ഇനി സമീറ റെഡ്ഡി ഡാൻസ് ചെയ്യും. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഹസ്കി- ട്രെൻഡ്..
ഹസ്കി ഡാൻസ് കാണാത്ത ഒരാളും സോഷ്യൽ മീഡിയയിൽ ഉണ്ടാകാനിടയില്ല. വിശാൽ നായകനായ തമിഴ് ചിത്രം വെടിയിൽ വിജയ് ആൻ്റണി സംഗീതം നൽകി വിജയ് ആൻ്റണിയും സംഗീത രാജേശ്വരനും ചേർന്ന് പാടിയ 'ഇച്ച് ഇച്ച്' എന്ന ഗാനത്തിലെ ചെറിയൊരു പോർഷനിലാണ് എഐ ഹസ്കി ചുവടുവയ്ക്കുന്നത്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെയാണ് ഹസ്കി ട്രെൻഡിന് ഡാൻസ് ചെയ്യുന്നത്. പാൻ ഇന്ത്യൻ ലെവലിൽ ഹിറ്റായ ഈ ട്രെൻഡിന് പിന്നിലെ പേജ് ഒരു മലയാളിയുടേതാണ്. ടിക് ടോക്ക് കാലത്തെ വീഡിയോകൾക്കൊപ്പം ഹസ്കി ഡാൻസും ചേർത്തുവച്ച് ട്രെൻഡ് ആക്കിയ 'ഹസ്കി ഡാൻസ് ഡെയ്‌ലി' എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിനു പിന്നിലെ മലയാളി, വൈക്കംകാരൻ അർജുൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനൊപ്പം.
സമയം പോകാൻ ചെയ്തു തുടങ്ങിയത്
നല്ലൊരു സമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നവരാണല്ലോ നമ്മൾ, ഞാനും അതെ.. ഇൻസ്റ്റഗ്രാമിൽ ചെലവിടുന്ന സമയത്ത് എന്തെങ്കിലും ഡെയ്‌ലി കണ്ടെൻ്റുകൾ ചെയ്യാമെന്നായിരുന്നു ആലോചന. അർജുൻ ഡി എന്ന എൻ്റെ പേജിനു പുറമെ ഈ വർഷം ഏപ്രിലിൽ തുടങ്ങിയതാണ് ഹസ്കി വീഡിയോസ് അപ്ലോഡ് ചെയ്യുന്ന പേജ്. ഈ പേര് അപ്പോൾ നൽകിയിട്ടില്ല. എനിക്ക് പെറ്റ്സിനെ ഇഷ്ടമാണ്, രണ്ട് ഡോഗ്സുണ്ട്. എഐ ക്രിയേഷൻ വീഡിയോസ് ട്രെൻഡ് ആയി തുടങ്ങിയ സമയത്ത് ഇഷ്ടപ്പെട്ട് സേവ് ചെയ്ത് വച്ചിരുന്നതാണ് ഹസ്കി ഡാൻസ് ചെയ്യുന്ന വീഡിയോ. ആ പേരിൽ മറ്റൊരു പേജ് ഇല്ലെന്ന് കണ്ടതോടെ ഹസ്കി വീഡിയോസ് ഡെയ്‌ലി എന്ന പേരിൽ ഒമ്പത് ദിവസം മുമ്പ് വീഡിയോകൾ പോസ്റ്റ് ചെയ്ത് തുടങ്ങി. കോട്ടയത്ത് ഫിനാൻസ് പ്രൊഫഷണൽ ആണ് ഞാൻ. സമയം പോകാൻ മാത്രം ചെയ്തു തുടങ്ങിയതാണ്.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഹസ്കി- ട്രെൻഡ്
പല പാട്ടിനൊപ്പവും ഹസ്കി ഡാൻസ് ചെയ്തിരുന്നെങ്കിലും ഇച്ച് ഇച്ച് ആണ് ഏറ്റവും ചേർച്ചയുള്ളതായി തോന്നിയത്. ഇച്ച് ഇച്ചിനു ഡാൻസ് ചെയ്യുന്ന ഹസ്കിയുടെ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തു. പിന്നെ പഴയ ടിക് ടോക് വീഡിയോസിനു പിന്നാലെ ഹസ്കിയെ ചേർത്തുവച്ചു നോക്കി. ആദ്യത്തെ ദിവസം 25-27K വ്യൂസ് ഒക്കെയാണ് ഉണ്ടായിരുന്നത്. ഒരു രാത്രി ഇരുട്ടി വെളുത്തതോടെയാണ് ഹസ്കി ഡാൻസ് ട്രെൻഡ് ആയത്. രാവിലെ നോക്കുമ്പോൾ ഒരു മില്യൺ കടന്നു വീഡിയോയുടെ വ്യൂ. നൂറ് ഫോളോവേഴ്സിൽ നിന്ന് 1300 ഫോളോവേഴ്സ് ആയി. സെക്കൻ്റുകൾ കൊണ്ട് ഫോളോവേഴ്സ് കൂടുന്നത് കണ്ടതോടെ പിറ്റേന്ന് പതിനാറ് വീഡിയോകൾ പോസ്റ്റ് ചെയ്തു. എല്ലാം വലിയ റീച്ച് പോയി. ആളുകൾ ഡാൻസ് ചെയ്ത് പേജ് മെൻഷൻ ചെയ്യാനും കൊളാബ് ചെയ്യാനും തുടങ്ങി. ഇന്ത്യയിൽ നിന്നുള്ളവർ മാത്രമല്ല, ഗ്ലോബലി വീഡിയോ സ്വീകരിക്കപ്പെട്ടു. മറ്റ് രാജ്യങ്ങളിൽ നിന്നും കൊളാബുകൾ വന്നു. ഇപ്പോൾ ആകെ ഫോളോവേഴ്സിൻ്റെ എണ്ണം 88,000 ആണ്. പേജ് വ്യൂസ് പതിനഞ്ച് കോടി കഴിഞ്ഞു. ഹസ്കി ട്രെൻഡ് ആയതിനു പിന്നാലെ നിറയെ ഫേക്ക് പേജസും വന്നിട്ടുണ്ട്.
വിജയ് ആൻ്റണിക്ക് പിന്നാലെ ഹസ്കി ഡാൻസ് ചെയ്യാൻ സമീറ റെഡ്ഡിയും
രണ്ട് ദിവസം മുമ്പാണ് വിജയ് ആൻ്റണി ഹസ്കി ട്രെൻഡിനു ഡാൻസ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്നലെ സമീറ റെഡ്ഡി ഹസ്കി ട്രെൻഡിൻ്റെ ക്രിയേറ്ററെ തേടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. സമീറയോട് സംസാരിച്ചു. അവർക്ക് ഹസ്കി ട്രെൻഡിനു ഡാൻസ് ചെയ്ത് കൊളാബ് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്.
ഫ്യൂച്ചർ പ്ലാൻ
ഇപ്പോഴുള്ള റീച്ച് പ്രതീക്ഷിച്ചതല്ല. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണെങ്കിലും ഇതുപോലൊരു അനുഭവം ആദ്യമാണ്. ഈ ട്രെൻഡ് അധികം നിൽക്കില്ലെന്നറിയാം. പേജിൻ്റെ ഫേസ് ഹസ്കിയാണ്. അതുവച്ച് ഇനി എന്ത് ചെയ്യാനാകുമെന്നാണ് ആലോചന.
