'മനീഷ് വിഷ്ണു' എന്ന ഇവരുടെ യൂട്യൂബ് ചാനലിന് ഒരു കോടിയിലധികം സബ്സ്ക്രൈബേഴ്സുണ്ട്. മനീഷുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
കേരളത്തിലെ നാലാമത്തെ ഡയമണ്ട് പ്ലേ ബട്ടൺ കിട്ടിയ മനീഷ് - സെൻശ്രീ ദമ്പതികള്‍ക്ക് വീഡിയോ ക്രിയേഷന്‍ ഒരു പാഷന്‍ മാത്രമല്ല, അവരുടെ ജീവിതവും കൂടിയാണ്. 'മനീഷ് വിഷ്ണു' എന്ന ഇവരുടെ യൂട്യൂബ് ചാനലിന് ഒരു കോടിയിലധികം സബ്സ്ക്രൈബേഴ്സുണ്ട്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് ഇരുവരും. മകന് കൂട്ടായി മറ്റൊരാൾ കൂടി നമ്മുടെ ജീവിതത്തിലേക്ക് എത്തുന്നു എന്നാണ് മനീഷും സെൻശ്രീയും പറയുന്നത്. മനീഷുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
യൂട്യൂബിലേക്ക് എത്തിയത്
2015 മുതല്‍ ഞാന്‍ ഫേസ്ബുക്കില്‍ സജ്ജീവമായിരുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാം തുടങ്ങി. അതുവഴിയാണ് സെൻശ്രീയെ പരിചയപ്പെട്ടത്. നല്ല സുഹൃത്തുക്കളായി, പിന്നീട് അത് പ്രണയമായി, വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹിതരുമായി. സെൻശ്രീയാണ് നമ്മുടെ കണ്ടെന്‍റ് ക്രിയേഷന്‍ യാത്രക്ക് തുടക്കം കുറിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം. വിവാഹത്തിന് മുമ്പ് തന്നെ അവള്‍ യൂട്യൂബ് ചാനല്‍ തുടങ്ങുകയും വ്ലോഗിംഗ് തുടങ്ങുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷമാണ് ഞാന്‍ മനീഷ് വിഷ്ണു എന്ന പേരിലുള്ള എന്‍റെ ചാനല്‍ തുടങ്ങുന്നത്. കൊവിഡ് കാലത്തായിരുന്നു അത്. വീഡിയോ തുടങ്ങിയ സമയത്തുതന്നെ നല്ല അഭിപ്രായങ്ങള്‍ കിട്ടിത്തുടങ്ങി. ആദ്യം ഷോർട്സ് ആയിരുന്നു ചെയ്തിരുന്നത്. പിന്നെ ലോങ് വീഡിയോസിലേക്ക് എത്തി.
സെൻശ്രീയുടെ കഠിനാധ്വാനം
സെന്‍ശ്രീയുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഇന്ന് ഞങ്ങള്‍ ഈ നിലയില്‍ എത്താന്‍ കാരണം. അവൾ ഗർഭിണി ആയിരുന്ന സമയത്തുപോലും അത്രയും കഷ്ടപെട്ടിട്ടുണ്ട്. ഒരു ദിവസം പോലും വീഡിയോ ചെയ്യുന്നത് മുടക്കിയിട്ടില്ല. എത്ര ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും വീഡിയോ എടുക്കാന്‍ മുന്നില്‍ നിന്നതും അവളാണ്. അമ്മയെ വീഡിയോയിലേക്ക് കൊണ്ടുവന്നതും സെന്‍ശ്രീ തന്നെയാണ്.
