90കളില്‍ തന്നെ രാഷ്ട്രീയ രംഗത്ത് ഒളിഞ്ഞും തെളിഞ്ഞും വിജയകാന്ത് ഉണ്ടായിരുന്നു. കലൈഞ്ജര്‍ കരുണാനിധിയുമായി സൂക്ഷിച്ച ആദ്യകാലത്തെ അടുപ്പം ദ്രാവിഡ രാഷ്ട്രീയ വേദികളില്‍ ചില സമയങ്ങളില്‍ വിജയകാന്തിന്‍റെ സാന്നിധ്യം ഉറപ്പിക്കാന്‍ ഇടയാക്കി. 

സിനിമയില്‍ തന്‍റെ രാഷ്ട്രീയ ഇടം ഉറപ്പാക്കിയ ശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങുക എന്നതാണ് എന്നും തമിഴകത്തെ വന്‍ താരങ്ങളുടെ നീക്കം. ഇങ്ങേ അറ്റത്ത് അതിന് ശ്രമിക്കുന്ന താരങ്ങള്‍ മുതല്‍ അതില്‍ വന്‍‌ വിജയം നേടിയ എംജിആര്‍ വരെ തിരയിലെ രാഷ്ട്രീയം തമിഴ് മണ്ണിലിറക്കി വിജയിച്ചവരുടെ ഉദാഹരണം ഏറെയാണ്. അതേ രീതിയിലുള്ള ഒരു എന്‍ട്രി തന്നെയാണ് വിജയകാന്തിനും തമിഴകത്ത് ഉണ്ടായത്.

90കളില്‍ തന്നെ രാഷ്ട്രീയ രംഗത്ത് ഒളിഞ്ഞും തെളിഞ്ഞും വിജയകാന്ത് ഉണ്ടായിരുന്നു. കലൈഞ്ജര്‍ കരുണാനിധിയുമായി സൂക്ഷിച്ച ആദ്യകാലത്തെ അടുപ്പം ദ്രാവിഡ രാഷ്ട്രീയ വേദികളില്‍ ചില സമയങ്ങളില്‍ വിജയകാന്തിന്‍റെ സാന്നിധ്യം ഉറപ്പിക്കാന്‍ ഇടയാക്കി. എന്നാല്‍ വൈക്കോ പോലെയുള്ള നേതാക്കള്‍ ഡിഎംകെ വിട്ടതിന് പിന്നാലെ വിജയകാന്തും ഡിഎംകെയോട് അടുപ്പം കുറച്ചു. രാഷ്ട്രീയമായ സേവനങ്ങള്‍ക്ക് അപ്പുറം അതേ സമയം ചാരിറ്റി രംഗത്ത് ശക്തമായി പ്രവര്‍ത്തിപ്പിച്ച് തന്‍റെ ആരാധക സംഘത്തെ വിജയകാന്ത് എന്തിനും സന്നദ്ധരാക്കി നിര്‍ത്തിയിരുന്നു. 

2005 സെപ്റ്റംബർ 14-ന് മധുരയിൽ വെച്ച് വിജയകാന്ത് തന്റെ രാഷ്ട്രീയ പാർട്ടിയായ ദേശിയ മുർപ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) രൂപീകരിച്ചു. ചില ജാതി സംഘടനകളെയും, തന്‍റെ ആരാധക സംഘത്തെയും രാഷ്ട്രീയ പാര്‍ട്ടിയാക്കുകയായിരുന്നു വിജയകാന്ത്. ഒരു കാലത്ത് ജയലളിതയുടെ വിശ്വസ്തനായിരുന്ന പന്‍റുടി രാമചന്ദ്രനായിരുന്നു അന്ന് വിജയകാന്തിന്‍റെ രാഷ്ട്രീയ ഉപദേശകന്‍ ഒരു വർഷത്തിനുള്ളിൽ 2006 തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന നേതാക്കളിൽ ഒരാളായി വിജയകാന്ത് വളര്‍ന്നു. ഒരു സീറ്റും 8 ശതമാനം വോട്ടും അദ്ദേഹത്തിന്‍റെ പാര്‍ട്ടി ഡിഎംഡികെ നേടി.

