ഒരുകൂട്ടം പുതുമുഖതാരങ്ങളുമായി തീയറ്ററിലെത്തി മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ശങ്കർ രാമകൃഷ്‍ണൻ ഒരുക്കിയ 18-ാം പടി. ചിത്രം കണ്ട പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് മോഡല്‍ സ്‍കൂളിലെ 12 അംഗ ഗ്യാങിലെ പ്രധാനി ഗിരി. ചിത്രത്തിന്റെ  സുപ്രധാന രംഗങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്‍ചവെച്ച ഈ ചെറുപ്പക്കാരന്റെ  പേര് ജിതിൻ പുത്തഞ്ചേരിയെന്നാണ്. മലയാളി ചുണ്ടിൽ  മൂളുന്ന ഒരു പിടി നല്ല ഗാനങ്ങൾ ഒരുക്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ  മകൻ. ബോളിവുഡിൽ സംവിധാന സഹായിയായി പ്രവർത്തിക്കുന്ന ജിതിൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് 18-ാം പടി.

അഭിനയത്തോടുള്ള തീവ്രമായ ആഗ്രഹമാണ് ജിതിനെ സിനിമയിലെത്തിച്ചത്. അവതരണത്തിന്റെ വൈവിധ്യംകൊണ്ട് ഞെട്ടിച്ച മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലും നായകൻ ജിതിനായിരുന്നു. തിരുവനന്തപുരത്ത് നടന്ന ആക്ടിംഗ് ക്യാമ്പിലൂടെയാണ്  ജിതിൻ  18-ാം പടിയിലെത്തിയത്.

കമൽ സംവിധാനം ചെയ്യുന്ന പ്രണയ മീനുകളുടെ കടലും, ഇടക്കാട് ബറ്റാലിയനുമാണ്  ജിതിൻ ഇപ്പോൾ ചെയ്യുന്ന ചിത്രങ്ങൾ.  പ്രിയദര്‍ശൻ ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാറിലും ഒരു വേഷം ജിതിൻ ചെയ്യുന്നുണ്ട്. അഭിനയരംഗവുമായി തന്നെ മുന്നോട്ട് പോകാനാണ് ഈ ചെറുപ്പക്കാരന്‍റെ തീരുമാനം.