അമ്മയുടെ വരവ്
അമ്മ കൂടി വീഡിയോയില്‍ വന്നതിന് ശേഷമാണ് ശരിക്കും അക്കൗഡ് റീച്ച് ആയതെന്ന് പറയാം. അമ്മയ്ക്ക് ആദ്യം ഒരു മടിയുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അമ്മ വളരെ സിമ്പിൾ ആയിട്ട് ചെയ്യുന്നുണ്ട്. അതിന്‍റെ പിന്നിലും സെന്‍ശ്രീ തന്നെയാണ്. ഞങ്ങൾ മൂന്നുപേരുടെയും കോംമ്പോ ആളുകൾ ഇഷ്ടപെട്ടുതുടങ്ങി. അമ്മയായിട്ടുള്ള വീഡിയോകളില്‍ ഞാൻ അങ്ങനെ നെഗറ്റീവ് കമന്‍റുകള്‍ കണ്ടിട്ടേയില്ല. അങ്ങനെ അമ്മയ്ക്ക് പ്രാധാന്യം കൊടുത്ത കണ്ടെന്റുകൾ ഒരുപാട് ഞങ്ങള്‍ ചെയ്തു. അതെല്ലാം വര്‍ക്കായി. പിന്നെ ഒരിക്കല്‍ പോലും വ്യൂസ് ഇല്ല എന്നതിന്റെ പേരിൽ വീഡിയോ ഇടാതെ ഇരുന്നിട്ടേയില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഒരിക്കലും ഈ ഒരു നിലയിൽ നമുക്ക് എത്താൻ സാധിക്കുമായിരുന്നില്ല. ഞങ്ങള്‍ തുടര്‍ച്ചയായി വീഡിയോകള്‍ ചെയ്തു കൊണ്ടിരുന്നു. ഇപ്പോഴും ദിവസവും ഒരു വീഡിയോ എങ്കിലും ചെയ്യും.
ഫാമിലി കണ്ടെന്‍റുകള്‍
ഫാമിലി കണ്ടെന്റുകളാണ് കൂടുതലും ചെയ്യുന്നത്. വ്ലോഗിംഗ് അങ്ങനെ എപ്പോഴും ചെയ്യാറില്ല. എന്തെങ്കിലും വിശേഷ ദിവസം മാത്രമാണ് ലോങ് വീഡിയോ ചെയ്യുന്നത്. പശ്ചാത്തല സംഗീതമൊക്കെ കൊടുത്ത് ഷോർട്സാണ് ഇപ്പോള്‍ കൂടുതലും ചെയ്യുന്നത്. അത്തരത്തില്‍ മ്യൂസിക് ഉപയോഗിച്ചുള്ള വീഡിയോകള്‍ ചെയ്തത് കൊണ്ടാണ് മറ്റ് ഭാഷകളില്‍ നിന്നുള്ള സബ്സ്ക്രൈബേഴ്സിനെയും ഞങ്ങള്‍ക്ക് കിട്ടിയത്. നമ്മുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളും, നമ്മുക്ക് ചുറ്റുമുള്ള കാര്യങ്ങളുമൊക്കെ തന്നെയാണ് കണ്ടെന്‍റ് ആക്കുന്നത്. ചിലപ്പോള്‍ അമ്മയുടെ കുക്കിംഗ് നടക്കുന്ന സമയത്താണെങ്കില്‍ അത് വെച്ച് ഒരു കണ്ടെന്‍റ് ചെയ്യും. കണ്ടെന്‍റിന് വേണ്ടി ഓരോന്ന് ചെയ്യുന്നതിനെക്കാള്‍ ശരിക്കും ചെയ്യുന്ന കാര്യങ്ങള്‍ തന്നെ കണ്ടെന്‍റ് ആക്കാനാണ് ശ്രമിക്കാറുള്ളത്. സ്പെഷ്യൽ മൊമെന്റ്സ് മാത്രമേ നമ്മൾ വ്ലോഗ് ചെയ്യാറുള്ളൂ. ഇപ്പോള്‍ കുറച്ച് ദിവസം മുമ്പ് രണ്ടാമത്തെ പ്രെഗ്നൻസി റിവീല്‍ ചെയ്യുന്ന വീഡിയോ ചെയ്തിരുന്നു. ഇനി അത്തരത്തില്‍ വളകാപ്പ് പോലെയുള്ള സംഭവങ്ങള്‍ വ്ലോഗ് ചെയ്യാന്‍ സാധ്യതയുണ്ട്. മകനെ വീഡിയോയില്‍ വരാന്‍ നിർബന്ധിക്കാറില്ല. അവന് മൂഡ് ഇല്ലെങ്കില്‍ ചെയ്യിപ്പിക്കേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. ചിലപ്പോഴൊക്കെ അവന്‍ തന്നെ പറയും വാ നമുക്ക് വീഡിയോ ചെയ്യാമെന്ന്. പുതിയ ഒരാള്‍ കൂടി ജീവിതത്തിലേക്ക് വരുന്നതിന്‍റെ സന്തോഷത്തിലാണ് അവന്‍.