അന്നത്തെ ഡിഎംകെ സര്‍‍ക്കാര്‍ വിജയകാന്തിനെതിരെ നിരന്തരം അധികാരം ഉപയോഗിച്ച് കൈയ്യേറ്റം നടത്തുന്നു എന്ന ആരോപണം ശക്തമായിരുന്നു. വിജയകാന്തിന്‍റെ ഉടമസ്ഥതയിലുള്ള കല്ല്യാണ മണ്ഡപം കൈയ്യേറ്റം എന്ന് ആരോപിച്ച് പൊളിച്ചത് അടക്കം ഈക്കാലത്താണ്. 2010 ല്‍ ഒരു വലിയ ഡിഎംഡികെ സമ്മേളനത്തില്‍ തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് വൈദ്യുതി മോഷണം ആരോപിച്ച് ഫ്യൂസ് ഊരി. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നൂറുകണക്കിന് ജനറേറ്റര്‍ സംഘടിപ്പിച്ച് സിനിമ സ്റ്റെലില്‍ വിജയകാന്ത് സമ്മേളനം നടത്തി. ഇത്തരം ഷോകള്‍ വിജയകാന്തിനെ രാഷ്ട്രീയത്തില്‍ അതിവേഗം ജനപ്രിയനാക്കി.

പാർട്ടിക്ക് വേണ്ടി ഒരു രൂപ ജനങ്ങളോട് സംഭാവന ചോദിക്കില്ലെന്നും തന്റെ പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കുമെന്നും തുടങ്ങിയ വിജയകാന്തിന്‍റെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ അക്കാലത്ത് കൈയ്യടി നേടി. വിജയകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ തുടക്കകാലത്ത് വിജയകാന്തിനൊപ്പം റിസര്‍ച്ച് വിഭാഗത്തില്‍ ഇന്നത്തെ തമിഴ്നാട് ബിജെപി അദ്ധ്യക്ഷനും, മുന്‍ ഐപിഎസ് ഓഫീസറുമായ അണ്ണാമലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഖ്യമില്ലാതെ മത്സരിച്ച ഡിഎംഡികെ തദ്ദേശ തെരഞ്ഞെടുപ്പിലും, ലോക്സഭ തെരഞ്ഞെടുപ്പിലും വോട്ട് ശതമാനം ഉയര്‍ത്തി തങ്ങളുടെ കഴിവ് തെളിയിച്ചു.

2011ൽ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവുമായി (എഐഎഡിഎംകെ) ചേർന്ന് 41 മണ്ഡലങ്ങളിൽ മത്സരിച്ചു. എഐഎഡിഎംകെയുമായി രാഷ്ട്രീയ വിയോജിപ്പ് ഉണ്ടെങ്കിലും ഡിഎംകെയെ തോല്‍പ്പിക്കാനാണ് സഖ്യം എന്നായിരുന്നു അന്നത്തെ വാദം. 41 സീറ്റുകളിൽ മത്സരിച്ച അവർ 29 എണ്ണത്തിൽ വിജയിച്ചു. ആ വർഷം ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം)യേക്കാൾ കൂടുതൽ സീറ്റുകൾ ഡിഎംഡികെ നേടി. 

