Asianet News MalayalamAsianet News Malayalam

ഗഫൂര്‍ കാ ദോസ്ത് മുതല്‍ കീലേരി അച്ചുവരെ; മലയാളി മറക്കാത്ത മാമുക്കോയയുടെ പകര്‍ന്നാട്ടങ്ങള്‍

മലബാറിന്‍റെ സംസാര ശൈലിയും ലാളിത്യവും എല്ലാം ചേര്‍ന്ന മാമുക്കോയയുടെ പല വേഷങ്ങളും എന്നും മലയാളികള്‍ മനസില്‍ സൂക്ഷിക്കുന്നതാണ്. ഇത്തരത്തില്‍ മലയാളി ഒരിക്കലും മറക്കാത്ത മാമുക്കോയയുടെ പത്ത് പകര്‍ന്നാട്ടങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 
 

evergreen character of actor mamukkoya vvk
Author
First Published Apr 26, 2023, 1:33 PM IST

കോഴിക്കോട്: മാമു തൊണ്ടിക്കാട്ടില്‍ എന്ന മരപ്പണിക്കാരനായ കോഴിക്കോടുകാരന്‍ നാടക വേദികളില്‍ നിന്നാണ് മലയാള സിനിമയിലേക്ക് വരുകയും തന്‍റെതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തത്. മലബാറിന്‍റെ സംസാര ശൈലിയും ലാളിത്യവും എല്ലാം ചേര്‍ന്ന മാമുക്കോയയുടെ പല വേഷങ്ങളും എന്നും മലയാളികള്‍ മനസില്‍ സൂക്ഷിക്കുന്നതാണ്. ഇത്തരത്തില്‍ മലയാളി ഒരിക്കലും മറക്കാത്ത മാമുക്കോയയുടെ പത്ത് പകര്‍ന്നാട്ടങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 

റാംജി റാവു സ്പീക്കിംഗ് ഹംസക്കോയ

മാമുക്കോയ എന്ന നടന്‍ പതിറ്റാണ്ടുകളായി ചലച്ചിത്ര രംഗത്തുണ്ടായിട്ടും. എന്നും മലയാളി അദ്ദേഹത്തെ തിരിച്ചറിയുന്നത് ആ ഒറ്റവിളിയിലാണ് 'ബാലാഷ്ണാ' എന്ന വിളി. ഉറ്റ സുഹൃത്തായ ബാലകൃഷ്ണനെ സാമ്പത്തികമായി സഹായിച്ച് കുരുക്കിലായി പോയ ഹംസകോയയുടെ ദൈന്യത ചിരിയായാണ് പ്രേക്ഷകനിലേക്ക് സംവിധായകര്‍ എത്തിച്ചെങ്കിലും, മാമുക്കോയ എന്ന നടന്‍ മലയാളിയുടെ മനസിലേക്ക് കയറിക്കൂടിയ കഥാപാത്രമാണ റാംജി റാവു സ്പീക്കിംഗിലെ ഹംസക്കോയ. 

പെരുമഴക്കാലത്തിലെ അബ്ദു

കമല്‍ സംവിധാനം ചെയ്ത് 2004 ല്‍ ഇറങ്ങിയ ചിത്രമാണ് പെരുമഴക്കാലം. രണ്ട് കുടുംബങ്ങള്‍ക്ക് സംഭവിക്കുന്ന ദുരന്തത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. സ്വന്തം ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട മറ്റൊരു സ്ത്രീയുടെ മുന്നില്‍ യാചിക്കുന്ന മകള്‍ക്കൊപ്പം നിശബ്ദമായ സാന്നിധ്യമായി അബ്ദുവുണ്ട്. പ്രായമായ ഒരു മനുഷ്യന്‍റെ ജീവിത അലച്ചിലുകള്‍ ഗംഭീരമാക്കിയ മാമുക്കോയ ഈ റോളിന് ജൂറിയുടെ പ്രത്യേക പരാമർശം എന്ന സംസ്ഥാന അവാര്‍ഡും നേടി.

കുരുതിയിലെ മൂസ ഖാദര്‍

മൈസൂര്‍ രാജാവിന്‍റെ ഡ്രൈവറായിരുന്നു മൂസ ഖാദര്‍. എന്നാല്‍ ഇപ്പോഴും തന്‍റെ കാഴ്ചപ്പാടിലും, ചിന്തയിലും വിട്ടുവീഴ്ച വരുത്താന്‍ തയ്യാറല്ലാത്ത വ്യക്തി. 2021 ല്‍ ഒടിടിയില്‍ റിലീസ് ചെയ്ത കുരുതിയെന്ന ചിത്രത്തിലെ മാമുക്കോയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ശക്തമായ കഥാപാത്രമാണ് ഇതെന്നാണ് നിരൂപകര്‍ അടക്കം പ്രശംസിച്ചത്. 

നാടോടിക്കാറ്റിലെ ഗഫൂര്‍ കാ ദോസ്ത്

ദാസനെയും വിജയനെയും ദുബായില്‍ എത്തിക്കാം എന്ന് പറഞ്ഞ് പറ്റിക്കുന്ന ഗാഫൂര്‍ ഒരു ചെറിയ വേഷമാണ്. എന്നാല്‍ മാമുക്കോയ എന്ന നടനെ എന്നും മലയാളി ഓര്‍ക്കുന്നത് ഈ വേഷം കൊണ്ടുകൂടിയാണ്. ഗഫൂര്‍ പിന്നീട് പട്ടണപ്രവേശം എന്ന സിനിമയിലും വരുന്നുണ്ട്. അതിന് ശേഷം കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലും ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. പിന്നീട് പരസ്യങ്ങളിലും, സ്റ്റേജ് ഷോകളിലും ഗഫൂറായി മാമുക്കോയ എത്തിയിരുന്നു.  എന്തായാലും ദാസനെയും വിജയനെയും പറ്റിച്ച  ഗഫൂര്‍ കാ ദോസ്ത് ഒരിക്കലും മലയാളി മറക്കില്ല.