നെഗറ്റീവ് കമന്‍റുകളില്ല
നെഗറ്റീവ് കമന്‍റുകള്‍ ഞങ്ങള്‍ക്ക് കുറവാണ് എന്ന് തന്നെ പറയാം. ആദ്യമൊക്കെ നെഗറ്റീവ് കമന്‍റുകള്‍ കണുന്നത് സെൻശ്രീക്ക് സങ്കടമായിരുന്നു. ഇപ്പോള്‍ അങ്ങനെ നെഗറ്റീവ് കമന്‍റുകള്‍ ഇല്ല എന്നു തന്നെ പറയാം.
1.7 ബില്യൺ വ്യൂസുള്ള വീഡിയോ
മകന്‍റെ രണ്ടാമത്തെ പിറന്നാളിന് അമ്മ ഒരു സൈക്കിൾ വാങ്ങി കൊടുത്ത വീഡിയോ ശരിക്കും നടന്ന കാര്യമാണ്. അമ്മക്ക് ഗവൺമെന്‍റില്‍ നിന്നും വരുന്ന പൈസ കൊണ്ട് സൈക്കിള്‍ വാങ്ങി കൊടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അത് അമ്മ എന്നോട് പറഞ്ഞപ്പോള്‍, എന്നാല്‍ പിന്നെ അത് വീഡിയോ ചെയ്തേക്കാം എന്ന് കരുതി. അതില്‍ മോന്‍റെ മുഖത്തെ സന്തോഷമൊക്കെ ശരിക്കുമുള്ളതാണ്. ഇന്ന് ആ വീഡിയോയ്ക്ക് 1.7 ബില്യൺ വ്യൂസ് ഉണ്ട്. എനിക്ക് തോന്നുന്നു ഇന്ത്യയിൽ തന്നെ ഒരു ബില്യൺ അടിച്ച ഒരു 10 ക്രിയേറ്റേഴ്സേ ഉണ്ടാവുകയുള്ളൂ. ഒരിക്കലും ആ വീഡിയോ ഇത്രയും വൈറലാകുമെന്ന് കരുതിയതല്ല.
ഡയമണ്ട് പ്ലേ ബട്ടൺ കിട്ടിയത്
കേരളത്തിലെ നാലാമത്തെ ഡയമണ്ട് പ്ലേ ബട്ടൺ കിട്ടിയത് ഞങ്ങള്‍ക്കാണ്. അതൊക്കെ ഏറെ സന്തോഷത്തോടെ കാണുന്ന കാര്യമാണ്. നമുക്ക് എത്ര സബ്സ്ക്രൈബേർസ് ഉണ്ട് എന്നതിൽ അല്ല, നമുക്ക് കിട്ടുന്ന വ്യൂസ് അനുസരിച്ചാണ് പൈസ കിട്ടുന്നത്. പിന്നെ ഷോർട്ട് വീഡിയോസിന് ലോങ് വീഡിയോസ് ഇടുന്ന അത്രയും വരുമാനം കിട്ടില്ല. ഞങ്ങൾ ലോങ് വീഡിയോസ് ചെയ്യുന്നത് തന്നെ കുറവാണ്. ഷോർട്ട് വീഡിയോസ് ആണ് അധികവും ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവർ അതിനെ ആണ് കൂടുതൽ പ്രമോട്ട് ചെയ്യുന്നത്.
വീട് വെച്ചു, കാര്‍ വാങ്ങി
രണ്ട് വര്‍ഷം മുമ്പ് വരെ ഞാൻ സിവിൽ എഞ്ചിനീയർ ആയിട്ട് വർക്ക് ചെയ്യുകയായിരുന്നു. ഏകദേശം ഒരു ആറ് കൊല്ലത്തോളം വർക്ക് ചെയ്തു. ജോലിയില്‍ നിന്നും ഇറങ്ങുന്ന സമയത്ത് 18000 രൂപ ആയിരുന്നു ശമ്പളം. അതില്‍ ആറായിരം രൂപ വാടകയ്ക്ക് വേണ്ടി കൊടുക്കണമായിരുന്നു. ഇന്ന് ഇപ്പോള്‍ ശരിക്കും നല്ലൊരു ജീവിതം തന്നെയാണ് നയിക്കുന്നത്. ഞങ്ങള്‍ വീട് വെച്ചു, കാര്‍ വാങ്ങി. എല്ലാം നൽകിയത് സോഷ്യൽമീഡിയ ആണ്.
ഞങ്ങൾ പ്രെഗ്നന്റാണ് !
ഞങ്ങൾ മൂന്നുപേർക്കും ഇടയിലേക്ക് ഒരാൾ കൂടി, നാലാമത് ഒരാൾ എത്തുന്നു. ഞങ്ങൾ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്.
