ ആമിര്‍ കാണിക്കുന്ന സന്നദ്ധത മറ്റൊരു നടനും ഇന്ത്യയില്‍ കാണിച്ചിട്ടുണ്ടാകില്ല. 'ദംഗലി'ല്‍ സിക്‌സ് പാക്ക് യുവാവായും കുടവയറുള്ള വൃദ്ധനായും പ്രത്യക്ഷപ്പെടുന്ന ആമിറിനെ കാണാം. 'ഫനാ' എന്ന സിനിമയില്‍ റൊമാന്റിക് നായകനില്‍ നിന്ന് ഒരു തീവ്രവാദിയിലേക്ക് അനായാസം മാറുന്ന ആമിറിനെ കാണാം. 'ധൂം 3' എന്ന സിനിമയില്‍ ഒരു ജിംനാസ്റ്റിക് കഴിവുകള്‍ ഉള്ള പെരുംകള്ളന്‍ ആയും ഇതേ ആമിര്‍ അവതരിക്കുന്നു.

അവതാരപുരുഷന്‍
കഴിഞ്ഞ 37 വര്‍ഷത്തിനിടെ എന്തൊക്കെ വേഷങ്ങളില്‍ എത്തിയാണ് അയാള്‍ നമ്മുടെ രസിപ്പിച്ചത്.. ത്രീ ഇഡിയറ്റ്‌സില്‍ പഠിക്കാനുള്ള കൊതി മൂലം ആള്‍മാറാട്ടം നടത്തി എന്‍ജിനീയറിങ് കോളേജില്‍ എത്തുന്ന റാഞ്ചോയെ ഓര്‍മ്മയില്ലേ? ഡീനിനെ വെട്ടിലാക്കുന്ന അയാളുടെ കുസൃതികള്‍ ആരാണ് മറക്കുക. ലഗാനിലെ ഭൂവനെ ഓര്‍ക്കുന്നില്ലേ. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരായുധമാക്കി ക്രിക്കറ്റിനെ മാറ്റുന്ന അക്ഷരജ്ഞാനം ഇല്ലാത്ത നായകന്‍. രംഗ് ദേ ബസന്തിയിലെ വിപ്ലവകാരിയായ പഞ്ചാബി യുവ രക്തം, തലാശിലെ അന്വേഷണ വിദഗ്ധനായ പോലീസുകാരന്‍...താരെ സെമിന്‍ പറിലെ രാം ശങ്കര്‍ നികുംബ് എന്ന ആ അധ്യാപകന്‍ രാജ്യത്തെ പരശതം രക്ഷിതാക്കളുടെ കണ്ണുതുറപ്പിച്ചില്ലേ.'ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്രവര്‍ഗ്ഗക്കാര്‍ മരങ്ങളുടെ ചുറ്റും കൂടി നിന്ന് അവരെ പ്രാകിക്കൊല്ലുന്നത് പോലെ കുട്ടികളെ പ്രാകി പ്രാണന്‍ കെടുത്തരുതെന്ന് പറഞ്ഞ ആ അധ്യാപകന്‍ ഇന്നും എത്രയെത്ര അധ്യാപകരാല്‍ വിദ്യാര്‍ത്ഥികളാല്‍ നന്ദിയോടെ ഓര്‍മിക്കപ്പെടുന്നുണ്ട്.
അയാള്‍ ഒരു നസീറുദ്ദീന്‍ ഷായോ ബല്‍രാജ് സാഹ്നിയോ ആയിരിക്കില്ല. പക്ഷേ സിനിമയെന്ന ജനകീയ മാധ്യമത്തിലൂടെ ഒരു ജനപ്രിയ നായകന്/ ഒരു താരത്തിന് സാധ്യമായതെല്ലാം അയാള്‍ ചെയ്തിട്ടുണ്ട്. അതാണ് മുഹമ്മദ് ആമിര്‍ ഹുസൈന്‍ ഖാന്‍. താരമായിരിക്കുമ്പോഴും മണ്ണിലാഴ്ത്തിവെച്ച കാലുകളാണ് ആമിറിനെ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും 'അക്കല്‍' (തലച്ചോറ്) ഉള്ള നടനായി മാറ്റിയത്.