വിജയത്തിന് പിന്നാലെ വിജയകാന്തും ജയലളിതയും തമ്മിൽ തർക്കമുണ്ടായി. വിജയകാന്ത് പ്രതിപക്ഷത്താണ് ഇരുന്നത്. വിജയകാന്ത് പ്രതിപക്ഷ നേതാവ് ആയതോടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നുവരെ വിശേഷണം വന്നു. എന്നാല്‍ നിയമസഭയില്‍ ഡിഎംകെയുടെ ശബ്ദം ഉയരാതിരിക്കാന്‍ ജയലളിത നടത്തിയ അഡ്ജസ്റ്റ്മെന്‍റാണ് വിജയകാന്തിന്‍റെ പ്രതിപക്ഷ നേതാവ് പദവിയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ നിയമസഭയില്‍ ജയലളിതയോട് നേരിട്ട് കയര്‍ക്കുന്ന ക്യാപ്റ്റന്‍റെ വീഡിയോ ഇപ്പോഴും വൈറഖലാണ്.

2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഡിഎംകെ ബിജെപിയുമായും മറ്റ് ചെറുപാർട്ടികളുമായും സഖ്യത്തിലായിരുന്നു ക്യാപ്റ്റന്‍. ഒരു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ തന്റെ സുഹൃത്ത് എന്ന് വിളിക്കുകയും ചെയ്തു. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ ഡിഎംഡികെ ബിജെപി സഖ്യം പരാജയപ്പെട്ടു. തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനവും പിന്നാലെ ഇദ്ദേഹത്തിന് നഷ്ടപ്പെട്ടു. കാരണം എട്ട് എംഎല്‍എമാര്‍ എഡിഎംകെയിലേക്ക് ചേക്കേറി.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്കൊപ്പമാണ് ഡിഎംഡികെ മത്സരിച്ചത്. ജനപക്ഷ മുന്നണി എന്ന പേരില്‍ വിജയകാന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിച്ച് വന്ന സഖ്യം അമ്പെ പരാജയപ്പെട്ടു. അന്ന് എഐഎഡിഎംകെയുടെ കൂടെ മത്സരിക്കാനുള്ള അവസരം വേണ്ടെന്ന് വച്ചായിരുന്നു വിജയകാന്തിന്‍റെ തീരുമാനം. ഇത് രാഷ്ട്രീയമായി ഡിഎംഡികെയെ തകര്‍ത്തു. പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായി. വോട്ട് ഷെയര്‍ 4 ശതമാനത്തില്‍ താഴെയായി. 2019 ലോക്സഭ തെരഞ്ഞെടുപ്പിലും, 2021 നിയമസഭ തെരഞ്ഞെടുപ്പിലും കനത്ത തോല്‍വി നേരിട്ടതോടെ ഡിഎംഡികെ ഇപ്പോള്‍ മരണശയ്യയിലാണ്. 

തമിഴ് രാഷ്ട്രീയത്തില്‍ ഒരു ഗംഭീര സൂപ്പര്‍ഹിറ്റിന് ലഭിക്കുന്ന രീതിയിലുള്ള ഓപ്പണിംഗ് ലഭിച്ചിട്ടും അത് മുതലാക്കാന്‍ കഴിഞ്ഞില്ല ക്യാപ്റ്റനെന്ന രാഷ്ട്രീയക്കാരന്. പലപ്പോഴും പൊതുമധ്യത്തിലെ അദ്ദേഹത്തിന്‍റെ ചില പെരുമാറ്റങ്ങള്‍ സാമ്പ്രദായിക രാഷ്ട്രീയ രീതികളോട് ചേരുന്നതായിരുന്നുമില്ല. എന്തായാലും ക്യാപ്റ്റന്‍ വിടപറഞ്ഞതോടെ ഭാര്യ പ്രമീള വീണ്ടും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുവരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. 

ലൈറ്റ് ബോയിക്കും, സൂപ്പര്‍താരത്തിനും ഒരേ ഭക്ഷണം: സിനിമ സെറ്റില്‍ ഭക്ഷണ വിപ്ലവം നടത്തിയ വിജയകാന്ത്.!

​​​​​​​സ്കൂളില്‍ തല്ലി തുടങ്ങിയ ബന്ധം; സുഹൃത്തിന്‍റെ കവലാളായി നിന്ന റാവുത്തര്‍: വിജയകാന്തിന്‍റെ 'സലാര്‍'.!