എന്നും ട്രോള്‍ കഥാപാത്രമായ കീലേരി അച്ചു

1991 ല്‍ ഇറങ്ങിയ കണ്‍കെട്ട് എന്ന ചിത്രത്തിലെ കീലേരി അച്ചു എന്ന കഥാപാത്രം വളരെ ചെറിയൊരു കഥാപാത്രമാണ്. ഒരു നാടന്‍ ചട്ടമ്പി. എന്നാല്‍ അത് ഉണ്ടാക്കി വിട്ട ചിരി ഇന്നും നിലയ്ക്കുന്നില്ല. പുലിയായി വന്ന് എലിയായി പോകുന്നവരെ ഇന്നും മലയാളി വിളിക്കുന്നത് കീലേരി അച്ചുവെന്നാണ്. എന്നും നിറഞ്ഞു നില്‍ക്കുന്ന ട്രോള്‍ മെറ്റീരിയലാണ് കീലേരി അച്ചുവെന്ന മാമുക്കോയയുടെ വേഷം. 

സന്ദേശത്തിലെ മണ്ഡലം പ്രസിഡന്‍റ് പൊതുവാള്‍

മലയാളി എന്നും രാഷ്ട്രീയ ആക്ഷേപഹാസ്യ ചലച്ചിത്രത്തിന്‍റെ ആദ്യത്തെ പേരായി പറയുന്ന സന്ദേശം എന്ന ചിത്രത്തിലെ ഐഎന്‍എസ്പി മണ്ഡലം പ്രസിഡന്‍റ് പൊതുവാള്‍ മലയാളിക്ക് മറക്കാന്‍ കഴിയാത്ത മാമുക്കോയയുടെ വേഷമാണ്. ഈ സത്യന്‍ അന്തിക്കാട് ചിത്രത്തിലെ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളില്‍ അടയാളപ്പെടുത്താവുന്ന വേഷമാണ് പൊതുവാള്‍ ജി. 

ഡ്രൈവിംഗ് പഠിപ്പിക്കുന്ന കുഞ്ഞനന്തന്‍ മേത്രി

ഒരാള്‍ കിടക്കുമ്പോ ചെറ്റ വര്‍ത്താനം പറയരുതെന്ന് പറഞ്ഞ് കവിള്‍ നോക്കി വീക്കുന്ന കുഞ്ഞനന്തന്‍ മേസ്ത്രി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 1990ലെ തലയണമന്ത്രം ചിത്രത്തിലെ ഒരോ കഥാപാത്രവും മനോഹരമാണ്. അതില്‍ മലയാളിക്ക് മറക്കാന്‍ കഴിയാത്ത ഒരു കഥപാത്രം തന്നെയാണ് മാമുക്കോയയുടെ കുഞ്ഞനന്തന്‍ മേസ്ത്രി. ശ്രീനിവാസനെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന രംഗം ആര്‍ക്കാണ് മറക്കാന്‍ കഴിയുക.

ഹലോ അമ്മായി അഹമ്മദ് കുട്ടി സ്പീക്കിംഗ്..! 

1990 ല്‍ ഇറങ്ങിയ കൌതുക വാര്‍ത്തകള്‍ എന്ന ചിത്രത്തിലെ അഹമ്മദ് കുട്ടിയെന്ന കുക്കിന്‍റെ വേഷം ഇന്നും മലയാളിക്ക് ചിരി സമ്മാനിക്കുന്ന വേഷമാണ്. തുളസി ദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നിരവധി ഹാസ്യ നടന്മാര്‍ പൂണ്ടു വിളയാടുമ്പോള്‍ അതില്‍ മാമുക്കോയയുടെ കുക്ക് വേഷം ശരിക്കും തകര്‍ക്കുന്നുണ്ട്. 

ചന്ദ്രലേഖയിലെ ബീരാന്‍

പണം കടം കൊടുത്ത് അത് തിരിച്ചുവാങ്ങാന്‍ നടക്കുന്ന ബീരാന്‍. നൂറിന്‍റെ മാമ ഇങ്ങനെ എന്നും മലയാളി ഓര്‍ത്ത് ചിരിക്കുന്ന രംഗങ്ങളാണ് ചന്ദ്രലേഖ എന്ന ചിത്രത്തിലെ മാമുക്കോയയുടെ വേഷം നല്‍കുന്നത്. 

മഴവില്‍ കാവടിയിലെ കുഞ്ഞിഖാദര്‍

സത്യന്‍ അന്തിക്കാടിന്‍റെ രസകരമായ ചിത്രത്തില്‍ ജയറാമിന്‍റെ സുഹൃത്തായ കുഞ്ഞി ഖാദര്‍ ശരിക്കും  മലയാളിയെ ചിരിപ്പിച്ച കഥാപാത്രമാണ്. അതേ സമയം തന്നെ ലോക്കപ്പിലിരുന്ന് ചിരിക്കുന്ന ആ ചിത്രം ഇന്നും ട്രോളന്മാരുടെ ഇഷ്ട മീം ആണ്. 
 

ഹാസ്യ സാമ്രാട്ടിന് വിട; നടന്‍ മാമുക്കോയ അന്തരിച്ചു

Follow Us:
Download App:
  • android
  • ios